നിങ്ങളിലുണ്ട് കിളികളും ചിത്രശലഭങ്ങളും എന്നു ബോദ്ധ്യപ്പെടുത്താൻ ആരെങ്കിലും അരികിലുണ്ടെങ്കിൽ ഒരു വിദ്യാർത്ഥിയും ആത്മഹത്യ ചെയ്യില്ല. എന്നിട്ടും ആ വഴിയിൽ വീണുപോകുന്നെങ്കിൽ അതിലേക്കു തള്ളിവിടുന്ന പരിതോവസ്ഥകളോ മനോരോഗമോ ഉണ്ടായിരിക്കണം. കഴിഞ്ഞ ആറു മാസത്തിനിടെ കേരളത്തിൽ കുട്ടികളുടെ ആത്മഹത്യയിലുണ്ടായ വർദ്ധനവ് ചൂണ്ടിക്കാട്ടുന്നത് ഈ അപ്രിയസത്യമാണ്. കേരളത്തിൽ മാത്രമല്ല ഈ അരക്ഷിതാവസ്ഥയുള്ളത്. കൊവിഡ് ലോക്ക്ഡൗണിൽ വീട്ടിലിരുന്ന് ഓൺലൈൻ ക്ലാസുമായി പൊരുത്തപ്പെട്ടു പോകാനാവുന്നില്ലെന്ന് കത്തെഴുതിവച്ചാണ് സെക്കന്തരാബാദിൽ ദേവ യശ്വന്ത എന്ന പ്ലസ് ടു വിദ്യാർത്ഥിനി ജീവനൊടുക്കിയത്.
ഈ വർഷം ജനുവരി മുതൽ ജൂലായ് 31 വരെ കേരളത്തിൽ 158 കുട്ടികൾ ആത്മഹത്യചെയ്തു. എന്നാൽ, കൊവിഡ് കാലമായ മാർച്ച് 23 മുതൽ സെപ്തംബർ ഏഴു വരെ 173 കുട്ടികളാണ് ജീവനൊടുക്കിയത്. 2020 ഒക്ടോബർ 21ന് ഡി.ജി.പി ആർ. ശ്രീലേഖയുടെ നേതൃത്വത്തിലുള്ള സമിതി സർക്കാരിന് സമർപ്പിച്ച റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്. ഒമ്പത് മുതൽ 18 വയസുവരെ പ്രായമുള്ളവർക്കിടയിൽ ആത്മഹത്യാപ്രവണത വർദ്ധിക്കുന്നതായും ഈ പഠനത്തിൽ ചൂണ്ടിക്കാട്ടിയിരുന്നു. ലോകാരോഗ്യ സംഘടനയുടെ കണക്കുപ്രകാരം കേരളത്തിലെ 20 ശതമാനം കൗമാരക്കാരും ഒന്നോ അതിലധികമോ പെരുമാറ്റവൈകല്യങ്ങൾ നേരിടുന്നവരാണ്. ഇപ്പോൾ ലഭ്യമാകുന്ന കണക്കുപ്രകാരം വർഷത്തിൽ ശരാശരി 300 കുട്ടികൾ ആത്മഹത്യചെയ്യുന്ന നിലയിലേക്കാണ് കേരളം വഴുതിപ്പോകുന്നത്.
കൊവിഡ് കാലത്ത് രോഗബാധയേക്കാൾ ആശങ്കപ്പെടുത്തുന്നതാണ് വിദ്യാർത്ഥികളുടെ ആത്മഹത്യ. ഒരു പകവീട്ടലായി അതിനെ കരുതുന്നവരും ജീവിതത്തിൽനിന്ന് ഒളിച്ചോടാനുള്ള വഴിയായി കാണുന്നവരുമുണ്ട്. ബാഹ്യസമ്മർദ്ദങ്ങൾ, ഉത്കണ്ഠ, വിഷാദം, വ്യക്തിത്വത്തിലെ തകരാറ് തുടങ്ങിയവയെല്ലാം ആത്മഹത്യയിലേക്ക് നയിക്കാമെന്നാണ് മനോരോഗവിദഗ്ധർ പറയുന്നത്. ഇത്തരം മനോഗതികൾ നമ്മുടെ കാലം നിരന്തരം ഒരുക്കിക്കൊണ്ടിരിക്കുന്നു. അകാരണമായ പീഡകൾക്ക് മനുഷ്യർ മനുഷ്യരാൽ ഇരയാക്കപ്പെടുന്ന കാലമാണിത്. തന്റെ പിഴയെന്തെന്നറിയാതെ ആശങ്കയിലകപ്പെടുന്ന ഒരാൾക്ക് ദീർഘകാലത്തെ ജീവിതാനുഭവം കൊണ്ട് അതിനെ അതിജീവിക്കാൻ കഴിഞ്ഞെന്നുവരാം. കുട്ടികളുടെ സ്ഥിതി അതല്ല. അനുഭവങ്ങളല്ല അവരെ നയിക്കുന്ന ഗുരു. അനുഭവങ്ങൾക്കപ്പുറം വളരുന്ന മനസും സ്വാഭാവികവളർച്ച മാത്രമുള്ള ബുദ്ധിയുമായാണ് അവർ പ്രശ്നങ്ങളെ അഭിമുഖീകരിക്കുന്നത്. എല്ലാം അറിയാം, അച്ഛനേക്കാൾ, അമ്മയേക്കാൾ, അമ്മാവനെയും അദ്ധ്യാപകരേയുംകാൾ എന്നൊരു വിചാരലോകമാണ് പുതിയ കാലത്തെ കുട്ടികളെ പലപ്പോഴും നയിക്കുന്നത്. വേദനയുണ്ടാക്കുന്ന ഒരനുഭവം പെട്ടെന്ന് വന്നുപെടുമ്പോൾ അതിനെ അതിജീവിക്കാനുള്ള ആത്മബലം നൽകുന്നതല്ല ഈ പരിമിതബോധം.
ഒഴിവുദിനങ്ങൾ ഉല്ലാസവേളകളായിരുന്നു കുട്ടികൾക്ക്. ഓണവും ക്രിസ്മസും പൂജവയ്പും ബക്രീദുമെല്ലാം അവർക്ക് ആഹ്ലാദത്തിന്റെ പൂക്കാലമധുരം പകർന്നിരുന്നു. കൊല്ലപ്പരീ
കണ്ടും കേട്ടും വായിച്ചും പരിശീലിച്ചും പരുവപ്പെടുത്തിയ ജീവിത സങ്കല്പങ്ങളുണ്ട് മനുഷ്യർക്ക്. എക്കാലത്തും അതുണ്ടായിരുന്നു. ഇപ്പോൾ യുവാക്കളും വയോധികരുമായാണ് കുട്ടികൾ ജനിക്കുന്നതെന്നുപോലും തോന്നിപ്പോകും. ശിശുവായി കിന്നാരം പറയുന്ന കുട്ടികളെയല്ല, വലിയ വായിൽ പൊണ്ണത്തരം വിളമ്പുന്ന കുട്ടികളെയാണ് പുതിയ കാലം കാണുന്നത് .അതിലെന്തോ മഹത്വമുണ്ടെന്നാണ് മാദ്ധ്യമവിചാരങ്ങളിലും കാണുന്നത്. നമ്മുടെ വീടുകളിലെ ഘടനകൾ മാറിയതും ബാല്യത്തിന്റെ സ്വാഭാവിക നൈർമ്മല്യം മൊബൈൽ ഫോണിലും ലാപ്ടോപ്പിലും തകർന്നടിയുന്നതും കാണുന്നതേയില്ല. സദാനേരവും മൊബൈൽ ഫോണിൽ അഭിരമിക്കുന്ന കുട്ടികൾ ഓൺലൈൻ ക്ലാസ് വന്നപ്പോൾ മുഖം തിരിക്കുന്നതും നമ്മൾ കാണുന്നു. രോഗഭീതിയേക്കാൾ ആശങ്കപ്പെടുത്തുന്നതാണ് ഈ അവസ്ഥ. വീട്ടിൽ കിട്ടാത്ത സ്നേഹവും സ്വാതന്ത്ര്യവും ആഹ്ലാദവും വിദ്യാലയങ്ങളിലും അവിടെ രൂപപ്പെടുന്ന കൂട്ടുകെട്ടിലും കണ്ടെത്തുകയാണ് പുതിയ തലമുറ .അതുവഴി രൂപപ്പെട്ടുവരുന്ന അപകടങ്ങളെക്കുറിച്ച് പറഞ്ഞു പോയാൽ അവരെ പഴഞ്ചന്മാരായോ വിവരദോഷികളായോ പുരോഗമന ചിന്തയില്ലാത്തവരായോ ചിത്രീകരിക്കാനാണ് പലരും താത്പര്യം കാട്ടുക. പക്ഷേ, കൊവിഡ് കാലത്ത് എന്തുകൊണ്ട് ഇത്രയേറെ വിദ്യാർത്ഥികൾ ജീവനൊടുക്കി എന്നതിന്റെ കാരണം പറയാൻ അത്യന്താധുനിക പുരോഗമനവാദത്തിന്റെ മൊത്തക്കച്ചവടക്കാർക്ക് കഴിയുന്നില്ല. കുട്ടികൾക്കുവേണ്ടത്, ഏതാവശ്യവും അല്ലലില്ലാതെ നിറവേറ്റാനുള്ള പണമല്ല. ഏതുനേരവും എവിടെയും ഇറങ്ങിപ്പോകാനുള്ള സ്വാതന്ത്ര്യവുമല്ല. എന്തെങ്കിലും ജോലിചെയ്യാൻ സന്നദ്ധതയുള്ള ആരുടെ മക്കൾക്കും ഈ കൊവിഡ് കാലത്തും പണത്തിന് കാര്യമായ പഞ്ഞമില്ല. പിന്നെന്താണ് കുട്ടികൾക്കു വേണ്ടത്? ജോലിത്തിരക്കില്ലാതെ ശമ്പളം ലഭിക്കുന്നവർകൂടി ഉൾപ്പെടുന്ന ഈ കൊവിഡ്കാലത്ത് അതിന് ഉത്തരം കണ്ടെത്താൻ അല്പം സമയം നീക്കിവയ്ക്കാം.
'ഗേഹത്തെക്കാൾ സ്വത്തിനെക്കാളുമച്ഛൻ
സ്നേഹിച്ചീടുന്നമ്മയെക്കാളുമെന്നെ
ആഹാ! വാച്ചേറുന്നു കൂറിന്നെനിക്കും
ദേഹം രണ്ടീ ഞങ്ങളൊന്നാണു നൂനം'- മഹാകവി കുമാരനാശാൻ 'അച്ഛൻ' എന്ന കവിതയിൽ എഴുതിയ ഈ വരികൾ ഓർമ്മിക്കാം. അച്ഛനെക്കുറിച്ചെന്നല്ല, അമ്മയെക്കുറിച്ചും ഗുരുക്കന്മാരെക്കുറിച്ചും ഓർക്കുമ്പോഴും കുട്ടികൾക്ക് ഇതുപോലെ സ്നേഹനൈർമ്മല്യവും ആനന്ദവും അനുഭവപ്പെടണം. അതിനാവട്ടെ നമ്മുടെ പ്രാർത്ഥന.