arnab-goswami

മുംബയ്: ഇന്റീരിയർ ഡിസൈനർ അൻവയ് നായിക്കും അമ്മയും ആത്മഹത്യ ചെയ്ത കേസിൽ ആത്മഹത്യാപ്രേരണാക്കുറ്റം ചുമത്തി റിപ്പബ്ലിക് ടി.വി എഡിറ്റർ അർണബ് ഗോസാമിയെ മുംബയ് പൊലീസ് അറസ്റ്റ് ചെയ്തു.

ഇന്നലെ രാവിലെ ആറു മണിയോടെ അർണബിന്റെ വീട്ടിലെത്തിയ പൊലീസ് ,അദ്ദേഹത്തെ ബലം പ്രയോഗിച്ച് പൊലീസ് വാനിൽ കയറ്റുകയായിരുന്നു. വ്യവസായികളായ ഫിറോസ് ഷെയ്ഖ്, നിതീഷ് സർദ എന്നിവരെയും അറസ്റ്റ് ചെയ്തിട്ടുണ്ട്. കോടതിയിൽ ഹാജരാക്കിയപ്പോൾ, പൊലീസ് ബലപ്രയോഗത്തിൽ പരിക്കേറ്റതായി അർണബ് പരാതിപ്പെട്ടു. തുടർന്ന് ,മെഡിക്കൽ പരിശോധന നടത്തി സർട്ടിഫിക്കറ്റ് ഹാജരാക്കാൻ കോടതി പൊലീസിനോട് നിർദ്ദേശിച്ചു. റിമാൻഡ് സംബന്ധിച്ച വാദം അതിന് ശേഷം കേൾക്കും.

കടുത്ത സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് 2018ലാണ് അൻവയ് നായിക്കും, അമ്മ കുമുദ് നായിക്കും ആത്മഹത്യ ചെയ്തത്. 2017ൽ​ അർണബ്​ തുടങ്ങിയ റിപ്പബ്ലിക് ടി.വി ചാനൽ ഓഫീസിന്റെ ഇന്റീരിയർ വർക്കുകൾ ചെയ്​തത് അൻവയുടെ കോൺകോർഡ് ഡിസൈൻസ് കമ്പനിയാണ്​. ഇതിന്റെ പണം അർണബ് നൽകിയില്ലെന്ന് ആത്മഹത്യാക്കുറിപ്പിൽ പറഞ്ഞിരുന്നു. തെളിവില്ലെന്ന പേരിൽ മഹാരാഷ്ട്രാ പൊലീസ്​ അവസാനിപ്പിച്ച കേസ്,​​ അൻവയുടെ മകൾ അദന്യ നായിക് , മഹാരാഷ്ട്ര ആഭ്യന്തരമന്ത്രി അനിൽ ദേശ്​മുഖിന് വീണ്ടും പരാതി നൽകിയതോടെയാണ്​ മുംബയ് സി.ഐ.ഡി വിഭാഗം ഏറ്റെടുത്തത്.

ഇരട്ട മരണം

അൻവയ്​ നായികിനെയും അമ്മ കുമുദ് നായിക്കിനേയും ​ അലിബാഗിലെ ബംഗ്ലാവിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. കുമുദിന്റെ മൃതദേഹം താഴത്തെ നിലയിലെ സോഫയിലും. അൻവയ്​ ഒന്നാം നിലയിൽ തൂങ്ങിമരിച്ച നിലയിലുമായിരുന്നു. ആത്മഹത്യ ചെയ്യുന്നതിന് മുമ്പ് അൻവയ്​ അമ്മയെ കൊല്ലുകയായിരുന്നുവെന്നാണ്​ പൊലീസ് നിഗമനം. അന്ന്​ പൊലീസ് കൊലപാതക കേസും രജിസ്റ്റർ ചെയ്​തിരുന്നു. അർണബ് ഗോസാമി, ഐകാസ്റ്റ് എക്​സ്​​ / സ്​കീമീഡിയയിലെ ഫിറോസ് ഷെയ്ഖ്, സ്​മാർട്ട് വർക്​സിന്റെ നിതീഷ് സർദ എന്നിവർ യഥാക്രമം 83 ലക്ഷം, 4 കോടി, 55 ലക്ഷം വീതം കുടിശിക നൽകാത്തതാണ്​ ജീവനൊടുക്കാൻ കാരണമെന്നാണ് ആത്മഹത്യാക്കുറിപ്പിൽ പറഞ്ഞത്​. എന്നാൽ ആരോപണം അർണബ് നിഷേധിച്ചിരുന്നു..