coconut

ജക്കാർത്ത : കൊവിഡ് 19 സൃഷ്ടിച്ച സാമ്പത്തിക പ്രതിസന്ധിയിൽ ബുദ്ധിമുട്ട് അനുഭവിക്കുന്ന കുട്ടികൾക്ക് കൈത്താങ്ങുമായി ഒരു കോളേജ്. കൈയ്യിൽ പണമില്ലാത്തവർക്ക് ഫീസായി നാളികേരങ്ങൾ നൽകാം. ! ബാലിയിലെ ടെഗലാലാംഗിലുള്ള ദ വീനസ് വൺ ടൂറിസം അക്കാഡമിയാണ് വ്യത്യസ്ഥമായ ആശയവുമായി മുന്നോട്ടെത്തിയിരിക്കുന്നത്.

നാളികേരം ട്യൂഷൻ ഫീയായി കുട്ടികൾക്ക് തവണകളായും അടയ്ക്കാം. ഇത്തരത്തിൽ ഫീസായി അടയ്ക്കപ്പെടുന്ന തേങ്ങകൾ വിർജിൻ കോക്കനട്ട് ഓയിൽ അടക്കമുള്ളവയുടെ നിർമാണത്തിനായാണ് കോളേജ് അധികൃതർ ഉപയോഗിക്കുന്നത്. മുരിങ്ങ ഇല, ബ്രഹ്മി തുടങ്ങിയ ഇലകളും തേങ്ങയ്ക്ക് പുറമേ കോളേജ് അധികൃതർ ഫീസായി സ്വീകരിക്കും.

ഇവ ഹെർബൽ സോപ്പ് ഉൾപ്പെടെയുള്ള ആയുർവേദ ഉല്പന്നങ്ങളുടെ നിർമാണത്തിന് ഉപയോഗിക്കും. ഇതുവഴി കോളേജിന് ആവശ്യമായ പണം സ്വരൂപിക്കാനാകുമെന്നും കോളേജ് അധികൃതർ വ്യക്തമാക്കുന്നു. മാത്രമല്ല, പ്രകൃതി വിഭവങ്ങളുമായി വിദ്യാർത്ഥികൾക്ക് കൂടുതൽ ഇടപഴകാൻ സാധിക്കുമെന്നും അത് സംരംഭങ്ങളിലേക്ക് അവരെ ആകർഷിക്കുമെന്നും അധികൃതർ പറഞ്ഞു. ഹോസ്പിറ്റാലിറ്റി മേഖലയിൽ ബിരുദ പഠനം വാഗ്‌ദാനം ചെയ്ത് 2017ലാണ് ഈ കോളേജ് സ്ഥാപിതമായത്.