കോട്ടയം: ഫേസ് ബുക്കിലൂടെ പരിചയപ്പെട്ട പെൺകുട്ടിയെ വിവാഹ വാഗ്ദാനം നല്കി മാസങ്ങളോളം ലോഡ്ജുകളിലും ടൂറിസ്റ്റ് കേന്ദ്രങ്ങളിലും കൊണ്ടുപോയി പീഡിപ്പിച്ച് ഗർഭിണിയാക്കിയ പത്തൊൻപതുകാരൻ അറസ്റ്റിൽ. കൊല്ലം മദീനമൻസിലിൽ അജിത്തിനെയാണ് മണർകാട് പൊലീസ് അറസ്റ്റ് ചെയ്തത്. ഗർഭിണിയായതോടെ വിവാഹം കഴിക്കണമെന്ന് പെൺകുട്ടി ആവശ്യപ്പെട്ടപ്പോൾ അജിത്ത് ഒഴിഞ്ഞുമാറിയതോടെയാണ് പീഡനവിവരം കാട്ടി മണർകാട് പൊലീസിൽ പരാതി നല്കിയത്. കോടതിയിൽ ഹാജരാക്കിയ യുവാവിനെ റിമാൻഡ് ചെയ്തു.
പത്തൊൻപതുകാരിയാണ് പെൺകുട്ടി. താൻ ഗർഭിണിയാണെന്നും ഉടൻ വിവാഹം നടത്തിയില്ലെങ്കിൽ തന്റെ കുടുംബത്തിനും തനിക്കും നാണക്കേടാവുമെന്നും പെൺകുട്ടി അജിത്തിനെ അറിയിച്ചു. എന്നാൽ, അജിത്ത് മൊബൈൽ ഫോൺ സ്വിച്ച്ഓഫ് ആക്കി സ്ഥലം വിടുകയായിരുന്നു. ഇപ്പോൾ വിളിക്കുമെന്ന് കരുതി ഒരാഴ്ചയോളം പെൺകുട്ടി കാത്തിരുന്നെങ്കിലും മറുപടിയുണ്ടായില്ല. തുടർന്നാണ് പൊലീസിൽ പരാതിപ്പെട്ടത്.
മണർകാട് സ്റ്റേഷൻ ഹൗസ് ഓഫീസർ എ.സി മനോജ്കുമാർ പ്രാഥമിക അന്വേഷണം നടത്തി അജിത്തിനെ കൊല്ലത്തുനിന്ന് പിടികൂടുകയായിരുന്നു. യുവതിയെ കൊണ്ടുപോയ സ്ഥലങ്ങളും ലോഡ്ജുകളുടെ പേരുകളും അജിത് സി.ഐ യോട് വ്യക്തമാക്കി. തുടർന്നായിരുന്നു അറസ്റ്റ്.
എസ്.ഐ അനിൽകുമാർ, സി.പി.ഒ റജി ജോൺ, സിവിൽ പൊലീസ് ഓഫീസർമാരായ ഫ്രജിൻ ദാസ്, വിപിൻ കുമാർ, ശാന്തി എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്.