കോഴിക്കോട്: കേരള ക്രിക്കറ്റ് അസോസിയേഷനിൽ വൻ അഴിമതി നടക്കുന്നതായും ഒരു വെളളാനയാണ് അസോസിയേഷനെന്നും ആരോപിച്ച് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ.
കോടിക്കണക്കിന് രൂപയുടെ അഴിമതി അസോസിയേഷനിൽ നടക്കുന്നു ഈ പണം ലഹരി ഇടപാടിന് ഉപയോഗിക്കുകയാണെന്നും സുരേന്ദ്രൻ പറഞ്ഞു. ബിനീഷ് കോടിയേരിയുമായി ബന്ധമുളള സ്ഥാപനങ്ങളിൽ ഇന്ന് ഇ.ഡി പരിശോധന നടത്തുകയാണ്. ഇത്തരത്തിൽ പരിശോധന നടത്തുന്നതിൽ ബിനീഷിന്റെ ചങ്ങാതിയും ക്രിക്കറ്റ് അസോസിയേഷന്റെ കണ്ണൂർ ജില്ല സെക്രട്ടറിയുമായ അനസിന്റെ വീട്ടിലും പരിശോധന നടത്തുകയാണ്. ഇയാളുമായി ബിനീഷിന് 2012 വരെ ബിസിനസ് ബന്ധമുണ്ടായിരുന്നു. സുരേന്ദ്രൻ ആരോപിച്ചു.
സി.പി.എമ്മിന്റെ അപചയത്തിന് ഉദാഹരണമാണ് ബിനീഷിനെതിരായ അന്വേഷണമെന്നും സിപിഎം കേന്ദ്ര നേതൃത്വത്തിന് അഴിമതിയിൽ പങ്കുളളതുകൊണ്ടാണ് കോടിയേരിയെയും പിണറായിയെയും സംരക്ഷിക്കുന്നതെന്നും ധാർമ്മികതയുണ്ടെങ്കിൽ ഇവരെ തൽസ്ഥാനത്ത് നിന്നും പുറത്താക്കാൻ പാർട്ടി തയ്യാറാകണമെന്നും സുരേന്ദ്രൻ ആവശ്യപ്പെട്ടു.