us-election

വാഷിംഗ്ടൺ: ഫലപ്രഖ്യാപനം പൂർണമാകുന്നതിന് മുൻപ് തന്നെ വിജയം അവകാശപ്പെട്ട് രംഗത്തെത്തിയിരിക്കുകയാണ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. തിരഞ്ഞെടുപ്പ് തട്ടിപ്പാണെന്ന് ആരോപിച്ച ട്രംപ് ആഘോഷത്തിന് തയ്യാറെടുക്കാൻ പ്രവർത്തകരെ ആഹ്വാനം ചെയ്തു. വോട്ടെണ്ണൽ നിറുത്തിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതിയെ സമീപിക്കുമെന്നും ട്രംപ് പറഞ്ഞു.

എന്നാൽ, വോട്ടെണ്ണൽ നിറുത്തണമെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതിയെ സമീപിക്കാൻ ഒരുങ്ങുന്ന ട്രംപിനെ എന്തുവിലകൊടുത്തും നേരിടുമെന്നാണ് ഡൊമോക്രാറ്റുകൾ അറിയിച്ചിരിക്കുന്നത്. ട്രംപിന്റെ പരാമർശം അന്യായവും കീഴ് വഴക്കമില്ലാത്തതും അബദ്ധവുമാണെന്നാണ് ഡെമോക്രാറ്റിക് സ്ഥാനാർത്ഥി ജോ ബൈഡന്റെ കാമ്പെയ്ൻ മാനേജർ ജെൻ ഒ മാലെ ഡില്ലൺ പുറത്തിറക്കിയ പ്രസ്താവനയിൽ വിശേഷിപ്പിച്ചിരിക്കുന്നത്.

ട്രംപിന്റെ ശ്രമത്തെ പ്രതിരോധിക്കാൻ നിയമവിദഗ്ദ്ധരുടെ സംഘം തയ്യാറായി നിൽക്കുകയാണെന്നും ആ ശ്രമത്തിൽ അവർ വിജയിക്കുമെന്നും മാനേജർ അവകാശപ്പെട്ടു.

നേരത്തെ, വോട്ടുകൾ എണ്ണിത്തീരുന്നതിന് മുമ്പുതന്നെ തന്നെ തന്റെ വിജയം സ്വയം പ്രഖ്യാപിച്ച് ട്രംപ് രംഗത്തെത്തിയിരുന്നു. പ്രവർത്തകരെ അഭിസംബോധന ചെയ്തുകൊണ്ട് വൈറ്റ് ഹൗസിൽ നടത്തിയ അതേ പ്രസംഗത്തിൽ തന്നെയാണ് സുപ്രീംകോടതിയെ സമീപിക്കുമെന്നും അദ്ദേഹം പ്രഖ്യാപനം നടത്തിയത്. വിജയം തനിക്കൊപ്പമാണെന്ന് പറഞ്ഞ് ബൈഡനും പത്രപ്രവർത്തകരെ അഭിസംബോധന ചെയ്തിരുന്നു. പ്രതീക്ഷ കൈവിട്ടിട്ടില്ലെന്ന് പറഞ്ഞ ബൈഡൻ താൻ ജയത്തിന്റെ പാതയിലാണെന്നും ഓരോ വോട്ടും എണ്ണിത്തീരുംവരെ തിരഞ്ഞെടുപ്പ് തീരില്ലെന്നും പറഞ്ഞു.