വാഷിംഗ്ടൺ ഡി സി: വാശിയേറിയ പോരാട്ടം നടക്കുന്ന അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ വിജയം സ്വയം പ്രഖ്യാപിച്ച് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. തിരഞ്ഞെടുപ്പിൽ തന്നെ പിന്തുണച്ചവർക്ക് നന്ദി പറയുന്നതായും. പോസ്‌റ്റൽ ബാലറ്റിലൂടെയുളള വോട്ടുകൾ എണ്ണാനുണ്ടെങ്കിലും അതൊന്നും എണ്ണേണ്ട കാര്യമില്ലെന്നും താൻ വിജയിച്ചതായും ട്രംപ് അവകാശപ്പെട്ടു. പരിപൂർണ വിജയം പ്രഖ്യാപിക്കാനിരിക്കുകയായിരുന്നെന്നും പെട്ടെന്നാണ് ബൈഡൻ തട്ടിപ്പ് നടത്തിയതെന്നും ഇത് അമേരിക്കൻ ജനതയുടെ മുകളിലുളള വഞ്ചനയാണെന്നും ഈ തട്ടിപ്പ് നടക്കാൻ അനുവദിക്കില്ലെന്നും ട്രംപ് പറഞ്ഞു.
രാവിലെ നാല് മണിക്ക് ശേഷം വന്ന വോട്ടുകൾ എണ്ണരുതെന്നും ഇനി വോട്ടെണ്ണൽ നിർത്തണമെന്നും ആവശ്യപ്പെട്ടാണ് ട്രംപ് സുപ്രീംകോടതിയെ സമീപിക്കുന്നത്. മുൻപ് താൻ വിജയിച്ചതായി അറിയിച്ച് ജോ ബൈഡനും മാദ്ധ്യമങ്ങളെ കണ്ടിരുന്നു. നിലവിൽ ഭൂരിപക്ഷത്തിന് വേണ്ട സംഖ്യയായ 270 ന് അടുത്തെങ്ങുമില്ല ട്രംപ്. 213 ഇലക്‌ടറൽ വോട്ടുകളാണ് ട്രംപിന് ലഭിച്ചത്. ബൈഡന് 238 വോട്ടുകൾ ലഭിച്ചിട്ടുണ്ട്. വാഷിംഗ്‌ടൺ, ഓറിഗോൺ,അരിസോണ, കാലിഫോർണിയ,കൊളറാഡോ, ന്യൂമെക്‌സിക്കോ, മിനേസോട്ട, ഇല്ലിനോയിസ്, വിർജീനിയ, മെറിലാന്റ്, ഡെലാവെയർ, ന്യൂജഴ്‌സി, ന്യൂയോർക്ക്, ഹവായ് എന്നിങ്ങനെ സംസ്ഥാനങ്ങളിൽ ബൈഡൻ വിജയിച്ചു.
ടെക്‌സാസ്, ഫ്ളോറിഡ,അലാബാമ,മിസിസിപ്പി, സൗത്ത് കരോലിന,ഒഹിയോ, ഇൻഡ്യാന, ഒക്‌ലഹോമ ഉൾപ്പടെ പ്രധാന സംസ്ഥാനങ്ങളിൽ ട്രംപിനായിരുന്നു വിജയം. വിസ്കോൻസിൻ,മിഷിഗൺ, നോർത്ത് കരോലിന, ജോർജ്ജിയ എന്നീ സംസ്ഥാനങ്ങളിൽ ട്രംപും നെവേഡയിൽ ബൈഡനും ലീഡ് ചെയ്യുകയാണ്. ഇവിടങ്ങളിലെ ഫലം അനുസരിച്ചിരിക്കും വിജയം. പതിമൂന്നോളം സംസ്ഥാനങ്ങളിലെ ഫലം വിജയിയെ പ്രഖ്യാപിക്കുന്നതിൽ നിർണായക പങ്ക് വഹിക്കുന്നതാണ്. ഏഴിടത്തെ ഫലം വന്നിട്ടില്ല. നാലിടത്ത് ട്രംപും രണ്ടിടത്ത് ബൈഡനും മുന്നിട്ട് നിൽക്കുകയാണ്.