തിരുവനന്തപുരം : തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളിൽ തെരഞ്ഞെടുപ്പിന്റെ പടിവാതിൽക്കൽ നിൽക്കവേ ഒരു ഇടവേളയ്ക്ക് ശേഷം വീണ്ടും തലപൊക്കുന്ന വിമതശബ്ദങ്ങളിൽ ശോഭനഷ്ടപ്പെട്ട് ബി ജെ പി. കെ. സുരേന്ദ്രന്റെ നേതൃത്വത്തിലുള്ള സംസ്ഥാന നേതൃത്വം വേണ്ടവിധത്തിൽ പരിഗണിക്കുന്നില്ല എന്ന പരാതിയുയർത്തിയാണ് ഒരു വിഭാഗം പരസ്യമായ പ്രതികരണത്തിലേക്ക് നീങ്ങുന്നത്. എതിർ ശബ്ദങ്ങൾ മാദ്ധ്യമങ്ങളിലൂടെ പുറത്ത് വിടുന്ന രീതി ബി ജെ പിയിൽ സാധാരണയായി ഉണ്ടാകാറില്ല, എന്നാൽ ഈ പതിവ് തെറ്റിച്ചാണ് ഒരാഴ്ചയ്ക്ക് മുൻപ് ബി ജെ പിയിലെ മുതിർന്ന നേതാക്കളായ ശോഭ സുരേന്ദ്രനും, പി എം വേലായുധനും രംഗത്ത് വന്നത്. ഇതിൽ പരസ്യമായി പ്രതികരിക്കുവാൻ കെ സുരേന്ദ്രൻ തയ്യാറായിരുന്നില്ല. സ്ഥാനമാനങ്ങൾ സംബന്ധിച്ച് ആർക്കെങ്കിലും പരാതിയുണ്ടെങ്കിൽ അക്കാര്യം കേന്ദ്ര നേതൃത്വത്തെ ധരിപ്പിക്കുമെന്ന ഒറ്റവരി മറുപടിയിൽ വിവാദങ്ങൾക്ക് വിരാമമിടുകയാണ് അദ്ദേഹം ചെയ്തത്.
വരുന്ന തദ്ദേശ തെരഞ്ഞെടുപ്പിൽ ശക്തമായ പ്രകടനം കാഴ്ചവയ്ക്കുവാനുള്ള ഒരുക്കങ്ങളുമായി മുന്നോട്ട് പോവുകയാണ് ബി ജെ പി സംസ്ഥാന നേതൃത്വമിപ്പോൾ. ആറായിരം വാർഡുകളിൽ ശക്തമായ വോട്ടുബാങ്കുണ്ടെന്ന് കണക്കാക്കുന്ന നേതൃത്വം മുൻതെരഞ്ഞെടുപ്പുകളിൽ നേടിയതിന്റെ ഇരട്ടി സീറ്റുകൾ സ്വന്തമാക്കുവാനുള്ള തന്ത്രങ്ങളാണ് ഒരുക്കുന്നത്. എന്നാൽ അണികളിൽ ഇപ്പോഴത്തെ പടലപ്പിണക്കങ്ങളിൽ അസ്വസ്ഥരാണ്. പദവികൾ ലഭിക്കുന്നതിൽ നിന്നും തങ്ങളെ തഴഞ്ഞു എന്ന ബാലിശമായ അഭിപ്രായങ്ങൾ മാദ്ധ്യമങ്ങളുടെ മുൻപിൽ തുറന്ന് പറയുന്നതാണ് ഇതിന് കാരണം. ഇതിന് പിന്നാലെ പരാതിക്കാർ പാർട്ടിവിടുമെന്ന അഭ്യൂഹങ്ങളും ചില മാദ്ധ്യമങ്ങളിൽ റിപ്പോർട്ടായി. വിമത നേതാക്കൾക്കെതിരെ അച്ചടക്ക നടപടി വേണമെന്ന ആവശ്യവും പാർട്ടിയിൽ ശക്തമാണ്. എന്നാൽ ഇതിന് ശ്രമിക്കാതെ തിരഞ്ഞെടുപ്പ് വേളയായതിനാൽ എതിർ ശബ്ദങ്ങളെ അവഗണിച്ച് സംഘടനാ പ്രവർത്തനം ശക്തമാക്കുന്നതിലാണ് നാതൃത്വം ശ്രദ്ധചെലുത്തുന്നത്.
പാർട്ടിയിൽ പുനസംഘടന നടന്നപ്പോൾ നേതാക്കളെ തിരഞ്ഞെടുക്കുന്നതിന് കൃത്യമായ മാർഗനിർദ്ദേശം കേന്ദ്രം നൽകിയിരുന്നു. യുവാക്കൾക്ക് മുന്തിയ പരിഗണന നൽകുക, തുടർച്ചയായി ഭാരവാഹികളാകുന്നവരെക്കാൾ പരിഗണന അല്ലാത്തവർക്ക് നൽകുക, സാമ്പത്തികാരോപണങ്ങൾ നേരിടുന്നവരെയും സംഘടനാ വിരുദ്ധ പ്രവർത്തനം നടത്തിയവരെയും ഒഴിവാക്കുക, വ്യക്തിജീവിതത്തിൽ ധാർമ്മിക മൂല്യങ്ങൾ പിന്തുടരുന്നവർക്ക് പരിഗണന നൽകുക, നിരവധി തവണ ഭാരവാഹികളായ 70 വയസു കഴിഞ്ഞവരെ ഒഴിവാക്കുക തുടങ്ങിയ നിർദ്ദേശങ്ങളാണ് കേന്ദ്രം മുന്നോട്ടുവച്ചത്. ഇതെല്ലാം പരിഗണിച്ചായിരുന്നു പാർട്ടിയിൽ പുനസംഘടന നടപ്പിലാക്കിയത്. അതിനാൽ തന്നെ പരാതിക്കാർക്ക് കേന്ദ്രത്തിൽ നിന്നും അനുകൂലമായ തീരുമാനം ഉണ്ടാകാൻ സാദ്ധ്യത കുറവാണ്. അതേസമയം ഇപ്പോഴുണ്ടായ പ്രശ്നങ്ങൾ വളരാതെ സംസ്ഥാന തലത്തിൽ തന്നെ ഒത്തുതീർപ്പാക്കുവാൻ ആർ എസ് എസ് നേതൃത്വത്തിന്റെ ഇടപെടലും ഉണ്ടാകാൻ സാദ്ധ്യതയുണ്ട്.