മണിരത്നത്തിന്റെ റോജയിലൂടെ രാജ്യമെമ്പാടും ആരാധകരെ സ്വന്തമാക്കിയ സൂപ്പർ നായിക മധുബാല ത്രില്ലിലാണ്. ആറ് വർഷങ്ങൾക്ക് ശേഷം മലയാളത്തിലേക്കുള്ള മടങ്ങിവരവാണ് താരത്തെ ത്രില്ലടിപ്പിക്കുന്നത്.വികൃതിക്ക് ശേഷം എം.സി. ജോസഫ് സംവിധാനം ചെയ്യുന്ന എന്നിട്ട് അവസാനം എന്ന ചിത്രത്തിലൂടെയാണ് മധുബാല മലയാളത്തിലേക്കെത്തുന്നത്. അടുത്ത ഏപ്രിലിൽ തുടങ്ങുന്ന ചിത്രത്തിൽ മധുബാലയ്ക്കൊപ്പം അന്ന ബെന്നും അർജുൻ അശോകനുമാണ് മറ്റ് പ്രധാന വേഷങ്ങൾ അവതരിപ്പിക്കുന്നത്.
'' I am Super duper Excited" മലയാളത്തിലേക്കുള്ള മടങ്ങിവരവിനെക്കുറിച്ച് മധുബാല പറയുന്നു.
ദുൽഖർ സൽമാൻ നായകനായ സംസാരം ആരോഗ്യത്തിന് ഹാനികരം (തമിഴിൽ വായ് മൂട് പേശവും) ആണ് മധുബാലയുടേതായി ഒടുവിൽ റിലീസായ മലയാള സിനിമ.
1991 ൽ അഭിനയത്തിലെ അരങ്ങേറ്റ വർഷത്തിൽത്തന്നെ തമിഴിൽ അഴകനിലും ഹിന്ദിയിൽ ഫൂൽ ഔർ കാണ്ഡെയിലും മലയാളത്തിൽ ഒറ്റയാൾ പട്ടാളത്തിലും നീലഗിരിയിലുമഭിനയിച്ച മധുബാല മലയാളത്തിൽ എന്നോടിഷ്ടം കൂടാമോ, യോദ്ധ എന്നീ ചിത്രങ്ങളിലും നായികയായിരുന്നു. തമിഴിലും തെലുങ്കിലും ഹിന്ദിയിലുമായി ഒരുങ്ങുന്ന ജയലളിതയുടെ ബയോപ്പിക്കായാ തലൈവിയിൽ അഭിനയിച്ച് വരികയാണ് ഇപ്പോൾ.
മധുവെന്ന പേര് മധുബാലയെന്ന് മാറ്റിയതാരാണ്?
അഴകൻ എന്ന തമിഴ് ചിത്രത്തിലൂടെ എന്നെ ലോഞ്ച് ചെയ്തത് കെ. ബാലചന്ദർ സാറാണ്. ദക്ഷിണേന്ത്യയിൽ മധുവെന്നത് ആണുങ്ങളുടെ പേരാണെന്നും പേര് മാറ്റണമെന്നും ബാലചന്ദർ സാർ പറഞ്ഞു. എനിക്ക് എന്റെ പേര് ഇഷ്ടമാണെന്നും മാറ്റേണ്ടെന്നും ഞാൻ അദ്ദേഹത്തോട് പറഞ്ഞു. അച്ഛനും അമ്മയുമിട്ട മധുവെന്ന പേര് ഞാൻ മാറ്റില്ലെന്ന് പറഞ്ഞപ്പോൾ മധുവിന്റെ കൂടെ എന്തെങ്കിലും കൂടി ചേർക്കാമെന്ന് അദ്ദേഹം. ദക്ഷിണേന്ത്യയ്ക്ക് വേണ്ടി മധുവിനൊപ്പം ഒരു വാല് കൂടി ചേർക്കാൻ ഞാൻ സമ്മതിച്ചു. ബാലയെന്ന പേരിഷ്ടമാണോയെന്ന് അദ്ദേഹം ചോദിച്ചു. ഇഷ്ടമാണെന്ന് പറഞ്ഞു. അങ്ങനെ ഞാൻ മധുബാലയായി.അഴകനാണ് ആദ്യ റിലീസ്.
കെ. ബാലചന്ദറും മമ്മൂട്ടിയും. രണ്ട്'പുലി "കൾക്ക് മുന്നിൽ
തുടക്കക്കാരിയായ മധുബാല ടെൻഷനടിച്ചിരുന്നോ?
രണ്ട് പേരും എന്നോട് വളരെ നന്നായിട്ടേ പെരുമാറിയിട്ടുള്ളൂ. ബാലചന്ദർ സാറിന് എന്റെ ജന്മസിദ്ധമായ ടാലന്റ് ബോധ്യമായിരുന്നു. ഞാൻ ഒരു ട്രെയിൻഡ് ആക്ടറൊന്നുമല്ല. ഹിന്ദി ഉച്ചാരണം കൃത്യമാക്കാൻ ആക്ടിംഗ് സ്കൂളിൽ പോയിട്ടുണ്ടെന്നേയുള്ളൂ.അടിസ്ഥാനപരമായി ഞാൻ വളരെ ഇമോഷണലാണ്. ഒരാർട്ടിസ്റ്റിനെ പോലെ അഭിനയിക്കുന്നയാളല്ല. ഇമോഷൻസ് ഫീൽ ചെയ്ത് അഭിനയിക്കുന്ന എന്റെ ശൈലി ബാലചന്ദർ സാറിന് ഒരുപാട് ഇഷ്ടമായിരുന്നു. അതുകൊണ്ടുതന്നെ അദ്ദേഹം എന്നോട് ദേഷ്യപ്പെട്ടിട്ടില്ല.
ഹേമമാലിനിയുടെ കസിനാണ് മധുബാലയെന്ന് കേട്ടിട്ടുണ്ട്.?
അച്ഛൻ ഹേമാജിയുടെ അമ്മാവനാണ്. ഹേമാജിയുടെ അമ്മയും എന്റെ അച്ഛനും സഹോദരിയും സഹോദരനുമാണ്.
അച്ഛൻ സിനിമാ നിർമ്മാതാവായിരുന്നു?
അതെ. രഘുനാഥ് എന്നാണ് അദ്ദേഹത്തിന്റെ പേര്. മാർഗ്, ആവാൻഗീ, ദോ ദിശാ യേം എന്നീ സിനിമകൾ നിർമ്മിച്ചിട്ടുണ്ട്. ദുലാൽ ഗുഹാൻ എന്ന സിനിമ സംവിധാനം ചെയ്തു.ഞാൻ സ്കൂളിൽ പഠിച്ചിരുന്ന സമയത്തായിരുന്നു അമ്മയുടെ മരണം. എന്നെയും എന്റെ സഹോദരൻ സുദർശൻ രഘുനാഥനെയും അച്ഛനാണ് വളർത്തിയത്. അതുകൊണ്ടുതന്നെ അച്ഛനോട് വലിയ അറ്റാച്ച്മെന്റുണ്ട്.ഇൗവർഷം ജനുവരിയിൽ അച്ഛനും എന്നെ വിട്ടുപോയി.സഹോദരൻ അമേരിക്കയിലെ സാന്റിയാഗോയിൽ ഒാംനിട്രാക്ക് കമ്പനിയുടെ മേധാവിയാണ്.
മണിരത്നം സംവിധാനം ചെയ്ത റോജയാണ് മധുബാലയുടെ
ജീവിതത്തിൽ വഴിത്തിരിവായ ചിത്രം?
ജീവിതത്തിൽ നമുക്ക് ചില അനുഗ്രഹങ്ങൾ തനിയെ വന്നുചേരും. എത്ര തേടിപ്പോയാലും ചിലപ്പോൾ അത് കിട്ടില്ല. സമയമാകുമ്പോൾ അത് നമ്മളെ തേടിവരും. പെരുമാൾ (മഹാവിഷ്ണു) അത് നമുക്ക് നൽകും. എന്റെ അഭിനയ ജീവിതത്തിൽ ഒന്നും ഞാൻ കണക്ക് കൂട്ടി നേടിയെടുത്തതല്ല.
കെ. ബാലചന്ദർ സാർ എന്നെ ലോഞ്ച് ചെയ്യണമെന്നത് ഞാൻ പ്ളാൻ ചെയ്തതല്ല. പക്ഷേ അഴകനിലൂടെ അദ്ദേഹമാണ് എന്നെ ലോഞ്ച് ചെയ്തത്.റോജ പോലൊരു സിനിമ എനിക്ക് ലഭിക്കുമെന്നോ എന്റെ ജീവിതത്തിൽ അതൊരു നാഴികക്കല്ലാകുമെന്നോ ഞാൻ വിചാരിച്ചിരുന്നില്ല. റോജയിൽ അഭിനയിക്കുന്ന സമയത്ത് എന്റെ ജീവിതത്തിൽ വഴിത്തിരിവാകാൻ പോകുന്ന സിനിമയിലാണ് ഞാൻ അഭിനയിക്കുന്നതെന്നും വിചാരിച്ചിട്ടില്ല. ഒരു സിനിമ ചെയ്യുന്നു, അത്രേയുള്ളൂ.
ഇരുവറിൽ മോഹൻലാലായിരുന്നു നായകൻ. മലയാളത്തിലെ
രണ്ട് സൂപ്പർ സ്റ്റാറുകളുടെയും കൂടെ മലയാളത്തിലും തമിഴിലും അഭിനയിച്ചല്ലോ?
മോഹൻലാൽ സാറിനൊപ്പം മുഴുനീള വേഷം ചെയ്തത് യോദ്ധയിലാണ്. നേപ്പാളിൽ ഒരുമാസത്തെ ഷൂട്ടിംഗുണ്ടായിരുന്നു. നിങ്ങൾക്കറിയുന്ന പോലെതന്നെ മോഹൻലാൽ സർ വളരെ ജോളിയായ മനുഷ്യനാണ്. എപ്പോഴും റിലാക്സ്ഡായിരിക്കും. യോദ്ധയുടെ ഷൂട്ടിംഗ് നടക്കുന്ന സമയത്ത് മോഹൻലാൽ സാറിനെ ഒരിക്കൽപ്പോലും ഞാൻ ടെൻഷനടിച്ച് കണ്ടിട്ടില്ല. എനിക്ക് മലയാളം ഒട്ടുമറിയില്ല. മോഹൻലാൽ സാറും ജഗതി ശ്രീകുമാർ ചേട്ടനുമൊക്കെ എനിക്ക് മലയാളം ഡയലോഗുകളും ഉച്ചാരണവുമൊക്കെ പറഞ്ഞ് പഠിപ്പിച്ചുതന്നിട്ടുണ്ട്.
വിവാഹം കഴിഞ്ഞിട്ട് ഇരുപത്തഞ്ച് വർഷമായി.
ഒരു ഭാര്യ, അമ്മ എന്ന നിലയിൽ സ്വയം വിലയിരുത്തിയാൽ?
ഞാനൊരു ഫ്രണ്ട ്ലി അമ്മയാണ്. മക്കളെ ഒരുപാട് നിയന്ത്രിക്കാറൊന്നുമില്ല. എന്നെയും അച്ഛനും അമ്മയും ആവശ്യത്തിൽ കൂടുതൽ നിയന്ത്രിച്ചിട്ടില്ല. ഞാനത് എന്റെ മക്കളോടും കാണിക്കുന്നു.
ഞാൻ ചെയ്യണമെന്നാഗ്രഹിക്കുന്ന കാര്യം ചെയ്യാൻ എന്റെ അച്ഛനും ഭർത്താവും എന്നെ അനുവദിച്ചു. അതുപോലെ മക്കൾ അവർക്കിഷ്ടമുള്ളത് ചെയ്യട്ടെ. ഞാനത് സപ്പോർട്ട് ചെയ്യും. എല്ലാ കാര്യങ്ങളും ഞാനവരോട് തുറന്ന് സംസാരിക്കാറുണ്ട്.സപ്പോർട്ടീവായ ഭാര്യയാണെങ്കിലും ഞാനല്പം വഴക്കാളിയാണ്. ഭർത്താവ് എന്നോട് വഴക്കിടാറില്ല. പക്ഷേ, ഞാൻ അങ്ങോട്ട് പോയി വഴക്കിടും. എന്റെയാ സ്വഭാവം അദ്ദേഹം സഹിക്കുന്നത് തന്നെ ഭാഗ്യം. പെട്ടെന്ന് ദേഷ്യം വരുന്ന പ്രകൃതമാണ് എന്റേത്.