winter-covid

ന്യൂഡൽഹി: കൊവിഡ് രോഗവ്യാപനത്തിന് ചൂട്, തണുപ്പ്കാലം എന്ന വ്യത്യാസമില്ലെന്നും മനുഷ്യസ്വഭാവമാണ് രോഗവ്യാപനത്തിന് കാരണമാകുന്നതെന്നും ഹൈദരാബാദിലെ സെന്റർ ഫോർ സെല്ലുലാർ ആന്റ് മോളിക്കുലാർ ബയോളജി ഡയറക്‌ടർ രാകേഷ് മിശ്ര. രോഗത്തിന് പടരാനുള‌ള കാരണമാകുന്നത് രോഗത്തെ കുറിച്ച് മതിയായ ബോധമില്ലാതെ പെരുമാറുന്നതും അച്ചടക്കമില്ലായ്‌മയുമാണെന്ന് അദ്ദേഹം പറഞ്ഞു.

യൂറോപ്പിൽ നിലവിൽ രോഗത്തിന്റെ രണ്ടാംഘട്ട വ്യാപനം നടക്കുകയാണ്. ഒന്നാം ഘട്ടത്തെക്കാൾ രൂക്ഷമായാകും ഈ വ്യാപനം. രണ്ടാമത് വ്യാപനം തടയാനുള‌ള ഏകമാർഗം കൂടുതൽ ശ്രദ്ധാലുക്കളായിരിക്കുക എന്നതാണ്. മാസ്‌ക് ഉപയോഗിച്ചും, സാമൂഹിക അകലം പാലിച്ചും കൈകൾ ഇടക്കിടെ വൃത്തിയായി സൂക്ഷിച്ചുമാണ് ഇതിന് സാധിക്കുക.

അതേസമയം അമേരിക്കയിലെ ഫുഡ് ആന്റ് ഡ്രഗ് അഡ്‌മിനി‌സ്‌ട്രേഷൻ (യുഎസ് എഫ്ഡിഎ) കൊവിഡ് കണ്ടെത്താനുള‌ള ആന്റിജൻ പരിശോധനയിൽ ചിലപ്പോൾ തെ‌റ്റ് സംഭവിക്കാം എന്ന് സൂചന പുറത്ത്‌വിട്ടു. പരിശോധനയിൽ പാലിക്കേണ്ട നിർദ്ദേശങ്ങൾ ശരിയായി പാലിക്കാതിരുന്നാൽ പരിശോധിക്കപ്പെടുന്നയാൾക്ക് കൊവിഡ് പോസി‌റ്റീവാണെന്ന് തെ‌റ്റായ ഫലം ആന്റിജൻ പരിശോധനയിൽ സംഭവിക്കാം. വൈറസിന്റെ ജനിതക ഘടന പരിശോധിക്കുന്നതിനാൽ ആർടി-പിസിആർ പരിശോധനയിൽ കൃത്യമായ ഫലമാണ് ലഭിക്കുക. കൊവിഡ് 19മായി ബന്ധപ്പെട്ട് വസ്‌തുക്കൾ തെ‌റ്റായ വിവരം നൽകി വി‌റ്റതിന് രണ്ട് കമ്പനികൾക്ക് മുന്നറിയിപ്പ് നൽകിയെന്നും എഫ് ഡി എ അറിയിച്ചു.