china-pak-

ന്യൂഡൽഹി : ഒരു വർഷത്തിന് മുൻപ് ഇന്ത്യ ജമ്മുകാശ്മീരിനെ സംബന്ധിച്ചുള്ള ഭരണഘടനയിലെ 370 ആർട്ടിക്കിൾ പിൻവലിച്ചപ്പോൾ പാകിസ്ഥാന്റെ ഭാഗത്ത് നിന്നും കനത്ത എതിർപ്പാണുയർന്നത്. ഇന്ത്യ പാക് തർക്കത്തിന്റെ കാരണമായി ജമ്മുവിനെ നിലനിർത്താൻ എന്നും ആഗ്രഹിച്ചിരുന്ന പാകിസ്ഥാനെ സംബന്ധിച്ചിടത്തോളം ഇന്ത്യയുടെ നീക്കം വൻതിരിച്ചടിയായിരുന്നു. എന്നാൽ ഇതിനെക്കാളും ഉപരിയായി ഇന്ത്യ പാക് തുടർ ചർച്ചകളിൽ ജമ്മുവിൽ നിന്നും അനധികൃതമായി കൈവശം വച്ചിരിക്കുന്ന പാക് അധീന കാശ്മീരിൽ ഇന്ത്യ അവകാശവാദം ശക്തമാക്കുമോ എന്നതാണ് പാകിസ്ഥാൻ ഇപ്പോൾ ഭയക്കുന്നത്. ഇതിനെ തടയിടാനായി പാകിസ്ഥാൻ കണ്ടുപിടിച്ച മാർഗമാണ് ചൈനയ്ക്ക് ഈ പ്രദേശങ്ങളിൽ കൂടുതൽ അവകാശം നൽകുക എന്നത്.

പാക് അധീന കാശ്മീരിലൂടെ മാത്രമാണ് പാകിസ്ഥാനും ചൈനയും തമ്മിൽ ബന്ധപ്പെടാനാവുന്നത്. ഗിൽജിത്ത്ബാൾട്ടിസ്ഥാനിലെ പ്രദേശങ്ങൾ വഴി ചൈനയുമായി ഗതാഗത മാർഗങ്ങൾ സ്ഥാപിക്കുവാനും പാകിസ്ഥാൻ താത്പര്യം കാണിക്കുന്നുണ്ട്. എന്നാൽ പാകിസ്ഥാനെക്കാളും ചൈനയ്ക്കാണ് ഇത്തരം പ്രവർത്തനങ്ങളിലൂടെയുള്ള നേട്ടം പ്രത്യക്ഷത്തിൽ ലഭിക്കുന്നതെന്നാണ് വസ്തുത. 1963 ൽ പാകിസ്ഥാൻ കൈവശമിരുന്ന ഷാക്സ്ഗാം വാലി ചൈനയ്ക്ക് കൈമാറിയിരുന്നു. സിൻജിയാങ് മേഖലയിലേക്കുള്ള ഗതാഗതബന്ധങ്ങൾ സ്ഥാപിക്കുന്നതിനായിട്ടാണ് പ്രധാനമായും ചൈന ഈ ഭൂമി പാകിസ്ഥാനോട് ആവശ്യപ്പെട്ടിരുന്നത്. എന്നാൽ ഈ കൈമാറ്റത്തെ ചോദ്യം ചെയ്യാൻ തക്ക ശേഷിയിലായിരുന്നില്ല അന്ന് ഇന്ത്യ. എന്നാൽ ഇപ്പോൾ പാകിസ്ഥാനിൽ നിന്നും അധിനിവേശ കാശ്മീർ ഇന്ത്യ തിരിച്ചു പിടിക്കുമോ എന്നതാണ് നയതന്ത്ര വിദഗ്ദ്ധരടക്കം ഉറ്റുനോക്കുന്നത്. ഇന്ത്യയുടെ ഭാഗത്തുനിന്നും പി ഒ കെയെ കുറിച്ചുള്ള അവകാശ വാദവും വർദ്ധിക്കുകയാണെന്നതാണ് വസ്തുത. ലഡാക്കിൽ ഇന്ത്യ ചൈന സംഘർഷം കനക്കവേ പാക് എയർ സ്ട്രിപ്പുകൾ ചൈനീസ് വിമാനങ്ങൾക്ക് ഉപയോഗിക്കുവാൻ നൽകുമെന്ന അഭ്യൂഹം പരന്നിരുന്നു. എന്നാൽ ഇത്തരമൊരു നീക്കം കണ്ടാൽ ആദ്യം ഇന്ത്യ പിടിച്ചെടുക്കുക പി ഒ കെയാകും എന്നത് തർക്കമല്ലാത്ത കാര്യമാണ്.

പാകിസ്ഥാനിലൂടെയുള്ള ചൈനയുടെ വളർച്ച ഇന്ത്യയെ പോലെ തന്നെ തലവേദനയായിരിക്കുന്നത് അമേരിക്കയ്ക്കാണ്.


പാകിസ്ഥാനിലൂടെ മികച്ചൊരു വ്യാപാര മാർഗമാണ് ചൈനയ്ക്ക് തുറന്ന് കിട്ടിയിരിക്കുന്നത്. അറേബ്യൻ കടലിലേക്കും അതിലൂടെ മിഡിൽ ഈസ്റ്റിലേക്കും മറ്റ് രാജ്യങ്ങളലേക്കും അനായാസം ചൈനയ്ക്ക് പ്രവേശിക്കാനാകും. ഇതു കൂടാതെ മലാക്ക കടലിടുക്കിലൂടെയുള്ള പ്രവേശനം ഏതെങ്കിലും സാഹചര്യത്തിൽ തടസപ്പെട്ടാൽ ഒരു ബാക്കപ് പ്ലാനായും ഇത് ചൈനയ്ക്ക് ഉപയോഗിക്കുവാനാകും. അതേ സമയം ഇന്ത്യ പി ഒ കെ പിടിച്ചെടുത്താൽ ഇപ്പോഴുള്ള ഈ മുൻതൂക്കം ചൈനയ്ക്ക് നഷ്ടമാകും. അടുത്തിടെ ചൈനയുമായി ഇന്ത്യയുടെ ബന്ധം വഷളായപ്പോൾ കലവറയില്ലാത്ത പിന്തുണയുമായി അമേരിക്ക ഓടിയെത്തിയതും ഈ പശ്ചാത്തലത്തിൽ കൂട്ടിവായിക്കേണ്ടതാണ്.

അതേസമയം ചൈനയ്ക്ക് വേണ്ടി എന്തും ചെയ്യാമെന്ന നിലയിലാണ് പാകിസ്ഥാനിലെ ഇമ്രാൻ ഖാന്റെ ഭരണകൂടം ഇപ്പോൾ. ചൈനയുടെ മേധാവിത്വമാണ് ഇപ്പോൾ പാകിസ്ഥാനിലുടനീളം കാണാനാവുന്നത്. പാകിസ്ഥാന്റെ സംസ്‌കാരത്തിലേക്കും അവർ കടന്നുകയറാൻ ആരംഭിച്ചിരിക്കുന്നു. ചൈനീസ് പൗരൻമാരുള്ള പാകിസ്ഥാനിലെ പ്രത്യേകിച്ച് ചൈനപാകിസ്ഥാൻ സാമ്പത്തിക ഇടനാഴി (സിപിഇസി) കടന്നുപോകുന്ന ഇടങ്ങളിൽ പന്നിവ്യാപാരം ആരംഭിക്കുന്ന കാഴ്ചകൾ ആ രാജ്യത്ത് ഇന്ന് പരസ്യമായി കാണാനാകും, അടുത്തിടെ ചൈനീസ് ഉദ്യോഗസ്ഥരെ സൈനിക വാഹനത്തിൽ വേശ്യാലയത്തിലേക്ക് കൊണ്ട്‌പോകാൻ നിർബന്ധിച്ച റിപ്പോർട്ടുകളും പുറത്തുവന്നിരുന്നു. പാകിസ്ഥാനിലെ ജനതയുടെ എതിർപ്പ് അവഗണിച്ച് ചൈനയ്ക്കായി ഭൂമിയേറ്റെടുക്കുന്ന പ്രശ്നങ്ങളും ചൈനയോടുള്ള വെറുപ്പ് പാകിസ്ഥാനികളുടെ മനസിൽ നിറയ്ക്കുന്നുണ്ട്.

പാകിസ്ഥാന്റെ വ്യാപാരമേഖലയിലും ചൈനയുടെ കടന്നുകയറ്റം പ്രകടമാണ്. പാക്കിസ്ഥാനിലെ വിപണികൾ ചൈനീസ് ഉത്പന്നങ്ങളാൽ നിറഞ്ഞിരിക്കുകയാണ്. ചൈനീസ് ബാങ്കുകളും പാകിസ്ഥാന്റെ മണ്ണിൽ പിടിമുറുക്കുന്നുണ്ട്. അടുത്തിടെ ഇസ്ലാമാബാദിൽ ഒരു ബംഗ്ലാവ് വാടകയ്ക്ക് നൽകുവാനുള്ള പരസ്യത്തിൽ ചൈനക്കാർക്ക് വേണ്ടിയല്ല പരസ്യമെന്ന് ഉടമ പ്രത്യേകം പരാമർശിച്ചിരുന്നത് ചർച്ചയായിരുന്നു. ഇന്ത്യയോടുള്ള അന്ധമായ എതിർപ്പ് പാകിസ്ഥാനെ ചൈനയുടെ കാൽക്കീഴിലാണ് എത്തിച്ചിരിക്കുന്നത്. ചൈനീസ് പദ്ധതികൾ വരുമ്പോൾ പ്രാദേശികമായി ഉയരുന്ന എതിർപ്പുകളെ ഉരുക്കുമുഷ്ടി കൊണ്ട് അടിച്ചമർത്താനാണ് ഇമ്രാൻ ഭരണകൂടം ശ്രമിക്കുന്നത്.

അടുത്തിടെ പാകിസ്ഥാൻ ഗിൽജിത്ബാൾട്ടിസ്ഥാന് പ്രത്യേക പ്രവിശ്യ സ്ഥാനം നൽകിയിരുന്നു. എന്നാൽ ഇവിടെയുള്ള ആളുകൾ ഇതിൽ സന്തുഷ്ടരല്ല. ചൈനയുടെ ഇടപെടലുകൾ തങ്ങൾക്കുമേൽ കൂടുതൽ ഉണ്ടാവുമെന്ന് അവർ ഭയക്കുന്നു. പ്രവിശ്യാ പദവി നൽകാനുള്ള പാക് സർക്കാർ തീരുമാനത്തെ ജെ കെ എൽ എഫ് ഉൾപ്പെടെയുള്ള ചില സ്വാതന്ത്ര്യ അനുകൂല പാർട്ടികൾ എതിർത്തിട്ടുണ്ട്. ഖനനത്തിനായി ചൈനീസ് കമ്പനികൾക്ക് ഭൂമി പാട്ടത്തിനെടുക്കാനുള്ള ഇസ്ലാമാബാദിന്റെ തീരുമാനത്തെയും ജനങ്ങൾ ശക്തമായി എതിർക്കുന്നു. ഇതിനകം മുന്നോറോളം ഖനന പ്രദേശങ്ങൾ ചൈനീസ് കമ്പനികളുടെ നിയന്ത്രണത്തിലാണുള്ളത്.