പത്തനംതിട്ട: അന്വേഷണവുമായി സി.ബി.ഐ ഇവിടേക്ക് വരേണ്ട എന്ന മുഖ്യമന്ത്രിയുടെ തീരുമാനം ഭീരുവിന്റെ നിലവിളിയാണെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ. മാദ്ധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. അന്വേഷണം സത്യസന്ധമായി നീങ്ങിയാൽ മുഖ്യമന്ത്രിയുടെ വസതിയിലേക്കാണ് എത്തിച്ചേരുക.
വയനാട്ടിൽ നടന്ന മാവോയിസ്റ്റ് ഏറ്റുമുട്ടൽ വ്യാജമാണ്. നിരപരാധിയാണ് അവിടെ മരിച്ചുവീണത്. ഈ സർക്കാർ അധികാരത്തിൽ വന്ന ശേഷം 9 വ്യാജ ഏറ്റുമുട്ടലുകളാണ് നടന്നത്. രാഷ്ട്രീയ പ്രതിസന്ധി ഉണ്ടായാൽ ഉടനെ മാവോയിസ്റ്റ് വ്യാജ ഏറ്റുമുട്ടൽ ഉറപ്പാണ്. ഇപ്പോൾ സ്വർണ കള്ളക്കടത്ത് അന്വേഷണവും റെയ്ഡുമൊക്കെ സി.പി.എം നേതാക്കളിലേക്ക് വന്നപ്പോഴാണ് വയനാട്ടിലെ വെടിവയ്പ്പ്. വ്യാജ ഏറ്റുമുട്ടലിനെക്കുറിച്ച് സർക്കാർ തുറന്നു പറയാൻ തയ്യാറാകണമെന്നും മുല്ലപ്പള്ളി പറഞ്ഞു.