ലക്‌നൗ: ക്ഷേത്രത്തിനുളളിൽ കയറി നാല് യുവാക്കൾ നിസ്‌കരിച്ചതിന് പകരമായി മസ്‌ജിദിൽ കയറി 'ഹനുമാൻ ചാലിസ'( ചൊല്ലിയ നാല് യുവാക്കളെ പൊലീസ് അറസ്‌റ്റ് ചെയ്‌തു. ഉത്തർപ്രദേശിലെ മഥുരയിലായിരുന്നു ഇരു സംഭവങ്ങളും. ബർസാന ഠൗണിലെ മസ്ജിദിലാണ് യുവാക്കൾ ഹനുമാൻ ചാലിസ ചൊല്ലിയത്. സംഭവം പ്രതികളിലൊരാൾ വീഡിയോയിൽ ചിത്രീകരിച്ച് ഫേസ്‌ബുക്കിൽ പോസ്‌റ്റ് ചെയ്‌തിരുന്നു. സാമൂഹിക ഐക്യത്തിനായി ക്ഷേത്രത്തിൽ നിസ്‌കരിക്കുമെങ്കിൽ മസ്‌ജിദിൽ ഹനുമാൻ ചാലിസ ജപിക്കാമെന്ന് ഇയാൾ പറയുന്നത് വീഡിയോയിൽ കേൾക്കാം. അറസ്‌റ്റിലായ യുവാക്കൾ 25 വയസിൽ താഴെയുളളവരാണ്. ബിജെപി നേതാവാണ് ഇവരിലൊരാൾ. മോദി സംഘ്, ആസാദ് സേന എന്നീ സംഘടനകളുടെയും ഭാരവാഹിയാണിയാൾ.
മഥുര സബ് ഡിവിഷണൽ മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ നാല് പ്രതികൾക്കും ജാമ്യം ലഭിച്ചു. രണ്ട് ലക്ഷം രൂപ ജാമ്യത്തിലാണ് ഇവരെ വിട്ടയച്ചത്. ക്ഷേത്രത്തിൽ നമസ്‌കരിച്ച സംഭവത്തിൽ അറസ്‌റ്റിലായവരെ 14 ദിവസത്തേക്ക് ജുഡീഷ്യൽ കസ്‌റ്റഡിയിലേക്ക് വിട്ടു. ഇവരിൽ ഒരാൾക്ക് കൊവിഡ് സ്ഥിരീകരിച്ചതിനാൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.