തിരുവനന്തപുരം: ആരോഗ്യ സേവന മേഖലയിൽ രണ്ടരപതിറ്റാണ്ടിന്റെ അനുഭവസമ്പത്തുമായി രോഗികൾക്ക് താങ്ങും തണലുമാവുകയാണ് തിരുവനന്തപുരത്തെ ഇൻഹൗസ് ഡ്രഗ് ബാങ്ക്. എം.ആർ.പി വിലയിൽ നിന്നു കുറച്ച് ഇന്ത്യയിൽ ആദ്യമായി മരുന്നുകൾ വിൽക്കാൻ തുടങ്ങിയ ഈ സ്ഥാപനത്തിന്റെ പിന്നിലെ ശക്തി ചീഫ് ഫാർമസിസ്റ്റ് എ. ബിജുവാണ്. കൊവിഡ് കാലത്ത് എൻ 95 മാസ്‌ക് പത്ത് രൂപയ്‌ക്കും പി.പി.ഇ കിറ്റുകൾ വെറും 275 രൂപ മുതൽ 350 രൂപ വരെ നിരക്കിൽ കൊടുത്തും വിപ്ലവം സൃഷ്‌ടിച്ച ഇൻഹൗസ് ഡ്രഗ് ബാങ്കിന്റെ പ്രവർത്തനങ്ങളെപ്പറ്റി എ.ബിജു സംസാരിക്കുന്നു.
ഇൻഹൗസ് ഡ്രഗ് ബാങ്ക് തുടങ്ങുന്നതിന് പിന്നിലെ കാരണമെന്താണ്?
തൃശൂരുളള എന്റെയൊരു സുഹൃത്തിനെ ഇവിടെ ആർ.സി.സിയിൽ അഡ്‌മിറ്റ് ചെയ്‌തിരുന്നു. ഐ.വി.ഐ.ജി എന്നൊരു മരുന്ന് അത്യാവശ്യമായി വേണം. ഈ മരുന്നിന് അന്ന് പതിനെട്ടായിരം രൂപയാണ് മാർക്കറ്റ് വില. അഞ്ചെണ്ണം ആവശ്യമായുണ്ട്. ഏതാണ്ട് ഒരു ലക്ഷം രൂപ അടുപ്പിച്ച് വേണ്ടി വരും. എറണാകുളത്തുളള മരുന്ന് കമ്പനിയുടെ ഏജന്റുമായി ഞാൻ പലതവണ ഫോണിൽ വിളിച്ച് വിലപേശി. അവസാനം 10,500 രൂപയ്‌ക്ക് മരുന്ന് നൽകാമെന്ന് പറഞ്ഞു. അത് എനിക്ക് വലിയൊരു അത്ഭുതമായിരുന്നു. ഇക്കാര്യം ഞാൻ ഡോക്‌ടർമാരോട് പങ്കിട്ടു. എസ്.എ.ടി ആശുപത്രിയുടെ വികസനത്തിന് വേണ്ടി സർക്കാരും ജനങ്ങളും ചേർന്ന് തുടങ്ങിയ സൊസേറ്റിയാണ് ശ്രീ അവിട്ടം തിരുന്നാൾ ഹോസ്‌പിറ്റൽ ഹെൽത്ത് എജ്യൂക്കേഷൻ സൊസേറ്റി. സൊസൈറ്റിയാണ് ഇൻഹൗസ് ഡ്രഗ് ബാങ്ക് തുടങ്ങുന്നത്. വാക്‌സിനുകളാണ് ആദ്യം വില കുറച്ച് വിൽക്കാൻ തീരുമാനിച്ചത്. ഡോ.നോയൽ നാരായണന്റെ നേതൃത്വത്തിലായിരുന്നു ഈ തീരുമാനം. ഡോ.ഹരിഹരനാണ് ഇതിനു പിന്നിലെ നട്ടെല്ല്.
അങ്ങനെ വൈത്ത് ഇന്റർനാഷണൽ അടക്കം നാല് മരുന്ന് കമ്പനികളെ വിളിച്ച് വിലപേശി. സംസാരിച്ച് വില കുറയ്‌ക്കാൻ മരുന്ന് കച്ചവടം ചാള കച്ചവടം അല്ല എന്നായിരുന്നു അതിൽ ഒരു കമ്പനി പറഞ്ഞത്. പക്ഷെ ആ പറഞ്ഞ കമ്പനി തന്നെ പിന്നീട് വാക്‌സിൽ ഞങ്ങൾക്ക് നൽകണമെന്ന് വാശി പിടിച്ചു. കാരണം അത്രയധികം വാക്‌സിൻ ഞങ്ങൾക്ക് വേണമായിരുന്നു. നൂറ്റി അമ്പതോളം പ്രസവങ്ങൾ എസ്.എ.ടിയിൽ ദിവസവും നടക്കുന്നുണ്ട്. അത്രയും കുട്ടികൾക്ക് വാക്‌സിൻ വേണം. ഓരോ പർച്ചേസിലും അതിന്റെ വില കുറച്ചു കൊണ്ട് വന്നു. അങ്ങനെയാണ് എല്ലാ മരുന്നുകളും വില കുറച്ച് കിട്ടുന്ന ഒരു ഫാർമസി എന്തുകൊണ്ട് തുടങ്ങികൂടാ എന്നൊരു ആശയമുണ്ടായത്. രണ്ടായിരത്തോടെയാണ് ഇതൊരു പക്കാ കമ്മ്യൂണിറ്റി ഫാർമസി ആയി മാറിയത്. ഇന്ന് ലോകത്ത് ഏറ്റവും കൂടുതൽ മരുന്ന് വിൽക്കുന്ന ഫാർമസി ആയി ഇതു മാറി. ആദ്യ ദിവസം 170 രൂപയ്‌ക്ക് മരുന്ന് വിറ്റ ഡ്രഗ് ബാങ്കിൽ 1.57 കോടി രൂപയാണ് ഒരു ദിവസം രേഖപ്പെടുത്തിയ ഏറ്റവും ഉയർന്ന വിൽപ്പന. മിക്ക ദിവസവും വിൽപ്പന ഒരു കോടി കടക്കാറുണ്ട്. ശരാശരി വിൽപ്പന 80 ലക്ഷത്തിനും 90 ലക്ഷത്തിനും ഇടയിലാണ്. ഇതിന്റെ ചുവടുപിടിച്ചാണ് കാരുണ്യ ഫാർമസികൾ തുടങ്ങണമെന്ന ആശയമുണ്ടാകുന്നത്.
ഇൻഹൗസ് ഡ്രഗ് ബാങ്കിന്റെ ഇപ്പോഴത്തെ പ്രവർത്തനം എങ്ങനെ പോകുന്നു?
കേരളത്തിലെ വിവിധ സർക്കാർ ആശുപത്രികളിലേക്ക് ഇവിടെ നിന്നാണ് പാലിയേറ്റീവ് കെയർ അടക്കമുളള പല സ്‌കീമുകളിലേക്കും ആവശ്യമായ മരുന്നുകൾ എത്തിക്കുന്നത്. കൊവിഡ് സമയത്ത് മരുന്ന് വിതരണം കൃത്യമായി നടത്തുന്നതിന് മരുന്ന് കമ്പനികളുടെ ഭാഗത്ത് നിന്ന് വലിയ സഹകരണമാണുണ്ടായത്. ഫയർഫോഴ്‌സ്, പൊലീസ് തുടങ്ങി വിവിധ സേനകളുടെ സഹായത്തോടെയാണ് മരുന്ന് വിതരണം ഭംഗിയായി നടന്നത്. ഇവിടെ നിന്ന് മരുന്നുകൾ വാങ്ങി കേരളത്തിൽ അങ്ങോളമിങ്ങോളമുളള വീടുകളിൽ സേനാംഗങ്ങൾ മരുന്നുകൾ എത്തിച്ചു. അവരോട് നന്ദിയുണ്ട്, ഇത് തുടർന്നും നടത്തണമെന്നാണ് ആഗ്രഹം.
ഇവിടെ ഏറ്റവും കൂടുതൽ വിറ്റുപോകുന്ന മരുന്നുകൾ ഏതൊക്കെയാണ്?
പ്രമേഹ രോഗികൾക്കുളള മരുന്നുകളാണ് ഏറ്റവും കൂടുതൽ വിൽപ്പന നടക്കുന്നത്. ലൈഫ് സ്റ്റൈൽ ഡ്രഗ്, ന്യൂറോ ഡ്രഗ്, കാർഡിയോളജി സംബന്ധമായ മരുന്നുകൾ തുടങ്ങിയവും വോള്യം വൈസ് കൂടുതൽ വിറ്റഴിയപ്പെടുന്നു. എമൗണ്ട് വൈസ് നോക്കുകയാണെങ്കിൽ ക്യാൻസർ, കിഡ്‌നി സംബന്ധമായ മരുന്നുകളാണ് കൂടുതൽ വിറ്റഴിയുന്നത്. 1.57 കോടി രൂപ ലഭിച്ച ദിവസം വിറ്റഴിഞ്ഞ മരുന്നുകളുടെ എം.ആർ.പി വാല്യു ഞാൻ പരിശോധിച്ചിരുന്നു. അത് അഞ്ചരക്കോടിയോളം രൂപയായിരുന്നു.
ആരോഗ്യവകുപ്പിന്റേയും ആരോഗ്യ പ്രവർത്തകരുടേയും ഭാഗത്ത് നിന്നുളള സഹകരണം എങ്ങനെയാണ്?
പരമാവധി സഹകരണമാണ്. എന്തെങ്കിലും തെറ്റ് പറ്റിയാൽ ഉടൻ അഴർ ചൂണ്ടിക്കാണിക്കും. ഒരാൾ നമ്മളെ വിമർശിക്കുന്നുവെങ്കിൽ നമ്മൾ ശരിയായ വഴിയിലാണ്. വിമർശനം ഉണ്ടായില്ലെങ്കിൽ നമ്മൾ തെറ്റായ വഴിയിലാണ് എന്നാണ് അതിനർത്ഥം. അതുകൊണ്ട് വിമർശനങ്ങളെ ഞങ്ങൾ സ്വാഗതം ചെയ്യുന്നു.
കൊവിഡ‌് സമയത്ത് എല്ലാവരും വീടിനകത്തായല്ലോ. അതിനോട് അനുബന്ധിച്ച് മരുന്ന് വ്യാപരം കുറഞ്ഞതായി റിപ്പോർട്ടുകളുണ്ടായിരുന്നു. എന്താണ് ശരിക്കുളള വാസ്‌തവം?
പൊടിപടലം മൂലം ഉണ്ടാകുന്ന ശ്വാസകോശ സംബന്ധമായ രോഗങ്ങൾക്ക് വേണ്ട മരുന്നുകളുടേയും ആന്റി ബയോട്ടിക്കുകളുടേയും വിൽപ്പന വലിയ തോതിൽ കുറഞ്ഞു. ബാക്കിയെല്ലാ മരുന്നിന്നും വിൽപ്പന കൂടിയിട്ടേ ഉളളൂ.
മരുന്ന് കച്ചവടം വലിയൊരു മാഫിയയുടെ കീഴിലാണല്ലോ. ഭീഷണിയുണ്ടോ?
അത് അന്നും ഇന്നും ഉണ്ട്. അപരിചിതരായവരുടെ ഭീഷണികൾ പലതവണ ഫോൺ വഴി എത്തിയിട്ടുണ്ട്. നിനക്ക് വേറെ പണിയില്ലേ എന്നായിരുന്നു അച്ഛൻ ചോദിച്ചിരുന്നത്. നമ്മളെ തളർത്താൻ വിജിലൻസിലും മന്ത്രി ഓഫീസിലും പരാതി കൊടുക്കുക ഇതൊക്കെ സ്ഥിരം നടക്കുന്ന കാര്യങ്ങളാണ്.
ഇത്രയും വർഷമായല്ലോ. ഇൻഹൗസ് ഡ്രഗ് ബാങ്കിൽ മറക്കാനാവാത്ത അനുഭവമെന്താണ്?
ബ്രസ്റ്റ് ക്യാൻസറിന് ഉളള ഒരു മരുന്നുണ്ട്. മാർക്കറ്റിൽ അറുപതിനായിരം രൂപയാണ് വില. ആർ.സി.സിയിൽ ഈ മരുന്നിന് 55,000 രൂപയാണ്. ഒരു രോഗിക്ക് 15 മുതൽ 20 എണ്ണം വരെ ആവശ്യമുണ്ട്. ഒരു ദിവസം രാവിലെ വന്നപ്പോൾ നാഗർകോവിലിൽ നിന്നുളള ഒരു പയ്യൻ കണ്ണൊക്കെ കരഞ്ഞു കലങ്ങി നിൽക്കുകയാണ്. പതിനാറായിരം രൂപയ്‌ക്ക് ഈ മരുന്ന് ഇവിടെ കിട്ടുമെന്ന് അറിഞ്ഞ് അവൻ വാങ്ങാൻ വന്നതാണ്. വൈകുന്നേരം വന്ന് മരുന്ന് വാങ്ങിയിട്ട് രാവിലെ എന്നെ കാണാനായി കാത്ത് നിൽക്കുകയായിരുന്നു. അതൊക്കെ എന്നെ സംബന്ധിച്ച് ഓസ്‌കാർ അവാർഡ് കിട്ടിയത് പോലെയാണ്. എല്ലാ മരുന്ന് കമ്പനികളും ഇപ്പോൾ അവരുടെ സ്വന്തം സ്ഥാപനമെന്നാണ് ഇൻഹൗസ് ഡ്രഗ് ബാങ്കിനെ പറയുന്നത്.
കാലത്തിനൊത്ത് മാറാൻ ഇൻഹൗസ് ഡ്രഗ് ബാങ്ക് ശ്രമിക്കുന്നുണ്ടോ?
ഓൺലൈൻ വഴി മരുന്നുകൾ വിൽക്കാനുളള ശ്രമം തുടങ്ങിയിട്ടുണ്ട്. അതിനായുളള ആപ്പ് വികസിപ്പിച്ച് 99 ശതമാനത്തോളം കാര്യങ്ങൾ പൂർത്തിയായി. ആളുകൾക്ക് ഡോക്‌ടറുടെ കുറിപ്പ് സ്‌കാൻ ചെയ്‌ത് ഞങ്ങൾക്ക് അയക്കാം. അവർക്ക് പിന്നീട് ഇവിടെ വന്ന് മരുന്നുകൾ വാങ്ങാം. കൊറിയർ അയക്കാൻ ആണെങ്കിലും അത് ചെയ്യും.
ഇൻഹൗസ് ഡ്രഗ് ബാങ്ക് സംസ്ഥാനത്തൊട്ടാകെ വ്യാപിപ്പിക്കേണ്ടതിന്റെ ആവശ്യകതയില്ലേ?
ഇതിന്റെ തുടർനടപടി എന്ന നിലയിലാണ് 'കാരുണ്യ' ഫാർമസി കേരളത്തിലെ 140 നിയോജക മണ്ഡലങ്ങളിലും അഞ്ചെണ്ണം വച്ച് തുടങ്ങാൻ പദ്ധതിയിട്ടത്. അതിൽ 55 എണ്ണം മാത്രമേ തുടങ്ങിയിട്ടുളളൂ. തുടർ നടപടികൾ പുരോഗമിക്കുകയാണ്. എല്ലാ കെ.എസ്.ആർ.ടി.സി ഡിപ്പോകളിലും തുടങ്ങാനുളള പദ്ധതി സർക്കാർ ആലോചനയിലാണ്. കാരുണ്യയിലുളള ഡീമെരിറ്റുകൾ എല്ലാം കെ.എസ്.ആർ.ടി.സി ഡിപ്പോയിൽ തുടങ്ങിയാൽ മെരിറ്റായി നമുക്ക് മാറ്റാം. കാരുണ്യയിൽ മരുന്ന് ട്രാൻസ്‌പോർട്ടേഷന് വേണ്ടി മാത്രം ഒരു മാസം 25 ലക്ഷത്തോളം രൂപ വേണ്ടിവരും. കെ.എസ്.ആർ.ടി.സിയിൽ അതിന്റെ ആവശ്യമില്ല. പതിനെട്ട് പൊലീസ് കാന്റീനുകളിൽ ഇതിനുളള പദ്ധതിയായിട്ടുണ്ട്.
ഇൻഹൗസ് ഡ്രഗ് ബാങ്കിന്റെ ലാഭമെന്താണ്?
പൊതുജനങ്ങൾക്കാണ് ലാഭം. ഇവിടെ നിന്നുളള ലാഭം എസ്.എ.ടിയിലെ രോഗികൾക്കാണ് കൊടുക്കുന്നത്. ഇവിടെ നിന്ന് കിട്ടിയ വരുമാനം കൊണ്ടാണ് എസ്.എ.ടിയിൽ മൂന്നരക്കോടിയുടെ ഗോൾഡൻ ജൂബിലി ബിൽഡിംഗ് കെട്ടിയത്.
ഇത്രയും വർഷം ഈ ഫീൽഡിൽ നിന്നൊരാളാണ്. ഫാർമസി ഫീൽഡിന്റെ ഇനിയുളള ഭാവിയെന്താണ്?
പത്ത് വർഷമായുളള എന്റെ ആഗ്രഹം സർക്കാർ ആശുപത്രിയിൽ ഒരു അന്താരാഷ്ട്ര ഫാർമസി വരണമെന്നാണ്. അതിനായുളള തീരുമാനം ഇപ്പോൾ സർക്കാർ എടുത്തുകഴിഞ്ഞു. പ്ലാൻ എല്ലാം ആയിട്ടുണ്ട്. ഹാബിറ്റാറ്റിനാണ് നിർമ്മാണ ചുമതല.
കൊവിഡ് വാക്‌സിന് വേണ്ടിയുളള പ്രതീക്ഷയിലാണ് രാജ്യം. വാക്‌സിൻ എത്തിയാൽ ഇൻഹൗസ് ഡ്രഗ് ബാങ്ക് വഴി വിതരണം ഉണ്ടാകുമോ?
സെറം ഇൻസ്റ്റിറ്ര്യൂട്ടിൽ രണ്ടരലക്ഷം ഓർഡർ കൊടുത്തിട്ടുണ്ട്. പരമാവാധി വില കുറച്ച് നൽകാമെന്നാണ് പറയുന്നത്. സർക്കാർ തീരുമാനം അനുസരിച്ചാകും വിതരണം.