amit-shah

ന്യൂഡൽഹി : രണ്ടാം മോദി സർക്കാരിൽ ആഭ്യന്തര മന്ത്രിയായ അമിത്ഷാ പാർട്ടിയുടെ ദേശീയ അദ്ധ്യക്ഷ സ്ഥാനം വച്ചൊഴിഞ്ഞിരുന്നു. തന്ത്രങ്ങളിൽ അമിത്ഷായുടെ പിൻഗാമിയെന്ന വിശേഷണമുള്ള ജെ പി നദ്ദയ്ക്ക് പാർട്ടി അദ്ധ്യക്ഷന്റെ കസേര നൽകിയിട്ടാണ് അമിത്ഷാ മോദി സർക്കാരിന്റെ ഭാഗമായത്. ഇതിന് ശേഷം പാർട്ടി പരിപാടികളിൽ പ്രത്യക്ഷപ്പെടുന്നതിൽ നിന്നും അമിത്ഷാ പിന്നോട്ട് പോയിരുന്നു. ഇപ്പോൾ വോട്ടെടുപ്പ് ആരംഭിച്ച ബീഹാറിൽ ഒരു തെരഞ്ഞെടുപ്പ് പ്രചരണ പരിപാടിയിൽ പോലും അദ്ദേഹം പ്രത്യക്ഷപ്പെട്ടിരുന്നില്ല. പ്രതിപക്ഷത്തെ കടന്നാക്രമിച്ചു പ്രധാനമന്ത്രി നരേന്ദ്ര മോദി ഉൾപ്പടെ റാലികളിൽ പങ്കെടുത്തപ്പോഴാണ് ഇതെന്ന് ഓർക്കണം. എന്നാൽ ബംഗാളിന്റെ കാര്യം വരുമ്പോൾ അമിത് ഷായെ ഇറക്കാതെ തരമില്ലെന്ന കാഴ്ചപ്പാടാണ് പാർട്ടിക്കുള്ളത്. നിയമസഭാ തെരഞ്ഞെടുപ്പിന്റെ പടിവാതിൽക്കലെത്തി നിൽക്കുന്ന ബംഗാളിൽ അമിത്ഷായുടെ പ്രവർത്തനങ്ങൾക്ക് ഇന്ന് തുടക്കം കുറിക്കുകയാണ്.

നിയമസഭാ തെരഞ്ഞെടുപ്പിന് ബിജെപിയെ സജ്ജമാക്കുവാനായി ഇന്ന് വൈകിട്ട് അമിത് ഷാ ബംഗാളിലേക്ക് പോകും. ഇന്ന് രാത്രി എട്ടരയോടെ അദ്ദേഹം കൊൽക്കത്ത അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഇറങ്ങും. പാർട്ടിയുടെ സംഘടനാ തയ്യാറെടുപ്പ് ഉറപ്പിക്കുന്നതിനായിട്ടാണ് രണ്ട് ദിവസത്തെ ബംഗാൾ സന്ദർശനമെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ദശാബ്ദങ്ങളായി ഇടത് കോട്ടയായിരുന്ന പശ്ചിമ ബംഗാളിൽ കഴിഞ്ഞ പത്ത് വർഷമായി മമത ബാനർജിയുടെ ഭരണമാണുള്ളത്. മമതയുടെ നിഴലിലായ സി പി എം ഉയർത്തെഴുന്നേൽപ്പിന് ശ്രമിക്കുന്നുണ്ടെങ്കിലും അപ്രതീക്ഷിതമായി സംസ്ഥാനത്ത് വളർച്ച നേടിയ ബി ജെ പിയുടെ താഴെ മൂന്നാമതായാണ് ഇപ്പോൾ സ്ഥാനം. കഴിഞ്ഞ വർഷം നടന്ന ലോക്സഭ തെരഞ്ഞെടുപ്പിൽ ആകെയുള്ള 42 പാർലമെന്റ് സീറ്റുകളിൽ 18 എണ്ണവും ബിജെപി നേടിയിരുന്നു. ഇതും വരുന്ന നിയമസഭ തിരഞ്ഞെടുപ്പിൽ ശ്രദ്ധചെലുത്താൻ പാർട്ടിയെ പ്രേരിപ്പിക്കുന്നു.

രണ്ട് ദിവസത്തെ സന്ദർശനത്തിൽ പ്രധാനമായും അമിത്ഷാ പാർട്ടിയിലെ മുതിർന്ന നേതാക്കളുമായി ആശയവിനിമയം നടത്തും. സംസ്ഥാനത്ത് പാർട്ടിയുടെ അഞ്ച് ഓർഗനൈസേഷണൽ സോണുകളിൽ നിന്നുള്ള നേതാക്കളുമായും ആശയ വിനിമയം ഉണ്ടാകും. പതിനെട്ടാം നൂറ്റാണ്ടിലെ ഗോത്ര നേതാവായ ബിർസ മുണ്ടയ്ക്ക് ബങ്കുരയിൽ അദ്ദേഹം ആദരാഞ്ജലികളർപ്പിക്കും. സന്ദർശനത്തിന്റെ രണ്ടാം ദിവസമായ നവംബർ ആറിന് ദക്ഷിണേശ്വർ ക്ഷേത്രം സന്ദർശിക്കുന്ന അദ്ദേഹം ആ ദിവസം ഒരു ദളിത് കുടുംബത്തിനൊപ്പമാകും ഉച്ചഭക്ഷണം കഴിക്കുക. ഇതിനൊപ്പം ബംഗാളിലെ സാഹിത്യ ചിന്താമേഖലയിലെ പ്രമുഖരുമായും ആശയവിനിമയം നടത്തിയേക്കും. ഇതിന്റെ ഭാഗമായി പദ്മ ഭൂഷൺ പണ്ഡിറ്റ് അജോയ് ചക്രബർത്തിയെ കാണാൻ അദ്ദേഹം സന്നദ്ധത പ്രകടിപ്പിച്ചിട്ടുള്ളതായും റിപ്പോർട്ടുകളുണ്ട്.

ബംഗാളിൽ സംഘടനാപരമായ ചില പ്രശ്നങ്ങളും ബി ജെ പിയെ അലട്ടുന്നുണ്ട്. ഇതിൽ പ്രധാനം ബിജെപി സംസ്ഥാന
അദ്ധ്യക്ഷൻ ദിലീപ് ഘോഷും വൈസ് പ്രസിഡന്റ് മുകുൾ റോയിയും തമ്മിലുള്ള അസ്വാരസ്യങ്ങളാണ്. പ്രശ്നങ്ങൾ ചർച്ചയിലൂടെ പരിഹരിക്കാനും അമിത് ഷാ ശ്രമിച്ചേക്കും. അടുത്ത അഞ്ച് മാസൾ നിർണായകമാണെന്നും വരും നാളുകളിൽ നിയമസഭാ തെരഞ്ഞെടുപ്പിനുള്ള പ്രചരണം ബി ജെ പി ശക്തമാക്കുവാനും പദ്ധതിയുണ്ട്. ബംഗാളിൽ നിന്നും മടങ്ങിയാലും സംസ്ഥാനത്തെ പാർട്ടി പ്രവർത്തനങ്ങളുടെ ചുക്കാൻ അമിത്ഷാ ഡൽഹിയിലിരുന്ന് നിയന്ത്രിക്കും.