
പ്രാചീന സർവകലാശാല എന്നു കേട്ടാൽ മനസിലോടിയെത്തുന്നത് നളന്ദ, തക്ഷശില എന്നീ പേരുകളാണ്. പട്നയിൽ നിന്നു രാജ്ഗീറിലേക്കുള്ള യാത്ര. അതിരാവിലെ തന്നെ പുറപ്പെട്ടതിനാൽ ഗംഗാനദിയിൽ നിന്നുള്ള സൂര്യോദയം കാണാനായി. വിശാലജലരാശിയിൽ സ്വർണക്കതിരുകൾ വാരിയെറിയുന്ന കതിരോൻ! ഗയയിലേക്കുള്ള വഴിയിൽ 'പർവത പുരുഷൻ" എന്നു പ്രസിദ്ധനായ ദശരഥ് മഞ്ചിയുടെ സമാധി. അവിടം ഒരു കൊച്ച് അമ്പലമാക്കി മാറ്റിയിരിക്കുന്നു. മാഞ്ചിയുടെ ഭാര്യ വീണു പരിക്കേറ്റപ്പോൾ ആശുപത്രിയിൽ കൊണ്ടുപോകാൻ വഴിയില്ല. ഇരുപത്തിരണ്ടു വർഷം സ്വന്തമായി അദ്ധ്വാനിച്ച് അദ്ദേഹം പണിത 110 മീറ്റർ നീളമുള്ള ചുരംപാത ഗ്രാമീണർക്കു വലിയ അനുഗ്രഹമായി. മാഞ്ചിയെ ഗ്രാമീണർ വീരനായകനായി ആരാധിക്കുന്നു. ആ അമ്പലത്തിനു മുൻപിൽ ഒരാൾ തന്റെ അഞ്ചാറുകുട്ടികളുമായി ഇരുന്നു സമയം പോക്കുന്നു. സ്കൂളിൽ പോകാൻ പ്രായമായ കുട്ടികളും കൂട്ടത്തിലുണ്ട്. എന്റെ കാർ നിറുത്തുമ്പോൾ 'ഏതോ വലിയ ആളുകളാ"ണെന്നു കരുതി ഗ്രാമീണരിൽ ചില പ്രമുഖർവന്ന് ആ ദളിത് കുടുംബത്തോടു മാറി നിൽക്കാൻ പറഞ്ഞു. ഞാനവരോട് വേണ്ട വേണ്ട ഇദ്ദേഹത്തോടു കാര്യങ്ങൾ ചോദിക്കാനാണു ഞാൻ കാർ നിറുത്തിയത് എന്നു പറഞ്ഞപ്പോ ൾ പിന്നെ ഉത്സാഹത്തോടെ സ്ഥലം കാട്ടിത്തരാൻ എല്ലാവരും ഒന്നിച്ചു. മാഞ്ചി നൽകിയ ജീവിത സന്ദേശത്തെ ആരാധനയ്ക്ക് ഉപാധിയാക്കിയ ഗ്രാമീണർ അതു ജീവിതത്തിൽ പകർത്താൻ മറന്നിരിക്കുന്നു. വിദ്യ അഭ്യസിക്കേണ്ടതിന്റെ പ്രാധാന്യം തീരെ മനസിലാക്കാത്ത പാവപ്പെട്ടവർ.
ഗയയിലെ ബോധിവൃക്ഷത്തണലിൽ നിൽക്കുമ്പോൾ എല്ലാറ്റിലും സമത്വം ദർശിച്ച ബുദ്ധദേവന്റെ ജ്ഞാനോദയ വേദിയിൽ കാലു കുത്താനായതിന്റെ കൃതാർത്ഥത. ഏറെ നേരം ആ വൃക്ഷത്തണലിൽ ധ്യാനിച്ചിരുന്നു. രാജ്ഗീറിലെ സർക്കീട്ട് ഹൗസ് വളരെ ഗംഭീരമായി നിർമ്മിച്ചിരിക്കുന്ന ആധുനിക മന്ദിരം. എങ്കിലും പഴയ രാജകീയ മന്ദിരത്തിന്റെ പ്രൗഢി. സിവിൽ എൻജിനിയറായ മുഖ്യമന്ത്രി നിതീഷ്കുമാർ തന്റെ സാങ്കേതിക വൈദഗ്ദ്ധ്യം ഉപയോഗപ്പെടുത്തിയിരിക്കുന്നു. ഗംഗാപാലത്തിന്റേയും രാജ്ഗീർ സർക്കീട്ട് ഹൗസിന്റെയും നിർമ്മാണത്തിൽ എന്ന് ലെയ്സൺ ഓഫീസർ പറഞ്ഞു. ബുദ്ധൻ ആളുകളെ സ്വീകരിച്ചു സംസാരിച്ചിരുന്ന വേണുവനം സർക്കീട്ട് ഹൗസിന് അടുത്താണ്. ബിംബിസാരനെ പുത്രൻ അജാത ശത്രു തടവിലാക്കിയ ജെയിൽ, മഹാഭാരതത്തിലെ പല അവിസ്മരണീയ മുഹൂർത്തങ്ങളും നടന്നു എന്നു വിശ്വിസിക്കപ്പെടുന്ന ആർക്കിയോളജി സൈറ്റുകൾ ഇവയൊക്കെ രാജ്ഗീറിന്റെ പരിസരങ്ങളിലുണ്ട്.
നളന്ദ എന്ന ലോകത്തിലെ ആദ്യത്തെ സർവകലാശാല അഞ്ചാം നൂറ്റാണ്ടിൽ സ്ഥാപിക്കപ്പെട്ടു എന്നു കരുതുന്നു. ഹർഷവർദ്ധൻ 11-ാം നൂറ്റാണ്ടിൽ അതു വിപുലീകരിച്ചുവത്രെ. പതിനായിരം വിദ്യാർത്ഥികളും രണ്ടായിരം അദ്ധ്യാപകരും ഇവിടെ ഉണ്ടായിരുന്നു.'അറിവു നൽകുന്ന സ്ഥലം" എന്നാണ് നളന്ദ എന്ന പദത്തിന് അർത്ഥം. ബക്തിയാർ ഖിൽജി നളന്ദ കത്തിച്ചു. മാസങ്ങളോളം വേണ്ടിവന്നു മുഴുവൻ ഗ്രന്ഥങ്ങളും കത്തിത്തീരാൻ. ഇന്ന് നളന്ദ ലോക പൈതൃകമായി പ്രഖ്യാപിച്ചിരിക്കുന്നു. അവിടത്തെ മ്യൂസിയവും സൈറ്റും കാണുവാൻ ഒരു ഗൈഡിന്റെ സഹായം തേടി. അദ്ദേഹത്തിന്റെ അഗാധ പാണ്ഡിത്യം എന്നെ ആകർഷിച്ചു. റിട്ടയർ ചെയ്ത ചരിത്രാദ്ധ്യാപകനാണദ്ദേഹമെന്ന് എന്നോടു വെളിപ്പെടുത്തിയത് പിരിയുമ്പോൾ മാത്രം. വിദ്യാർത്ഥികൾ ഉപയോഗിച്ചിരുന്ന ഹോസ്റ്റൽ മുറികൾ, രസതന്ത്ര പരീക്ഷണശാല തുടങ്ങി ഓരോ കെട്ടിടാവശിഷ്ടവും കാട്ടി അദ്ദേഹം വിവരിച്ചു തന്നു. ബുദ്ധമതവുമായി ബന്ധപ്പെട്ട ഈ സർവകലാശാലയിൽ ലോകത്തിന്റെ നാനാഭാഗങ്ങളിൽ നിന്നും വിദ്യാർത്ഥികൾ പഠിക്കാനായി എത്തിയിരുന്നുവത്രേ. വളരെ വൃത്തിയായും ഭംഗിയായും സൈറ്റ് സൂക്ഷിച്ചിരിക്കുന്നു. അറിവു പ്രസരിപ്പിച്ചിരുന്ന ആ സ്ഥലത്ത് പ്രസാദാത്മകമായ ഒരു വെളിച്ചമാണ് എനിക്ക് അനുഭവപ്പെട്ടത്. നമ്മുടെ തിരുവനന്തപുരത്തെ കാന്തളൂർശാല (ഇപ്പോഴത്തെ വലിയശാലയും പരിസരവും) എനിക്ക് ഓർമ്മവന്നു. ഒരു പക്ഷേ ആ പരിസരങ്ങൾ പര്യവേഷണം ചെയ്താൽ ഇതുപോലെ ഒരു 'സൈറ്റ് "കാണപ്പെട്ടുകൂടെന്നുണ്ടോ? കാന്തളൂർ ശാല 1000 വർഷം മുൻപ് ഒരു നേവൽ അക്കാഡമിയായിരുന്നു എന്ന് ചില പരാമർശങ്ങളുണ്ട്.
രാജരാജചോളൻ ആക്രമിക്കുകയും ചേരനാട്ടിൽ എന്നോ വെള്ളപ്പൊക്കം വന്നപ്പോൾ ധാന്യങ്ങൾ കാന്തളൂർ ശാലയിൽ എത്തിച്ചു എന്നും ഒരു മതമുണ്ട്. കാന്തളൂർ ശാലയെ കുറിച്ച് കിഷോർ കല്ലാർ എന്നൊരാൾ ഒരു ഡോക്യുമെന്ററി നിർമ്മിച്ചിട്ടുണ്ട്. 2017 ൽ ഫോർട്ട് ജനമൈത്രി പൊലീസ് കാന്തളൂർ ശാലയെക്കുറിച്ച് ഒരു സെമിനാർ സംഘടിപ്പിച്ചതോർക്കുന്നു. ചാർവാകമതം നളന്ദയിൽ നിഷിദ്ധമായിരുന്നെങ്കിൽ കാന്തള്ളൂർ ശാലയിൽ യുക്തിവാദം പഠിപ്പിച്ചിരുന്നു എന്നു ഡോ.ഡി. ബാബു പോൾ പറയുന്നു. വൃക്ഷങ്ങളിൽ തീപ്പന്തമുണ്ടാക്കി അവയെ കപ്പലുകളുടെ നേർക്കു ചായ്ച്ചു കത്തിച്ച് നാവികശാല ചാമ്പലാക്കിയെന്ന് ചില തമിഴ് കഥകളിൽ പറയുന്നു. വിദേശ രാജ്യങ്ങളിൽ നിന്നു വരെ വിദ്യാർത്ഥികൾ പഠനത്തിനായി എത്തിയിരുന്ന കാന്തള്ളൂർ ശാലയുടെ ചരിത്രം, തിരുവനന്തപുരം മുന്തിയ വിദ്യാഭ്യാസകേന്ദ്രമായി ഇന്നും നിലനില്ക്കുന്നതിന്റെ ചരിത്ര പശ്ചാത്തലത്തിലേക്കാണോ വിരൽ ചൂണ്ടുന്നത്? പട്ടണം പ്രദേശത്തു നടന്നതുപോലെയുള്ള ഉദ്ഖനനങ്ങളിലൂടെയും ചരിത്രാന്വേഷണത്തിലൂടെയും മാത്രം കണ്ടെത്താൻ കഴിയുന്ന ഉത്തരങ്ങൾ.