urumpu-chutney

തിരിച്ചുകടിക്കാത്തതെന്തും കഴിക്കും എന്ന് ഭക്ഷണകാര്യത്തെ പറ്റി പറയുമ്പോൾ ചിലർ വീമ്പിളക്കാറുണ്ട്. എന്നാൽ മുട്ടൻ കടിയുറുമ്പിനെ ഭക്ഷണം ആക്കിയാലോ? കേരളത്തിന്റെ വടക്കേ അതിർത്തിയായ കാസർഗോഡ് ജില്ലയിൽ നീലേശ്വരം എന്ന സ്ഥലത്തിന്റെ മലയോര പ്രദേശത്തെ ജനങ്ങൾക്ക് ഉറുമ്പ് കൊണ്ടുണ്ടാക്കുന്ന ചമ്മന്തി, അവരുടെ സ്പെഷ്യൽ വിഭവമാണ്. മലവെട്ടുവർ, മാവിലർ എന്നീ ആദിവാസി വിഭാഗത്തിൽ പെടുന്ന നാൽപതോളം കുടുംബങ്ങൾ താമസിക്കുന്ന കോളനിയിൽ ഇന്നും പഴയ ഭക്ഷണ സംസ്‌കാരങ്ങൾ നിലനിൽക്കുന്നുണ്ട് എന്നതിന് തെളിവാണ് അവരുടെ ഉറുമ്പ് ചമ്മന്തി.

മലയാളവും തുളു ഭാഷയും ഇടകലർന്ന് സംസാരിക്കുന്ന ഈ വിഭാഗക്കാരുടെ വ്യത്യസ്‌തമായ ഒരു ഭക്ഷണ രീതിയാണ് ഈ പറയുന്ന ഉറുമ്പ് ചമ്മന്തി. കാഞ്ഞിര മരമൊഴികെ ഇവരുടെ സമീപമുള്ള വന പ്രദേശങ്ങളിലെ വൻ മരങ്ങളിൽ വസിക്കുന്ന നീറുകളെയാണ് ഇവർ പ്രധാനമായി ഇതിനുപയോഗിക്കുന്നത്.

ചിക്കൻപോക്‌സ് അഥവാ അഞ്ചാംപനി അടക്കം മനുഷ്യൻ ഭീതിയോടെ കാണുന്ന പല അസുഖങ്ങൾക്കും ദിവ്യ ഔഷധം കൂടിയാണ് ഉറുമ്പ് ചമ്മന്തി. വളരെ പണിപ്പെട്ടാണ് മീർ (നീർ) വർഗത്തിലുള്ള ഉറുമ്പിനെ മരങ്ങളുടെ ഉയർന്ന ചില്ലയിൽ നിന്ന് പിടികൂടുന്നത്. തുടർന്ന് ചൂടാക്കിയ പാത്രത്തിലേക്ക് അവയെ മാറ്റുകയും. വൃത്തിയാക്കലിന് ശേഷം കാന്താരിയും ഉപ്പും അടങ്ങിയ കൂട്ടുകൊണ്ട് ചമ്മന്തി തയ്യാറാക്കുകയുമാണ് ചെയ്യുന്നത്. കഞ്ഞി, കപ്പ എന്നിവയ്‌ക്കൊപ്പം വ്യത്യസ്‌തമായ രുചിയാണ് ഉറുമ്പ് ചമ്മന്തി സമ്മാനിക്കുക.