മുംബയ് : ഗുരുതരാവസ്ഥയിൽ ബംഗളൂരുവിലെ വിക്രം ഹോസ്പിറ്റലിൽ ഐ.സി.യുവിൽ കഴിഞ്ഞിരുന്ന ബോളിവുഡ് നടൻ ഫറാസ് ഖാൻ ( 46 ) അന്തരിച്ചു. നടി പൂജ ഭട്ടാണ് ട്വിറ്ററിലൂടെ മരണവാർത്ത പുറത്തുവിട്ടത്. ഒക്ടോബർ 8നാണ് ഫറാസിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. വർഷങ്ങളായി ചെസ്റ്റ് ഇൻഫെൻഷൻ ഫറാസിനെ അലർട്ടിയിരുന്നു. ഇത് മസ്തിഷ്കത്തിൽ അണുബാധയ്ക്ക് കാരണമായതോടെയാണ് നില ഗുരുതരമായത്.
അപകടാവസ്ഥയിൽ കഴിഞ്ഞിരുന്ന ഫറാസ് ഖാന്റെ ചികിത്സ മുന്നോട്ട് കൊണ്ട് പോകാൻ സാമ്പത്തിക സഹായം അഭ്യർത്ഥിച്ച് അദ്ദേഹത്തിന്റെ സഹോദരൻ ഷഹ്‌മാൻ ഖാൻ രംഗത്തെത്തിയിരുന്നു. ഫറാസിനെ രക്ഷിക്കാൻ 25 ലക്ഷം രൂപയോളം വേണമെന്ന് ഡോക്ടർമാർ പറഞ്ഞതായി ഷഹ്‌മാൻ ഖാൻ പറഞ്ഞിരുന്നു. ഇതോടെ ഫറാസിന് സഹായ വാഗ്ദാനവുമായി നടി പൂജ ഭട്ട് ഉൾപ്പെടെയുള്ളവർ മുന്നോട്ട് വന്നിരുന്നു. ഫറാസ് ഖാന്റെ ആശുപത്രി ബിൽ അടയ്ക്കാൻ നടൻ സൽമാൻ ഖാനും രംഗത്ത് വന്നിരുന്നു.
ആദ്യകാല നടൻ യൂസുഫ് ഖാന്റെ മകനാണ് ഫറാസ്. സിനിമയിൽ അവസരം കുറഞ്ഞതോടെ ഏതാനും ടി.വി സീരിയലുകളിലും ഫറാസ് അഭിനയിച്ചിരുന്നു. സൂപ്പർ ഹിറ്റ് ചിത്രമായ 'മേനെ പ്യാർ കിയാ'യിൽ ഫറാസ് ഖാനെയായിരുന്നു നായകനാക്കാൻ ആദ്യം ഉദ്ദേശിച്ചിരുന്നത്. എന്നാൽ ആരോഗ്യപ്രശ്നങ്ങൾ കാരണം ഫറാസ് പിന്മാറുകയും ആ സ്ഥാനത്തേക്ക് സൽമാൻ ഖാനെ തിരഞ്ഞെടുക്കുകയുമായിരുന്നു.
90കളുടെ മദ്ധ്യത്തിലും 2000 ത്തിന്റെ തുടക്കത്തിലും ഏറെ ശ്രദ്ധ നേടിയ യുവ നടൻ ആയിരുന്നു ഫറാസ് ഖാൻ. ഫരേബ് ( 1996 ), മെഹന്ദി ( 1998 ), ദുൽഹൻ ബാനു മെയിൻ തേരി ( 1999 ), ചന്ദ് ബുജ് ഗയ ( 2005 ) തുടങ്ങിയവയാണ് പ്രധാന ചിത്രങ്ങൾ.