gold-investment

ന്യൂഡല്‍ഹി: ലോകം യു.എസ് തിരഞ്ഞെടുപ്പ് ഫലത്തിനായി ഉറ്റു നോക്കുകയാണ്. ഡോണാള്‍ഡ് ട്രംപോ, ജോ ബൈഡനോ ആരാകും അടുത്ത അമേരിയ്ക്കന്‍ പ്രസിഡന്റ് എന്നതാണ് ആകാംക്ഷയോടെ എല്ലാവരും കാത്തിരിയ്ക്കുന്നത്. ഇതു ഉറ്റു നോക്കുകയാണ് ആഗോള വിപണികളും. നിക്ഷേപകര്‍ക്കിടയിലും ഉണ്ട് കടുത്ത ആശങ്ക.

അമേരിയ്ക്കന്‍ സൂചികയായ ഡൗ ജോണ്‍സ് കുതിച്ചുയര്‍ന്നിട്ടുണ്ട്. 2.06 ശതമാനമാണ് വര്‍ധന. ഇന്ത്യന്‍ വിപണിയിലും പോസിറ്റീവ് ട്രെന്‍ഡ് പ്രകടമാണ്. ടോക്കിയോ സ്റ്റോക്ക് എക്‌സ്‌ചേഞ്ച് സൂചികയായ നിക്കി ഉള്‍പ്പെടെ നേട്ടത്തിലാണ്. ഇന്നലെ മുംബയ് സ്റ്റോക്ക് എക്‌സ്‌ചേഞ്ച് സൂചികയായ സെന്‍സെക്‌സ് 150 പോയിന്റുകളുടെ നേട്ടം ഉണ്ടാക്കിയിരുന്നു. ഡൗ ജോണ്‍സ് ഫ്യൂച്ചര്‍ വ്യാപാരത്തില്‍ ഇന്നലെ 1.5 ശതമാനമാണ് വര്‍ദ്ധന.


സ്വര്‍ണം തിളങ്ങുമോ?

10 ഗ്രാമിന് 51,000 രൂപ നിലവാരത്തില്‍ ആയിരുന്നു കഴിഞ്ഞ ദിവസം സ്വര്‍ണ വില. യു.എസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിന് മുമ്പ് സ്വര്‍ണ വിലയില്‍ അനിശ്ചിതത്വം ഉണ്ടായിരുന്നെങ്കിലും എം.സി.എക്‌സില്‍ ഗോള്‍ഡ് ഫ്യൂച്വര്‍ വ്യാപാരം ചൊവ്വാഴ്ച ഉയര്‍ന്ന നിലവാരത്തില്‍ എത്തി. ഡിസംബറില്‍ 51,361 രൂപയാണ് മുന്‍കൂട്ടി ക്വാട്ട് ചെയ്തിരിയ്ക്കുന്ന വില. 0.58 ശതമാനം വര്‍ദ്ധനയാണുള്ളത്.

അതേസമയം, ഗോള്‍ഡ് സ്‌പോട് പ്രൈസില്‍ ഇപ്പോള്‍ ഇടിവുണ്ട്. ബുധനാഴ്ച രാവിലെ (ഇന്ന് ) നടക്കുന്ന വ്യാപാരത്തില്‍ ആണ് ഔണ്‍സിന് 0.5 ശതമാനം വില ഇടിഞ്ഞിരിയ്ക്കുന്നത്. യു.എസ് തെരഞ്ഞെടുപ്പ് ഫലം എത്താന്‍ വൈകുന്നത് നിക്ഷേപകരുടെ ആശങ്ക വര്‍ദ്ധിപ്പിച്ചേക്കാം. ട്രംപ് വീണ്ടും അധികാരത്തില്‍ എത്തും എന്ന സൂചനകളും കൊവിഡ് പ്രതിസന്ധിയും നിക്ഷേപം എന്ന നിലയില്‍ സ്വര്‍ണത്തിന് വീണ്ടും മൂല്യം കൂട്ടിയേക്കും എന്നും വിദഗ്ദ്ധര്‍ ചൂണ്ടിക്കാട്ടുന്നു. അതല്ല എക്‌സിറ്റ്‌പോള്‍ സൂചിപ്പിച്ചത് പോലെ ബൈഡനു മുന്‍തൂക്കം ലഭിച്ചാല്‍ അടുത്ത സാമ്പത്തിക ഉത്തേജന പാക്കേജ് ഉടന്‍ ഉണ്ടാകും എന്നതിനാല്‍ ഓഹരികള്‍ കരുത്താര്‍ജിയ്ക്കും എന്നും നിരീക്ഷകര്‍ സൂചിപ്പിയ്ക്കുന്നു.