us-election

വാഷിംഗ്ടൺ: ലോകം ഉദ്വേഗത്തോടെ നോക്കി കാണുന്ന അമേരിക്കൻ പ്രസിഡൻഷ്യൽ തിരഞ്ഞെടുപ്പിൽ അമേരിക്കൻ ജനത വിധിയെഴുതി കഴിഞ്ഞു. 538 ഇലക്ടറൽ കോളജ് വോട്ടുകളിൽ 248 നേടി ഡെമൊക്രാറ്റിക് സ്ഥാനാർത്ഥി ജോ ബൈഡൻ​ ലീഡ് ചെയ്യുന്നു. 213 വോട്ട് നേടിയ പ്രസിഡന്റും റിപ്പബ്ലിക്കൻ സ്ഥാനാർത്ഥിയുമായ ട്രംപ് വലിയ തിരിച്ചുവരവാണ് കാഴ്ചവച്ചത്. പ്രസിഡന്റ് പദത്തിലേറാൻ 270 ഇലക്ടറൽ വോട്ടാണ് വേണ്ടത്.

അരിസോണ, കാലിഫോണിയ, വാഷിംഗ്ടൺ, ന്യൂയോർക്ക്, ഇല്ലിനോയിസ്, മെയ്ൻ, മിനിസോട്ട, ഹവായ്, മിഷിഗൺ,വിസ്കോൻസിൻ എന്നീ സംസ്ഥാനങ്ങളിൽ ബൈഡൻ വിജയിച്ചപ്പോൾ, നിർണായക സംസ്ഥാനങ്ങളായ ഫ്ളോറിഡ, ഒഹിയോ, ലോവ, മിസോറി, ടെക്സാസ്, ഇയോവ, മൊന്റാന, ഉതഹ് എന്നീ സംസ്ഥാനങ്ങൾ ട്രംപ് നേടി. ബൈഡന്റെ അരിസോണയിലെ വിജയം രാഷ്ട്രീയ ചരിത്രമായി. 1996ന് ശേഷം അരിസോണയിൽ നിന്ന് വിജയിക്കുന്ന ആദ്യ ഡെമോക്രാറ്റിക് സ്ഥാനാർത്ഥിയാണ് ബൈഡൻ. ജോർജിയ, നോർത്ത് കരോലിന, നെവാഡ, പെൻസിൽവാനിയ, അലാസ്ക എന്നീ സംസ്ഥാനങ്ങളിലെ ഫലം പ്രഖ്യാപിക്കാനുണ്ട്.

അമേരിക്കൻ വംശജരല്ലാത്തവരും കറുത്ത വർഗക്കരായ അമേരിക്കക്കാരും ബൈഡന്​ വോട്ട് ചെയ്തെന്നാണ് അഭിപ്രായ സർവേകൾ സൂചിപ്പിക്കുന്നത്. സ്ത്രീ വോട്ടർമാർക്കിടയിലും വെള്ളക്കാരല്ലാത്ത വോട്ടർമാർക്കിടയിലും​ ബൈഡനാണ് സ്വാധീനം. അതേസമയം, ​അമേരിക്കൻ വംശജർ, 65 വയസിനു മുകളിൽ പ്രായമുള്ളവർ, ബിരുദമില്ലാത്തവർ എന്നീ വിഭാഗങ്ങൾക്കിടയിൽ ട്രംപിന് അനുകൂലമായി നിലപാട് സ്വീകരിച്ചെന്നാണ് റിപ്പോർട്ട്.

യുഎസ് തിരഞ്ഞെടുപ്പിന്റെ സമ്പൂർണ ഫലം പുറത്തിറങ്ങുന്നതിനു മുൻപ് തന്നെ ട്രംപ് വിജയം അവകാശപ്പെട്ട് രംഗത്തെത്തിയിരുന്നു. പെൻസിൽവാനിയ, മിഷിഗൺ, വിസ്കോൻസിൻ സംസ്ഥാനങ്ങളിലും താൻ ജയിക്കുമെന്ന് ട്രംപ് അവകാശപ്പെട്ടു. തിരഞ്ഞെടുപ്പ് ഫലത്തിനെതിരെ സുപ്രീം കോടതിയെ സമീപിക്കുമെന്നും ട്രംപ് വ്യക്തമാക്കിയിരുന്നു.

ട്രംപിന്റെ ഭാര്യയും പ്രഥമവനിതയുമായ മെലാനിയ ട്രംപ് ഫ്ലോറിഡയിലാണ് വോട്ട് രേഖപ്പെടുത്തിയത്. മുൻ പ്രസിഡന്റ് ബിൽ ക്ലിന്റനും ഭാര്യ ഹിലരി ക്ലിന്റനും ഡെമോക്രാറ്റിക് സ്ഥാനാർത്ഥികളായ ജോ ബൈഡനും കമല ഹാരിസിനും വോട്ട് രേഖപ്പെടുത്തി. താനും ഹിലരിയും ബൈഡനും കമലയ്ക്കും വോട്ട് രേഖപ്പെടുത്തിയ വിവരം ക്ലിന്റൺ തന്നെയാണ് ട്വിറ്ററിലൂടെ വെളിപ്പെടുത്തിയത്.

അതേസമയം,​ പോസ്റ്റൽ വോട്ടുകളും മറ്റും എണ്ണി തീർക്കാൻ സമയമെടുക്കുന്നതിനാൽ പൂർണഫലം വൈകിയേക്കുമെന്നാണ് റിപ്പോർട്ടുകൾ. പലയിടത്തും വോട്ടെണ്ണിത്തീരാൻ എത്ര സമയമെടുക്കുമെന്ന കാര്യം ഇപ്പോഴും വ്യക്തമല്ല. വോട്ടുകൾ പൂർണമായും എണ്ണിത്തീരാൻ ചിലപ്പോൾ ആഴ്ചകൾത്തന്നെ വേണ്ടിവന്നേക്കുമെന്ന് ബി.ബി.സി റിപ്പോർട്ട് ചെയ്യുന്നു.

അമേരിക്കൻ ജനപ്രതിനിധി സഭയായ കോൺഗ്രസിലേക്ക് നടന്ന തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണലും പുരോഗമിക്കുകയാണ്. 188 സീറ്റ് നേടിയ ഡെമോക്രാറ്റിക് പാർട്ടി ലീഡ് ചെയ്യുന്നു. റിപ്പബ്ലിക്കൻ പാർട്ടി 181 സീറ്റുകൾ നേടി. ഭൂരിപക്ഷം കിട്ടാൻ 218 സീറ്റ് വേണം. ഉപരിസഭയായ സെനറ്റിൽ 47 വീതം സീറ്റുകളാണ് ഇരു പാർട്ടികളും നേടിയത്. 100 അംഗ സെനറ്റിൽ 51 സീറ്റ് വേണം ഭൂരിപക്ഷം ലഭിക്കാൻ.