ucl

യൂറോപ്യൻ ചാമ്പ്യൻസ് ലീഗിൽ ഒറ്റരാത്രിയിലെ എട്ട് മത്സരങ്ങളിൽ നിന്ന് പിറന്നത് 35 ഗോളുകൾ

ബയേൺ 6-2ന് സാൽസ്ബർഗിനെയും ലിവർപൂൾ 5-0ത്തിന് അറ്റലാന്റയെയും ബൊറൂഷ്യ 6-0ത്തിന് ഷാക്തറിനെയും തകർത്തു

3-2ന് ഇന്റർ മിലാനെ കീഴടക്കി റയൽ മാഡ്രിഡ്,മാഞ്ചസ്റ്റർ സിറ്റി3-0ത്തിന് പിറയൂസിനെ തോൽപ്പിച്ചു

മാഡ്രിഡ് : വമ്പൻ ക്ളബുകളൊക്കെ കൊമ്പൻ വിജയങ്ങൾ നേടിയ രാത്രി യുവേഫ ചാമ്പ്യൻസ് ലീഗ് ഫുട്ബാളിലെ എട്ട് മത്സരങ്ങളിൽ നിന്ന് പിറന്നത് 35 ഗോളുകൾ. നിലവിലെ ചാമ്പ്യന്മാരായ ബയേൺ മ്യൂണിക്കും മുൻ ചാമ്പ്യന്മാരായ ലിവർപൂളും റയൽ മാഡ്രിഡും ഇംഗ്ളീഷ് ക്ളബ് മാഞ്ചസ്റ്റർ സിറ്റിയും ജർമ്മൻ ക്ളബ് ബൊറൂഷ്യ മോൺഷെംഗ്ളാബാഷും വലിയ വിജയങ്ങൾ നേടിയപ്പോൾ സ്പാനിഷ് ക്ളബ് അത്‌ലറ്റിക്കോ മാഡ്രിഡിന് റഷ്യൻ ക്ളബ് ലോക്കോമോട്ടീവ് മോസ്കോയോട് 1-1ന് സമനില വഴങ്ങേണ്ടിവന്നു.

ബയേൺ 6-സാൽസ്ബർഗ് 2

കഴിഞ്ഞ സീസണിൽ അത്യുജ്ജ്വല പ്രകടനവുമായി കിരീടം നേടിയ ബയേൺ മ്യൂണിക്ക് മുതിയ സീസണിലെ മൂന്നാം മത്സരത്തിലും ഗംഭീര വിജയം നേടി ലീഗിലെ തുടർവിജയങ്ങളിൽ റെക്കാഡ് കുറിച്ചു.ആസ്ട്രിയയിലെ സാൽസ്ബർഗിന്റെ തട്ടകത്തിൽ ചെന്ന് അരഡസൻ ഗോളുകളാണ് ബയേൺ അടിച്ചുകൂട്ടിയത്. റോബർട്ടോ ലെവാൻഡോവ്സ്കി രണ്ട് ഗോളുകൾ നേടിയപ്പോൾ ജെറോം ബോട്ടെംഗ്,ലെറോയ് സാനേ,ഹെർനാണ്ടസ് എന്നിവർ ഓരോ ഗോൾ നേടി.ക്രിസ്റ്റനിന്റെ സെൽഫിലൂടെ ഒരു ഗോൾ സാൽസ്ബർഗ് സമ്മാനിച്ചു.നാലാം മിനിട്ടിൽ ബെരീഷയിലൂടെ സ്കോർ ചെയ്ത് ചാമ്പ്യന്മാരെ ഞെട്ടിച്ച സാൽസ്ബർഗിന്റെ വലയിലേക്ക് ഗോളുകൾ പ്രവഹിക്കുകയായിരുന്നു. 21-ാം മിനിട്ടിൽ പെനാൽറ്റിയിലൂടെ ലെവാൻഡോവ്സ്കി സമനില പിടിച്ചശേഷം 44-ാം മിനിട്ടിലെ സെൽഫ് ഗോൾ ബയേണിന് ലീഡ് നൽകി. അവസാന 25 മിനിട്ടിനിടെയാണ് ബയേൺ മറ്റ് നാലുഗോളുകളും നേടിയത്.

ഈ വിജയത്തോടെ മൂന്ന് കളികളിൽ നിന്ന് ഒൻപത് പോയിന്റായ ബയേൺ ഗ്രൂപ്പ് എയിൽ ഒന്നാമതാണ്. ലോക്കോമോട്ടീവ് മോസ്കോയോട് 1-1ന് സമനില വഴങ്ങിയ അത്‌ലറ്റിക്കോ മാഡ്രിഡാണ് (നാലു പോയിന്റ്)രണ്ടാം സ്ഥാനത്ത്.

14

ചാമ്പ്യൻസ് ലീഗിൽ ബയേൺ മ്യൂണിക്ക് തുടർച്ചയായി ജയിച്ച മത്സരങ്ങളുടെ എണ്ണം. ഇതൊരു റെക്കാഡാണ്.കഴിഞ്ഞ സീസണിൽ 11 കളി നിരനിരയായി ബയേൺ ജയിച്ചിരുന്നു.

ലിവർപൂൾ 5- അറ്റലാന്റ 0

കഴിഞ്ഞ സീസണിൽ മികച്ച പ്രകടനം കാഴ്ചവച്ചിരുന്ന ഇറ്റാലിയൻ ക്ളബ് അറ്റലാന്റയുടെ ആത്മവിശ്വാസം മുഴുവൻ തകർക്കുന്ന പ്രകടനമാണ്അവരുടെ തട്ടകത്തിൽചെന്ന് ലിവർപൂൾ പുറത്തെടുത്തത്.ഹാട്രിക് നേടിയ ഡീഗോ ജോട്ടയും ഓരോ ഗോളടിച്ച മുഹമ്മദ് സലായും സാഡിയോ മാനേയും ചേർന്ന് ലിവറിന് വിജയം ഒരുക്കുകയായിരുന്നു.16,33 മിനിട്ടുകളിലായി സ്കോർ ചെയ്ത ജോട്ട ഇൻജുറി ടൈമിലാണ് ഹാട്രിക് പൂർത്തിയാക്കിയത്.

ഗ്രൂപ്പ് ഡിയിൽ മൂന്ന് കളികളിൽ ഒൻപത് പോയിന്റുമായി ലിവർപൂളാണ് ഒന്നാമത്.മിറ്റിലാൻഡിനെ 2-1ന് തോൽപ്പിച്ച ഡച്ച് ക്ളബ് അയാക്സ് നാലുപോയിന്റുമായി രണ്ടാമതുണ്ട്.നാലുപോയിന്റുള്ള അറ്റലാന്റ മൂന്നാമതായി.

3

കഴിഞ്ഞ എട്ട് യൂറോപ്യൻ മത്സരങ്ങളിൽ മൂന്ന് തവണയാണ് ഡീഗോ ജോട്ട ഹാട്രിക്ക് നേടിയത്.

റയൽ 3-ഇന്റർ 2

യൂറോപ്പിലെ രണ്ട് കരുത്തൻക്ളബുകളുടെ ഇഞ്ചോടിഞ്ച് പോരാട്ടത്തിലാണ് റയൽ ജയിച്ചത്.സ്വന്തം തട്ടകത്തിൽ നടന്ന മത്സരത്തിന്റെ 25-ാം മിനിട്ടിൽ കരിം ബെൻസേമയിലൂടെയാണ് റയൽ സ്കോറിംഗ് തുടങ്ങിയത്. 33-ാം മിനിട്ടിൽ നായകൻ സെർജി റാമോസ് റയലിന്റെ ലീഡ് വർദ്ധിപ്പിച്ചു. എന്നാൽ 35-ാം മിനിട്ടിൽ ലൗതാരോ മാർട്ടിനെസും 68-ാം മിനിട്ടിൽ പെരിസിച്ചും സ്കോർ ചെയ്തതോടെ കളി സമനിലയിലായി.80-ാം മിനിട്ടിൽ റോഡ്രിഗോയാണ് റയലിന്റെ വിജയഗോൾ നേടിയത്.

ഈ വിജയത്തിലും പോയിന്റ് പട്ടികയിൽ മൂന്നാം സ്ഥാനമേ റയലിന് അവകാശപ്പെടാനാകൂ.ആദ്യ രണ്ട് മത്സരങ്ങളിലും റയലിന് ജയിക്കാൻ കഴിഞ്ഞിരുന്നില്ല.ഇന്നലെ 6-0ത്തിന് ഷാക്തർ ഡോണെസ്കിനെ കീഴടക്കിയ ബൊറൂഷ്യ മോൺഷെംഗ്ളാബാഷാണ് അഞ്ച് പോയിന്റുമായി ഗ്രൂപ്പ് ബിയിൽ ഒന്നാം സ്ഥാനത്ത്. ബൊറൂഷ്യയ്ക്ക് വേണ്ടി അലസാനേ പ്ളീ ഹാട്രിക് നേടിയിരുന്നു.നാലുപോയിന്റുമായി ഷാക്തർ രണ്ടാമതുണ്ട്.

100

റയൽ മാഡ്രിഡിന് വേണ്ടി ഏറ്റവും കൂടുതൽ ഗോളുകൾ നേടിയിട്ടുള്ള ഡിഫൻഡറായ നായകൻ സെർജി റാമോസ് ഇന്ററിനെതിരായ മത്സരത്തിലൂടെ ഗോൾ സെഞ്ച്വറി കുറിച്ചു.

മാഞ്ചസ്റ്റർ സിറ്റി 3-പിറേയൂസ് 0

സീസണിലെ തുടർച്ചയായ മൂന്നാം മത്സരവിജയവും സ്വന്തമാക്കി പെപ് ഗ്വാർഡിയോളയുടെ ശിഷ്യർ. ഇംഗ്ളീഷ് ക്ളബ് മാഞ്ചസ്റ്റർ സിറ്റി ഇന്നലെ ഗ്രീക്ക് ക്ളബ് ഒളിമ്പിക് പിറേയൂസിനെ മറുപടിയില്ലാത്ത മൂന്നുഗോളുകൾക്കാണ് തകർത്തത്. 12-ാം മിനിട്ടിൽ ഫെറാൻ ടോറസ്,81-ാം മിനിട്ടിൽ ഗ്രിയേൽ ജീസസ്,90-ാം മിനിട്ടിൽ യാവോ കാൻസെലോ എന്നിവരാണ് സിറ്റിക്കുവേണ്ടി ഗോൾ നേടിയത്.

ഇതേ സ്കോറിന് മാഴ്സെയെത്തോൽപ്പിച്ച പോർട്ടോയാണ് ആറ് പോയിന്റുമായി സി ഗ്രൂപ്പിൽ രപ്പാം സ്ഥാനത്ത്.