modi-

രാജ്യവുമായി അതിർത്തി പങ്കിടാത്ത വളരെ അധികം ദൂരെയായി സ്ഥിതി ചെയ്യുന്ന തുർക്കി ഇന്ത്യയുടെ കണ്ണിലെ കരടായി മാറിയത് പാകിസ്ഥാനിലൂടെയാണ്. കാശ്മീർ വിഷയവുമായി ബന്ധപ്പെട്ട് ഐക്യരാഷ്ട്രസഭയിൽ പാകിസ്ഥാൻ അവതരിപ്പിച്ച പ്രമേയത്തിൽ ഇന്ത്യയ്‌ക്കെതിരെ വോട്ട് ചെയ്ത ചുരുക്കം ചില രാജ്യങ്ങളിൽ തുർക്കിയും മലേഷ്യയുമുണ്ടായിരന്നു. ഇസ്ളാമിക ഭരണകൂടങ്ങൾ നിലനിൽക്കുന്ന ഈ രാജ്യങ്ങൾ പാകിസ്ഥാനുമായി ചങ്ങാത്തം കൂടിയത് മതത്തിന്റെ അടിസ്ഥാനത്തിലായിരുന്നു. എന്നാൽ ഇരു രാജ്യങ്ങളുമായി സാമാന്യം നല്ല ബന്ധമായിരുന്നു ഇന്ത്യ പുലർത്തിയിരുന്നത്. എന്നിട്ടും പാക് അനുകൂല നിലപാടിന് ചുട്ട മറുപടി നൽകണം എന്ന് രാജ്യം ഒറ്റക്കെട്ടായി തീരുമാനിക്കുകയായിരുന്നു.

ആദ്യം മലേഷ്യയ്ക്ക്
പാകിസ്ഥാനുമായി കൂട്ടുകൂടിയ മലേഷ്യയ്ക്ക് ചുട്ട മറുപടി നൽകുവാൻ ഇന്ത്യ തീരുമാനിച്ചു. ലോകത്തെ പ്രമുഖ പാംഓയിൽ ഭക്ഷ്യഎണ്ണ ഉത്പാദക രാജ്യമായ മലേഷ്യയിൽ നിന്നും ഉത്പന്നങ്ങൾ വാങ്ങേണ്ടെന്ന് ഇന്ത്യൻ വ്യാപാരികൾ തീരുമാനിക്കുകയായിരുന്നു. ഭക്ഷ്യ എണ്ണ ഇറക്കുമതി വ്യാപാരികൾ ഇത്തരത്തിൽ ഒരു തീരുമാനമെടുത്തതിന്റെ പിന്നിൽ കേന്ദ്രത്തിൽ മൗനസമ്മതമായിരുന്നു എന്നത് പരസ്യമായ ഒരു രഹസ്യമായിരുന്നു. മലേഷ്യയുടെ സമ്പദ് വ്യവസ്ഥയിൽ നിർണായക സ്ഥാനമായിരുന്നു പാംഓയിൽ ഉത്പാദനത്തിനുള്ളത്. ഇന്ത്യയുടെ തന്ത്രം അതിനാൽ തന്നെ ഫലിക്കുന്ന കാഴ്ചയാണ് കാണാനായത്. ഇന്ത്യയുമായുള്ള വ്യാപാര ബന്ധം പൂർവ്വസ്ഥിതിയിലാക്കാൻ മലേഷ്യൻ സർക്കാർ മുൻകൈ എടുക്കേണ്ടി വന്നു. താമസിയാതെ ഇന്ത്യ വിരുദ്ധനായിരുന്ന മലേഷ്യൻ പ്രധാനമന്ത്രിക്ക് അധികാര കസേരയിൽ നിന്നും നീണ്ട വർഷങ്ങൾക്ക് ശേഷം ഒഴിയേണ്ടിയും വന്നു.

തുർക്കിക്ക് പണി ഗ്രീസിലൂടെ
പാകിസ്ഥാനും തുർക്കിയും തമ്മിലുള്ള ഉഭയകക്ഷി ബന്ധം നാൾക്കു നാൾ ദൃഢപ്പെടുന്ന കാഴ്ചയാണുള്ളത്. സൗദിയെ പോലും പിണക്കി തുർക്കിയുമായി ചങ്ങാത്തം കൂടുവാനാണ് പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ താത്പര്യപ്പെടുന്നത് എന്നതാണ് ഏറെ കൗതുകകരം. അടുത്തിടെയായി തുർക്കിയുടെ എഫ് 16 വിമാനങ്ങളിൽ പാക് വൈമാനികരെ ഉപയോഗിച്ച് തുർക്കി പൈലറ്റുമാർക്ക് പരിശീലനം പോലും രഹസ്യമായി നടത്തുന്നതായി വിവരം പുറത്തുവന്നിരുന്നു. തുർക്കിക്ക് പാകിസ്ഥാനുമായി സൗഹൃദം കൂടുമ്പോൾ തുർക്കിയുടെ അയൽ രാജ്യമായ ഗ്രീസ് ഇന്ത്യയുമായി അടുക്കുകയാണ്. ശത്രുവിന്റെ ശത്രു മിത്രമാകുന്ന നയതന്ത്രത്തിനാണ് ഇപ്പോൾ ലോകം സാക്ഷ്യം വഹിക്കുന്നത്. കിഴക്കൻ മെഡിറ്ററേനിയൻ മേഖലയിൽ ഇപ്പോഴുള്ള തർക്കങ്ങളാണ് ഗ്രീസിനെ ഇത്തരമൊരു കൂട്ടുകെട്ടിന്റെ ആവശ്യകതയെ കുറിച്ച് ചിന്തിപ്പിക്കുന്നത്. പ്രാദേശിക, ബഹുരാഷ്ട്ര പ്രശ്നങ്ങളെക്കുറിച്ച് ഇരു രാജ്യങ്ങളിലെയും വിദേശകാര്യ മന്ത്രിമാർ ഒക്ടോബർ 29 ന് ചർച്ച നടത്തിയിരുന്നു. ഓൺലൈനിലായിരുന്നു ഈ ചർച്ച.


കിഴക്കൻ മെഡിറ്ററേനിയനിലെ സമുദ്ര അതിർത്തികൾ സംബന്ധിച്ചും, എണ്ണ പര്യവേഷണത്തിലും തുർക്കിയും ഗ്രീസും തമ്മിൽ തർക്കം നിലനിൽക്കുന്നുണ്ട്. നാറ്റോ സഖ്യത്തിന്റെ ഭാഗമായിരുന്നിട്ടും ഇരു രാജ്യങ്ങളുടെയും ബന്ധം മികച്ചതല്ല. അതേസമയം നിരവധി യൂറോപ്യൻ രാജ്യങ്ങൾ ഗ്രീസിനെ പിന്തുണയ്ക്കുന്നുമുണ്ട്. റഷ്യൻ എസ് 400 വ്യോമ പ്രതിരോധ സംവിധാനം വാങ്ങിയതിലൂടെ തുർക്കി പ്രാദേശിക സന്തുലിതാവസ്ഥ മാറ്റി മറിച്ചിരിക്കുകയാണ്. തുർക്കിയുടെ റഷ്യൻ ഇടപാടുകളിൽ അമേരിക്കയും അസന്തുഷ്ടി രേഖപ്പെടുത്തിയിരുന്നു. ഇതെല്ലാമാണ് ഗ്രീസിനെ ഇന്ത്യയോട് അടുക്കുവാൻ പ്രേരിപ്പിക്കുന്നത്.

ഇരു രാജ്യങ്ങളിലേയും വിദേശകാര്യ മന്ത്രിമാർ തമ്മിലുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം ഗ്രീക്ക് വിദേശകാര്യ മന്ത്രി നിക്കോസ് ഡെൻഡിയാസ് ചെയ്ത ട്വീറ്റിൽ പറയുന്നത് ഇന്ത്യയുടെ വിദേശ നയത്തെ ഗ്രീസ് പിന്തുണയ്ക്കുന്നുവെന്നാണ്. ഇരുരാജ്യങ്ങളുടെയും പ്രതിരോധ വ്യവസായങ്ങൾ തമ്മിലുള്ള സഹകരണം മെച്ചപ്പെടുത്തുന്നതും ചർച്ചചെയ്തു എന്നാണ്.

ഗ്രീസിലൂടെ ഇന്ത്യ ലക്ഷ്യം വയ്ക്കുന്നതെന്ത്
പ്രതിരോധ മേഖലയിലടക്കം ഗ്രീസുമായി ബന്ധം സ്ഥാപിക്കുന്നതിലൂടെ ഇന്ത്യ ചിലത് ലക്ഷ്യം വയ്ക്കുന്നുണ്ട്. പ്രധാനമായും അന്താരാഷ്ട്ര വേദികളിൽ രാജ്യത്തിനെതിരെ നിലപാടെടുക്കുന്നവരോടുള്ള സമീപനം എന്തെന്ന് വ്യക്തമാക്കുകയാണ് ഇതിലൂടെ. ഇന്ത്യയും ഗ്രീസും ഭാവിയിൽ സംയുക്ത നാവിക അഭ്യാസങ്ങളടക്കം നടത്തിയേക്കും. തന്ത്രപരമായ മേഖലയായി കണക്കാക്കപ്പെടുന്ന മെഡിറ്ററേനിയൻ കടലിൽ പോലും ഇന്തോ ഗ്രീക്ക് അഭ്യാസങ്ങൾക്ക് വേദിയായേക്കും.