വാഷിംഗ്ടൺ: അമേരിക്കയിൽ തിരഞ്ഞെടുപ്പ് പോരാട്ടം കൊടുമ്പിരി കൊള്ളുന്നതിനിടെ എങ്ങനെ രാജ്യം വിടാമെന്നതു സംബന്ധിച്ച് ഗൂഗിളിൽ തിരയുകയാണ് ഒരു വിഭാഗം അമേരിക്കക്കാർ. രണ്ടാം തവണയും ജസിന്ത ആർഡേൺ വിജയിച്ച ന്യൂസിലാൻഡിലേയ്ക്ക് പോകുന്നതെങ്ങനെയെന്നാണ് വലിയൊരു വിഭാഗം അമേരിക്കക്കാർ ഗൂഗിളിൽ തിരയുന്നതെന്ന് ഗൂഗിൾ ട്രെൻഡ്സ് ഫലങ്ങൾ സൂചിപ്പിക്കുന്നു.
സ്ത്രീവിരുദ്ധ പരാമർശങ്ങൾ ഉൾപ്പെടെ നടത്തുകയും കൊവിഡ് മഹാമാരിയുമായി ബന്ധപ്പെട്ട് നടത്തിയ പ്രതിരോധ പ്രവർത്തനങ്ങളിലെ വീഴ്ചകളുടെ പേരിലും ട്രംപ് വലിയ വിമർശനം നേരിട്ടിരുന്നു. എന്നാൽ വിവാദ നടപടികൾക്കിടയിലും യു.എസിലെ നിർണായകമായ പല സ്വിങ് സ്റ്റേറ്റുകളിലും ട്രംപിനാണ് വിജയം.
അതേസമയം, ജസീന്ത ആർഡേൺ ന്യൂനപക്ഷ വിഭാഗങ്ങൾക്കും സ്ത്രീകൾക്കും പാർലമെന്റിൽ മികച്ച പ്രാതിനിദ്ധ്യം കൊടുത്തതിന്റെ പേരിൽ വലിയ പ്രശംസ നേടുകയാണ്.
കൊവിഡ് മഹാമാരി ഫലപ്രദമായി രണ്ടുതവണയും നേരിട്ടതും ജസിന്തയ്ക്ക് നേട്ടമായി. How to move to Newzeland
(എങ്ങനെ ന്യൂസിലാൻഡിലേയ്ക്ക് പോകാം) എന്ന കീവേഡാണ് ഇപ്പോൾ യു.എസിൽ ട്രൻഡിംഗിലുള്ളത്. ഈ കീവേഡ് ട്വിറ്ററിലും ട്രെൻഡ് ചെയ്യുന്നുണ്ട്. തീവ്ര വലതുപക്ഷക്കാരനായ ട്രംപ് വിജയം ആവർത്തിക്കുന്ന സാഹചര്യത്തിലാണ് ന്യൂസീലാൻഡ് ഉൾപ്പെടെയുള്ള രാജ്യങ്ങളിലേയ്ക്കുള്ള കുടിയേറ്റ സാദ്ധ്യതകൾ അമേരിക്കക്കാർ തിരയുന്നത്.