വയറിളക്കം വളരെ സാധാരണമായ ഒരു ആരോഗ്യപ്രശ്നമാണ്. വയറിളക്കമുണ്ടാവാനുള്ള കാരണങ്ങൾ, ചികിത്സ, അസുഖമുണ്ടായാൽ തടയാൻ എന്തുചെയ്യണം എന്നീ കാര്യങ്ങൾ നമുക്കറിയാൻ ശ്രമിക്കാം. മുലപ്പാൽ കുടിക്കുന്ന കുഞ്ഞുങ്ങൾക്ക് പൊതുവെ മലം അയഞ്ഞിട്ടാണ് പോവുക. പക്ഷേ ശിശുക്കളുടെയോ ചെറിയ കുഞ്ഞുങ്ങളുടെയോ മലം പെട്ടെന്ന് വെള്ളം പോലെയാവുക, കൂടുതലാവുക, ഇടയ്ക്കിടെ പോവുക, രക്തമോ കഫമോ പഴുപ്പോ മലത്തിനൊപ്പം കാണുക, വയറിളക്കത്തിന്റെ കൂടെ പനി, വയറുവേദന, ഛർദ്ദി എന്നിവയുണ്ടാവുക എന്നിങ്ങനെയുള്ള സന്ദർങ്ങളിൽ അടിയന്തിര ചികിത്സ വേണ്ടിവരും. വലിയവർക്കും കുട്ടികൾക്കും തുടർച്ചയായ വയറിളക്കവും ഛർദ്ദിയും ഉണ്ടായാൽ നിർജ്ജലീകരണം ഉണ്ടാവുകയും രോഗം ഗുരുതരമാവുകയും ചെയ്യും.
കാരണങ്ങൾ
വയറിളക്കം ഉണ്ടാവാൻ പല കാരണങ്ങളുണ്ട്. ഭക്ഷ്യവിഷബാധ, യാത്രക്കാർക്കുണ്ടാവുന്ന വയറിളക്കം തുടങ്ങിവയ്ക്ക് കാരണം വൈറസ്, ബാക്ടീരിയ, പരജീവികൾ എന്നിവ കൊണ്ടുള്ള അണുബാധയാണ്. പാൽപോലുള്ള ചില ഭക്ഷ്യപദാർത്ഥങ്ങളോടുള്ള അലർജിയും വയറിളക്കം ഉണ്ടാക്കാറുണ്ട്. മുതിർന്നവരിലും ശിശുക്കളിലും ചെറിയ കുട്ടികളിലും വയറിളക്കമുണ്ടാവാൻ പ്രധാന കാരണം വൈറസ് കൊണ്ട് കുടലിലും വയറ്റിലുമുണ്ടാവുന്ന അണുബാധയാണ്. പല്ലുവരുന്ന സമയത്തും ശിശുക്കൾക്കും വയറിളക്കമുണ്ടാവാം.ഇടയ്ക്കിടെ വെള്ളം പോലെ മലം പോവുക, വയറുവേദന, ഛർദ്ദി, വിശപ്പുകുറവ്, ക്ഷീണം മുതലായവയാണ് പ്രധാനപ്പെട്ട ലക്ഷണങ്ങൾ. താഴെപ്പറയുന്ന ലക്ഷണങ്ങൾ ശിശുക്കളിൽ (പ്രത്യേകിച്ചും ആറുമാസത്തിൽ കുറവ് പ്രായമുള്ള ശിശുക്കളിൽ) കാണുകയാണെങ്കിൽ ഉടനെ ഡോക്ടറെ കാണുകയും അടിയന്തര ചികിത്സ നൽകുകയും വേണം.
പ്രതിവിധി ഇങ്ങനെ
* തൈര്: വയറിളക്കമുണ്ടായാൽ വീട്ടിൽ പുതുതായി ഉണ്ടാക്കിയ തൈര് കഴിക്കാൻ കൊടുക്കുന്നത് നല്ലതാണ്. തൈരിലുള്ള നല്ല ബാക്ടീരിയ വയറിളക്കം കുറയ്ക്കാൻ സഹായിക്കും. ചില ആന്റിബയോട്ടിക് മരുന്നുകൾ കഴിക്കുമ്പോഴുണ്ടാവുന്ന വയറിളക്കത്തിനും തൈര് കൊടുക്കുന്നത് നല്ലതാണ്.
* വാഴപ്പഴം: വയറിളക്കമുണ്ടെങ്കിൽ വാഴപ്പഴം നൽകാം. അതിലുള്ള ഒരു തരം നാരും പൊട്ടാസ്യവും വയറിളക്കം നിയന്ത്രിക്കുവാൻ സഹായിക്കുന്നു.
* ഇഞ്ചി: ഭക്ഷ്യവിഷബാധ കൊണ്ടുള്ള വയറുവേദന കുറയ്ക്കാൻ ഇഞ്ചി സഹായിക്കും. ഒരു ചെറിയ കഷണം ഇഞ്ചി ചുരണ്ടിയെടുത്ത് ഒരു ടീ സ്പൂൺ തേനിൽ ചേർത്തു കൊടുക്കാം.
* ഉലുവ: അര ടീ സ്പൂൺ ഉലുവയും അര ടീ സ്പൂൺ ജീരകവും വറുത്തുപൊടിച്ച് രണ്ടു ടേ.സ്പൂൺ തൈരിൽ ചേർത്ത് കൊടുക്കണം.
* ചായ: കടുപ്പും കുറഞ്ഞതും പാൽ ചേർക്കാത്തതുമായ കട്ടൻ ചായ, ഗ്രീൻ ടീ എന്നിവ വയറിളക്കം നിയന്ത്രിക്കും.
* കഞ്ഞി: നമ്മുടെ നാട്ടിൽ വയറിളക്കമുള്ള രോഗികൾക്ക് ഭക്ഷണമായി കഞ്ഞിയാണ് കൊടുക്കാറ്. നന്നായി വേവിച്ച ചോറും വെള്ളവും ചേർന്നതിനാൽ കഞ്ഞി എളുപ്പം ദഹിക്കും. അതുകൊണ്ട് വയറിളക്കത്തിന് നല്ലതാണ്.