trump

ഇലക്ടറൽ വോട്ട്: ട്രംപ് 213,​ ബൈഡൻ 224. വേണ്ടത് 270

വാഷിംഗ്ടൺ: അമേരിക്കയിൽ സമീപകാലത്തെ ഏറ്റവും വാശിയേറിയ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ആകാംക്ഷയും ഉദ്വേഗവും വർദ്ധിപ്പിച്ച് വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ റിപ്പബ്ലിക്കൻ സ്ഥാനാർത്ഥിയും പ്രസിഡന്റുമായ ഡൊണാൾഡ് ട്രംപും ഡെമോക്രാറ്റിക് സ്ഥാനാർത്ഥി ജോ ബൈഡനും ഇഞ്ചോടിഞ്ച് പോരാട്ടത്തിൽ. 46ാം പ്രസിഡന്റ് ആരെന്ന വ്യക്തമായ ചിത്രത്തിന് ഇനിയും കാത്തിരിക്കണം.

വോട്ടെണ്ണൽ ആരംഭിച്ചതു മുതൽ ഇലക്ടറൽ വോട്ടുകളിൽ മുന്നിൽ നിന്ന ബൈഡനെ ഒരു ഘട്ടത്തിൽ ട്രംപ് പിന്നിലാക്കുകയും പിന്നീട് മുന്നിൽ കയറുകയും ചെയ്തിരുന്നു. ആകെയുള്ള 50 സംസ്ഥാനങ്ങളിൽ 41എണ്ണത്തിലെ ചിത്രം വ്യക്തമായപ്പോൾ 23 എണ്ണം ട്രംപിനൊപ്പമാണ്. ഈ സംസ്ഥാനങ്ങളിൽ ട്രംപ് 213 ഇലക്ടറൽ വോട്ട് നേടിയപ്പോൾ 18 സംസ്ഥാനങ്ങളിൽ ജയിച്ച ബൈഡൻ 224 ഇലക്ടറൽ വോട്ട് നേടി മുന്നിലെത്തിയിട്ടുണ്ട്. 538 ഇലക്ടറൽ വോട്ടുകളിൽ 270 വോട്ടാണ് പ്രസിഡന്റാകാൻ വേണ്ടത്.

ഏതാനും ചാഞ്ചാട്ട സംസ്ഥാനങ്ങൾ ഉൾപ്പെടെ ഒൻപത് സംസ്ഥാനങ്ങളിലെ ചിത്രം തെളിയുമ്പോൾ സ്ഥിതി ട്രംപിന് അനുകൂലമാകുമെന്നായിരുന്നു നേരത്തേയുള്ള റിപ്പോർട്ടുകളെങ്കിലും, ഒരുവേള അപ്രതീക്ഷിത ട്വിസ്റ്റ് സംഭവിച്ചേക്കാമെന്നാണ് രാത്രി വൈകി പുറത്തുവരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത്. നിർണായകമായ ഫ്ലോറിഡ (29)​,​ ഓഹയോ (18),​ അയോവ (6)​ ടെക്സാസ് (38)​ ​എന്നിവിടങ്ങളിൽ ജയിച്ചാണ് ട്രംപ് 91 ഇലക്ടറൽ വോട്ടുകൾ നേടിയത്. റിപ്പബ്ലിക്കൻ കോട്ടയായിരുന്ന ടെക്‌സാസ് ഇത്തവണ ബൈഡന്റെ പ്രചാരണത്തിൽ ചാഞ്ചാട്ടം പ്രകടിപ്പിച്ചിരുന്നെങ്കിലും ട്രംപിനൊപ്പം തന്നെ നിന്നു.

ചാഞ്ചാട്ട സംസ്ഥാന പട്ടികയിലെ ജോർജിയ,​ നോർത്ത് കരോളിന,​ പെൻസിൽവേനിയ സംസ്ഥാനങ്ങളിൽ പകുതി വോട്ടുകൾ എണ്ണിയപ്പോൾ ട്രംപ് 50 ശതമാനം കടന്ന് മുന്നിലാണ്. മിഷിഗണിൽ പത്തു ശതമാനം വോട്ടുകൾ എണ്ണാൻ ബാക്കിയുള്ളപ്പോൾ ബൈഡനാണ് മുൻതൂക്കം. 67 ഇലക്ടറൽ വോട്ടുകളുണ്ട്, ഈ സംസ്ഥാനങ്ങളിൽ.

ട്രംപ് സുപ്രീം കോടതിയിലേക്ക്

വിജയാഘോഷത്തിന് ആഹ്വാനം നൽകിയ പ്രസിഡന്റ് ട്രംപ് വോട്ടെണ്ണലിൽ ക്രമക്കേട് ആരോപിച്ച് സുപ്രീംകോടതിയെ സമീപിക്കുമെന്ന് പ്രഖ്യാപിച്ചു. അതേസമയം വിജയത്തിലേക്കുള്ള പാതയിലെന്നാണ് രാത്രി വൈകിയും ബൈഡന്റെ പ്രതികരണം.