ഇരുപതാം നൂറ്റാണ്ടിലെ ആദ്യപകുതിയിൽ തിരുവിതാംകൂറിലെ ഹിന്ദു ജനസംഖ്യയിൽ പ്രധാനവിഭാഗമായ ഈഴവസമുദായത്തിലെ ചാന്ദാർ ഉപവിഭാഗത്തിലെ രണ്ടുകുടുംബങ്ങളുടെ കഥയാണ് വേണുഗോപാൽ. വി രചിച്ച് ലാൽ പബ്ളിഷേഴ്സ് പ്രസിദ്ധീകരിച്ച 'തിരുക്കൊച്ചി" എന്ന നോവൽ പറയുന്നത്. അന്നത്തെ രാഷ്ട്രീയ സാമൂഹ്യപശ്ചാത്തലവും പരിണാമങ്ങളും ഒരു കണ്ണാടിയിലെന്നതുപോലെ തുറന്നുകാട്ടുന്നു. വളരെ സരളഭാഷയിൽ യഥാതഥമായ വർണനയോടെ, കഥാപാത്രങ്ങളുടെ മനോഗതി, ഉഭയബന്ധങ്ങൾ എന്നിവ പ്രകാശനം ചെയ്തിട്ടുണ്ട്. ഉത്തരാധുനികതയുടെ ജാഡകളില്ലാതെ രചിച്ചിട്ടുള്ള റൊമാന്റിക്ക് റിയലിസ്റ്റിക്ക് നോവൽ. സമുദായത്തിലെ വെണ്ണപ്പാടത്തലത്തിലുള്ള കുടുംബങ്ങളാണ് അതിരമ്പള്ളിയും മേപ്പാറയും. വലിയ ഭൂസ്വത്ത് ഉടമകൾ. കുടുംബത്തിലെ അംഗങ്ങൾ അഥവാ പ്രധാനകഥാപാത്രങ്ങളെല്ലാം കർമ്മനിരതരും നവോത്ഥാന ആശയങ്ങൾ, ശ്രീനാരായണഗുരുവിന്റെ ദർശനങ്ങൾ തുടങ്ങിയവ ഉൾക്കൊണ്ട് പുരോഗമിക്കാൻ ഉത്സുകരാണ്. ബ്രാഹ്മണ കേന്ദ്രീകൃത വർണവ്യവസ്ഥ വന്നതോടെ അക്കാലത്ത് തൊഴിൽമേഖലയിലും വ്യാപാര വാണിജ്യത്തിലും അറിവുസമ്പാദനത്തിലും ഈഴവർ ജാതിശ്രേണിയിൽ പിന്നോക്കവത്ക്കരിക്കപ്പെട്ടു. അംബേദ്കർ അഭിപ്രായപ്പെട്ട ശ്രേണിസംബന്ധമായ അസമാനത വർണവിഭജനത്തിന്റെ ആത്മാവ് പല ചരിത്രകാരൻമാരും പറയുന്നത് ഈഴവർ ബുദ്ധമതാനുയായികളാണെന്നാണ്. കേരളത്തിൽ അന്നുണ്ടായിരുന്ന ജാതികളിലെ ബുദ്ധമത സംഘങ്ങളിൽ ഉണ്ടായിരുന്നവരെയാണ് ഈഴവർ എന്നുവിളിച്ചിരുന്നതെന്ന് നിഗമനം ഉണ്ട്.
ഈഴം എന്നാൽ പ്രാചീന തമിഴിൽ ഇഴ ചേർന്നത് അഥവാ സംഘടിതമായത് അല്ലെങ്കിൽ സംഘം എന്നാണ് അർത്ഥം. ഈഴാംപ്ളാവും (ആൽമരം) ഈഴചെമ്പകം എന്നിവ ബുദ്ധമതവുമായി ബന്ധപ്പെട്ട സസ്യങ്ങളായിരുന്നു. ഇക്കൂട്ടത്തിൽ ആയുർവേദ ചികിത്സാവിദഗ്ദ്ധരും അന്യനാടുകളുമായി വ്യാപാരവാണിജ്യം നടത്തിയിരുന്നവരും ധാരാളമായി ഉണ്ടായിരുന്നു. കടൽത്തീരങ്ങളിൽ ഇവർ ധാരാളമായി പാർത്തിരുന്നു. വടക്കൻ കേരളത്തിൽ തീയ്യർ എന്നറിയപ്പെട്ടിരുന്നവർ ബുദ്ധമതക്കാരായിരുന്നതിനാൽ 'ദിവ്യർ" എന്നു വിളിച്ചിരുന്നെന്നും ഈ ദിവ്യർ പദം പരിണമിച്ചു മലയാളഭാഷയിൽ 'തീയ്യർ" ആയെന്നും പറയപ്പെടുന്നു.
ഈ നോവലിലെ പ്രധാനകഥാപാത്രങ്ങളെ അദ്ധ്വാനശീലരും പുരോഗമനവാദികളുമായി ചിത്രീകരിച്ചു. കാത്തുവിനും ഗംഗനുമുണ്ടായ വൈകാരിക പ്രതിസന്ധികൾ അവരെ തളർത്തിയില്ല. അവർ വികാരതരളിതരായി നിരാശയിലേക്കും നിഷ്ക്രിയതയിലേക്കും പ്രതിലോമ പ്രതികാരപ്രവർത്തനങ്ങളിലേക്കും നീങ്ങാത്തവർ. സ്വയം പ്രതികൂലമായി തോന്നുന്ന പ്രവർത്തികൾ, മനസാ വാചാ കർമ്മണാ അപരരോട് ചെയ്യാത്തവർ ഉപന്നിഷത്തിൽ ഉപദേശിച്ചിരിക്കുന്ന ''ആത്മന പ്രതികൂലാനിപരേഷാം തസമാ ചരേത്."" എന്ന ആപ്തവാക്യം കാത്തുവിനും ഗംഗനും ഒരു മുറിയിൽ രാത്രി കഴിയേണ്ടി വന്നിട്ടും അവർ നൈതികയുടെ ലക്ഷ്മണരേഖ മറികടക്കുന്നില്ല. നാരായണഗുരുവിന്റെയും ചട്ടമ്പിസ്വാമികളുടെയും ആദർശങ്ങളുടെ സ്വാധീനമായിരിക്കും പ്രധാനകഥാപാത്രങ്ങൾ. അക്കാലത്ത് സാമൂഹ്യ, ഭരണതലങ്ങളിൽ മുന്തിയ സ്ഥാനങ്ങൾ വഹിച്ചിടുന്ന നായർ ജാതിയോട്, സൗഹൃദവും സഹകരണവും പ്രകടിപ്പിക്കാൻ കാരണമായത്. കാത്തു, സത്യവതി അമ്മ (സത്യാ) ചങ്ങാത്തം, ഗംഗൻ, ഉണ്ണിത്താൻ ഇടപാടുകൾ ഇതിന് ഉദാഹരണമാണ്.
സ്ഥലവർണന, പ്രത്യേകിച്ച് കൊച്ചി നഗരത്തിന്റെയും സമീപസ്ഥലങ്ങളിലെയും വായനക്കാർക്ക് ഗൃഹാതുരത്വം തോന്നുന്ന ശൈലിയിൽ എഴുതി ഗ്രന്ഥകർത്താവിന്റെ അനുഭവങ്ങളെ സമന്വയിപ്പിച്ച് നർമ്മത്തിൽ ചാലിച്ച് പ്രകടിപ്പിക്കുന്നു. ചരിത്ര സംഭവങ്ങളെയും രാഷ്ട്രീയപരിണാമങ്ങളെയും സത്യസന്ധമായും വസ്തുനിഷ്ഠമായും ചിത്രീകരിച്ചിരിക്കുന്നു. ഭാവന ഉപയോഗിച്ചത് കഥാപാത്ര മനോഗതി പ്രകടനത്തിലാണ്. ചുരുക്കത്തിൽ ഈ നോവലിലെ മൂല്യങ്ങൾ സ്വാംശീകരിച്ച് മനസിലാക്കിയാൽ വായനക്കാർക്ക് ആദർശസ്ഥൈര്യവും ലക്ഷ്യബോധവും കാര്യങ്ങളോടും വ്യക്തികളോടുമുള്ള സകാരാത്മക സമീപനവും ഉന്നതിയിലേക്ക് നീതിയുക്തമായി ഉയരാനുള്ള ത്വരയുടെ പ്രാധാന്യമെന്നീ മൂല്യങ്ങളോട് താത്പര്യമുണ്ടാകും.
(മുൻ ഗുജറാത്ത് ഡി.ജി.പിയായ ലേഖകന്റെ ഫോൺ : 94280 16117, ഗ്രന്ഥകർത്താവിന്റെ ഫോൺ: 85478 21599)