സൗന്ദര്യ സംരക്ഷണത്തിനും, അണിഞ്ഞൊരുങ്ങാനുമൊക്കെ പുരുഷന്മാരേക്കാൾ കൂടുതൽ ശ്രദ്ധ സ്ത്രീകൾക്കാണ് എന്ന് പറയാറുണ്ട്. സൗന്ദര്യ വർദ്ധക വസ്തുക്കൾ വാങ്ങുന്ന കാര്യത്തിലും പഴി സ്ത്രീകൾക്കാണ്. എന്നാൽ ഇന്ത്യയിൽ ഇത്തരം ഉത്പന്നങ്ങൾ വാങ്ങുന്ന കാര്യത്തിൽ പുരുഷന്മാരും സ്ത്രീകളെപ്പോലെതന്നെ താൽപര്യം കാണിക്കുന്നുവെന്നാണ് പുതിയ പഠന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
എല്ലാ മാസവും ശരാശരി ഒമ്പത് സൗന്ദര്യവർദ്ധക ഉത്പന്നങ്ങൾ പുരുഷന്മാർ വാങ്ങുന്നുവെന്നാണ് പുതിയ റിപ്പോർട്ട്. ഇത്തരം ഉത്പന്നങ്ങൾ വാങ്ങാൻ ഇന്ന് കൂടുതലായിട്ടും ആളുകൾ ഓൺലൈൻ മാർക്കറ്റുകളെയാണ് ആശ്രയിക്കുന്നത്.
കൂടാതെ 40 ശതമാനം ഉപഭോക്താക്കളും സൗന്ദര്യവർദ്ധക ഉത്പന്നങ്ങളുമായി ബന്ധപ്പെട്ട സംശയങ്ങൾക്ക് ഗൂഗിളിനെയാണ് ആശ്രയിക്കുന്നത്.കൂടാതെ ഇത് ഉപയോഗിച്ചവരുടെ അഭിപ്രായം അറിയാൻ യൂട്യൂബ് വീഡിയോകളെ ആശ്രയിക്കുന്നവരും കുറവല്ല. അമ്പത്തിയാറ് ശതമാനത്തോളം പേരാണ് സമാനമായ ഉത്പന്നങ്ങളുടെ വീഡിയോ കണ്ട് അതിനെ താരതമ്യം ചെയ്യുന്നത്.
മുപ്പത് ശതമാനത്തോളം പേരും ഏത് ഉത്പന്നം വാങ്ങണം എന്ന കാര്യത്തിൽ അന്തിമ തീരുമാനം കൈക്കൊള്ളുന്നത് യൂട്യൂബ്, ഗൂഗിൾ, ഇ കൊമേഴ്സ് വെബ്‌സൈറ്റുകളിലൂടെയാണെന്നും പഠന റിപ്പോർട്ട് വ്യക്തമാക്കുന്നു.18-45 വയസിനിടയിലുള്ള 1,740 ഉപഭോക്താക്കളിലാണ് പഠനം നടത്തിയത്.