kodiyeri-home

തിരുവനന്തപുരം: ബംഗളൂരു മയക്കുമരുന്ന് കേസിൽ കസ്‌റ്റഡിയിലായ ബിനീഷ് കോടിയേരിയുടെ തിരുവനന്തപുരത്തെ വീട്ടിൽ എൻഫോഴ്‌സ്‌മെന്റ് സംഘത്തിന്റെ പരിശോധന പുരോഗമിക്കുന്നു. രാവിലെ ഒമ്പത് മണിയോടെയാണ് ആറംഗ ഇ.ഡി ഉദ്യോഗസ്ഥർ മരുതംകുഴിയിലെ കൂട്ടാംവിളയിലുള്ള 'കോടിയേരി' എന്ന വീട്ടിൽ എത്തിയത്. എന്നാൽ വീട്ടിൽ ആരുമില്ലായിരുന്നു. താക്കോൽ കിട്ടാത്തതിനാൽ അകത്ത് കയറാനും കഴിഞ്ഞില്ല. തുടർന്ന് ബിനീഷുമായി ബന്ധപ്പെട്ടവരുമായി സംസാരിച്ച ശേഷം ബിനീഷിന്റെ ഭാര്യയടക്കമുള്ളവർ എത്തിയാണ് പരിശോധനയ്ക്ക് തുറന്ന് കൊടുത്തത്.

15 സി ആർ പി എഫ് ജവാൻമാരുടെ സുരക്ഷയിലാണ് ഇ.ഡിയുടെ പരിശോധന. കർണാടക പൊലീസും അന്വേഷണ സംഘത്തിനൊപ്പമുണ്ട്.

നിലവിൽ കോടിയേരി ബാലകൃഷ്ണനും കുടുംബവും ഈ വീട്ടിലില്ല. മയക്കുമരുന്ന് കേസിൽ ബിനീഷ് കുടുങ്ങിയതിന് പിന്നാലെ കോടിയേരിയും കുടുംബവും എ കെ ജി സെന്ററിന് മുന്നിൽ സ്ഥിതി ചെയ്യുന്ന സി പിഎമ്മിന്റെ അധീനതയിലുള്ള ഫ്ളാറ്റിലേക്ക് മാറുകയായിരുന്നു.

5.17 കോടിയുടെ കള്ളപ്പണ ഇടപാട് 2012 മുതൽ 2019 വരെ ബിനീഷ് നടത്തിയെന്നാണ് ഇ.ഡിയുടെ കണ്ടെത്തൽ. ഇതിന്റെ രേഖകൾ ബാങ്കുകളിൽ നിന്ന് ശേഖരിക്കാനും, ബിനീഷിന്റെ വസതിയിലും ബിസിനസ് പങ്കാളികളുടെ വീടുകളിലും സ്ഥാപനങ്ങളിലും പരിശോധന നടത്താനുമാണ് എട്ടംഗ ഇ.ഡി സംഘം ബംഗളൂരുവിൽ നിന്ന് ഇന്നലെ തിരുവനന്തപുരത്തെത്തിയത്. ഇന്നിപ്പോൾ 'കോടിയേരി'ക്ക് പുറമെ, ബിനീഷുമായി ബന്ധമുള്ള ആറ് സ്ഥാപനങ്ങളിൽ ഒരേസമയം റെയ‌്ഡ് നടക്കുന്നുമുണ്ട്.

ബിനീഷിന്റെ സാമ്പത്തിക ഇടപാടുകൾ പരിശോധിക്കുക എന്നതാണ് പ്രധാനമായും ഇ.ഡി. റെയ്ഡിലൂടെ ലക്ഷ്യമിടുന്നത്. ബിനീഷിനെ ചോദ്യം ചെയ്തതിൽ വലിയ രീതിയിലുള്ള പണം ബിനീഷിന്റെ അക്കൗണ്ടിലൂടെ കൈമാറ്റം ചെയ്യപ്പെട്ടതായി കണ്ടെത്തിയിട്ടുണ്ടായിരുന്നു. എന്നാൽ, ഇതിന്റെയൊന്നും ഉറവിടം വ്യക്തമാക്കാൻ ബിനീഷിന് കഴിഞ്ഞിട്ടുമില്ല. മാത്രമല്ല, ആദായ നികുതി അടച്ചതിലും വലിയ വ്യത്യാസം കണ്ടെത്തിയിട്ടുണ്ട്.