beauty

മഞ്ഞുകാലം തുടങ്ങി. ഇനി സൗന്ദര്യത്തിലും മേക്കപ്പിലുമൊക്കെ അല്‌പം കരുതൽ വേണം. ഇതാ ചില ടിപ്‌സുകൾ...

ഉണങ്ങിയ ചർമ്മം ഉള്ളവർ തണുപ്പുകാലങ്ങളിൽ സോപ്പ് ഉപയോഗിക്കാതിരിക്കുകയും അതിന് പകരം കടലമാവോ മ​റ്റോ ഉപയോഗിക്കുന്നതാണ് നല്ലത്. മുഖത്തും കഴുത്തിലും ഉള്ള ചർമ്മ സംരക്ഷണത്തിനായി അൽപം കടലമാവ് തേച്ച് മുഖം വൃത്തിയായി കഴുകുക, അതിന് ശേഷം കുറച്ച് കോൾഡ് ക്രീം മുഖത്തും കഴുത്തിലും പുരട്ടുക. കൈകളിലും കാലുകളിലും ഉള്ള ചർമ്മം ഉണങ്ങാതെ സൂക്ഷിക്കുന്നതിന് ഗ്ലിസറിനും നാരങ്ങാനീരും പനിനീരും ചേർത്ത് കൈകാലുകളിൽ പുരട്ടുക. ഒന്നോ രണ്ടോ മണിക്കൂറിന് ശേഷം പച്ച വെള്ളത്തിൽ കഴുകുക. ചർമ്മം വിണ്ടുകീറുന്ന സ്ഥലത്ത് രണ്ടാഴ്ച തുടർച്ചയായി പാലിന്റെ പാട അര മണിക്കൂർ നേരം തേച്ചുപിടിപ്പിച്ച് കഴുകിക്കളയുക. പുളിയാറില ഇട്ട് കാച്ചിയ മോര് കഴിക്കുന്നതും നല്ലതാണ്. ചുക്ക് കഷായം വെച്ചു കഴിക്കുക. എള്ള് അരച്ച് അതിൽ കുറച്ച് പഞ്ചസാര ചേർത്ത് ആട്ടിൻപാലിൽ കഴിക്കുന്നതും നല്ലതാണ്. ഒരു ടീസ്പൂൺ തേനും, കാൽ ടീസ്പൂൺ കാര​റ്റിന്റെ നീരും ചേർത്ത മിശ്രിതം പുരട്ടി അര മണിക്കൂർ കഴിയുമ്പോൾ ഇളം ചൂടുവെള്ളം കൊണ്ട് കഴുകി കളയുക ഇങ്ങനെ ആഴ്ചയിൽ മൂന്ന് പ്രാവശ്യം ചെയ്യേണ്ടതാണ്. തണുപ്പുകാലത്ത് കാൽ വിണ്ടുകീറുന്നുണ്ടെങ്കിൽ പച്ചമഞ്ഞളും കറിവേപ്പിലയും അരച്ചെടുത്ത് കാലിൽ പുരട്ടി കുറച്ച് സമയം കഴിഞ്ഞാൽ കഴുകി കളയുക ഇങ്ങനെ തുടർച്ചായായി പുരട്ടിയാൽ കാൽ വിണ്ടുകീറുന്നത് മാറിക്കിട്ടും.

ശരീരസംരക്ഷണത്തിന്

കുളിക്കുന്നതിന് മുമ്പായി അൽപം നല്ലെണ്ണയോ ഒലിവ് എണ്ണയോ ചൂടാക്കി ദേഹമാസകലം പുരട്ടി തിരുമ്മുക. അര മണിക്കൂറിന് ശേഷം കുറച്ച് കടലമാവ് ഉപയോഗിച്ച് തേച്ച് കുളിക്കുക. ധാരാളം വി​റ്റാമിൻ എ അടങ്ങിയിട്ടുള്ള ആഹാര പദാർത്ഥങ്ങൾ കഴിക്കുക. കോട്ടൺ വസ്ത്രങ്ങളാണ് മഞ്ഞുകാലങ്ങളിൽ ഉത്തമം. ത്വക്ക് ഉണങ്ങി വരണ്ടുപോയിട്ടുണ്ടെങ്കിൽ കുറച്ച് വെള്ളത്തിൽ ഉപ്പ് കലക്കി ഇരുപത് മിനുട്ട് ബാത്ത് ടബ്ബിൽ കിടക്കുക. അതിനുശേഷം ശരീരത്തിലെ വെള്ളം തുടച്ചുകളഞ്ഞതിന് ശേഷം കുറച്ച് ഒലിവ് എണ്ണ ശരീരത്തിൽ തേച്ച് പുരട്ടുക. ഇങ്ങനെ ദിവസം രണ്ടു പ്രാവശ്യം ചെയ്താൽ നിങ്ങളുടെ ചർമ്മം വരണ്ടുപോകുന്നതിനെ തടയുകയും തണുപ്പ് കാലത്ത് ത്വക്കിന് ഉണ്ടാകുന്ന ചൊറിച്ചിലിനെ അക​റ്റുകയും ചെയ്യുന്നു.