ന്യൂഡൽഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ കൊവിഡ് സ്ഥിരീകരിച്ചത് 46,253 പേർക്ക്. ഇതോടെ ഇതുവരെ ഇന്ത്യയിൽ കൊവിഡ് ബാധിച്ചവരുടെ എണ്ണം 83.13 ലക്ഷമായി. ഒരു ദിവസം 514 പേരാണ് കൊവിഡ് മൂലം മരണമടഞ്ഞതെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.
രാജ്യത്ത് പ്രതിദിന കൊവിഡ് രോഗം ഏറ്റവും കൂടുതൽ റിപ്പോർട്ട് ചെയ്‌തത് കേരളത്തിലാണ്. 6862 പേർക്കാണ് കഴിഞ്ഞ ദിവസം സംസ്ഥാനത്ത് കൊവിഡ് സ്ഥിരീകരിച്ചത്. രാജ്യത്ത് തുടർച്ചയായി പത്താം ദിവസവും കൊവിഡ് പ്രതിദിന കണക്ക് 50,000ൽ താഴെയെത്തിയത് നേട്ടമായാണ് കേന്ദ്ര ആരോഗ്യമന്ത്രാലയം കാണുന്നത്.
6725 പേർക്ക് രോഗം സ്ഥിരീകരിച്ച ഡൽഹിയിൽ ആകെ രോഗബാധിതരുടെ എണ്ണം നാല് ലക്ഷമായി. ഇവിടെ ടെസ്‌റ്റ് പോസിറ്റിവിറ്റി നിരക്ക് 11.29 ശതമാനമാണ്. 59,540 ടെസ്‌റ്റുകളാണ് സംസ്ഥാനത്ത് നടത്തിയത്. ഇതാദ്യമായാണ് ഇവിടെ പ്രതിദിന രോഗികളുടെ കണക്ക് 6000 കടക്കുന്നത്. മുൻപ് പൂനെയിലായിരുന്നു പ്രതിദിന കൊവിഡ് കണക്കിൽ മുൻപിൽ. സെപ്‌തംബർ 10ന് രേഖപ്പെടുത്തിയ 5939 ആയിരുന്നു അത്.
ലോകമാകെ 4.72 കോടി ജനങ്ങൾക്കാണ് ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചത്. 12.1 ലക്ഷം പേർ മരണമടഞ്ഞു. തിരഞ്ഞെടുപ്പ് നടക്കുന്ന അമേരിക്കയിൽ രോഗം വർദ്ധിക്കുമെന്നാണ് കണക്കാക്കുന്നത്. യൂറോപ്പിലും അതിവേഗം രോഗം പടരുകയാണ്. 5.5 ലക്ഷം ആക്‌ടീവ് കേസുകളാണ് ഇന്ത്യയിലുളളത്. 76 ലക്ഷം പേർത്ത് രോഗമുക്തി നേടാനായി. 76,03,121 പേർ രോഗമുക്തി നേടി. 91.96 ശതമാനമാണ് രോഗമുക്തി നിരക്ക്.