ipl

ഐ.പി.എൽ ആദ്യ ക്വാളിഫയറിൽ ഇന്ന് മുംബയ് ഇന്ത്യൻസും ഡൽഹി ക്യാപിറ്റൽസും ഏറ്റുമുട്ടും

ജയിക്കുന്നവർ ഫൈനലിൽ,തോൽക്കുന്നവർക്ക് രണ്ടാം ക്വാളിഫയറിൽ ചാൻസ്

നാളെ എലിമിനേറ്ററിൽ ബാംഗ്ളൂർ - ഹൈദരാബാദ് പോരാട്ടം

ദുബായ് : ലീഗ് റൗണ്ട് കടന്ന് ഐ.പി.എൽ പ്ളേ ഓഫിലെത്തുമ്പോൾ ആവേശം കൊടികയറുകയാണ്.ഇന്ന് പോയിന്റ് പട്ടികയിലെ ഒന്നാം സ്ഥാനക്കാരായ മുംബയ് ഇന്ത്യൻസും രണ്ടാം സ്ഥാനക്കാരായ ഡൽഹി ക്യാപ്പിറ്റൽസും തമ്മിലുള്ള ഒന്നാം ക്വാളിഫയർ മത്സരത്തോടെയാണ് പ്ളേഓഫ് റൗണ്ടിന് തുടക്കമാകുന്നത്. ഇനി നാല് കളിയകലെ കിരീടജേതാക്കളെ അറിയാം.

ആദ്യത്തെ ഫൈനലിസ്റ്റുകളെ കണ്ടെത്താനാണ് ഒന്നാം ക്വാളിഫയർ.ഇതിൽ ജയിക്കുന്നവർ ഫൈനലിൽ ഇടം പിടിക്കും.രണ്ടാമതെത്തുന്നവർക്ക് നിരാശരായി മടങ്ങേണ്ടിവരില്ല.അവർക്ക് രണ്ടാം ക്വാളിഫയറിൽ ഒരു അവസരം കൂടി ലഭിക്കും. അവിടെ എലിമിനേറ്റർ മത്സരത്തിലെ വിജയിയെ തോൽപ്പിച്ചാൽ ഫൈനൽ വാതിൽ തുറക്കപ്പെടും. നാളെ മൂന്നും നാലും സ്ഥാനക്കാരായ സൺറൈസേഴ്സ് ഹൈദരാബാദും ബാംഗ്ളൂർ റോയൽ ചലഞ്ചേഴ്സും തമ്മിലാണ് എലിമിനേറ്റർ.ഞായറാഴ്ചയാണ് രണ്ടാം ക്വാളിഫയർ.

ആദ്യ മത്സരത്തിൽ ചെന്നൈ സൂപ്പർ കിംഗ്സിനോട് തോറ്റശേഷം വിജയവഴിയിലേക്ക് വന്ന മുംബയ് ലീഗ് റൗണ്ടിലെ 14 മത്സരങ്ങളിൽ ഒൻപത് വിജയങ്ങൾ നേടിയാണ് പോയിന്റ് പട്ടികയിലെ ഒന്നാമന്മാരായത്. ആദ്യമെന്നപോലെ അവസാന ലീഗ് മത്സരത്തിലും മുംബയ് തോൽക്കുകയായിരുന്നു.മുംബയ്ക്ക് എതിരായ പത്തുവിക്കറ്റിന്റെ വിജയത്തോടെയാണ് സൺറൈസേഴ്സ് പ്ളേ ഓഫിലെ സ്ഥാനം ഉറപ്പിക്കുന്നതും.

യുവനായകൻ ശ്രേയസ് അയ്യരുടെ കരുത്തുറ്റ ക്യാപ്ടൻസിക്ക് കീഴിൽ ആദ്യഘട്ടത്തിൽ തുടർവിജയങ്ങൾനേടിയ ഡൽഹി എട്ട് വിജയങ്ങളുമായി 16 പോയിന്റുകൾ നേടി രണ്ടാംസ്ഥാനക്കാരായപ്പോൾ അവസാന ഘട്ടത്തിലെ തുടർതോൽവികൾ ചർച്ചയായിരുന്നു.തുടർച്ചയായ നാലു തോൽവികൾക്ക് ശേഷമാണ് ബാംഗ്ളൂരിനെ കീഴടക്കി ഡൽഹി ലീഗ് ഘട്ടം അവസാനിപ്പിച്ചത്.

നേർക്കുനേർ

ഈ സീസണിൽ രണ്ട് തവണ നേരിട്ടപ്പോഴും മുംബയ് ഇന്ത്യൻസ് ഡൽഹിയെ തോൽപ്പിച്ചിരുന്നു.സീസണിൽ ഡൽഹിക്ക് തോൽപ്പിക്കാൻ കഴിയാത്ത രണ്ട് ടീമുകളിലൊന്ന് മുംബയ് ആണ്. മറ്റൊന്ന് സൺറൈസേഴ്സും.

ഒക്ടോബർ 11ന് നടന്ന ആദ്യ മത്സരത്തിൽ രോഹിത് നയിച്ച മുംബയ് അഞ്ചുവിക്കറ്റിനാണ് വിജയിച്ചത്. ഡൽഹിയുടെ 162/4 രണ്ട് പന്തുകൾ ബാക്കിനിൽക്കേ മുംബയ് മറികടക്കുകയായിരുന്നു.

ഒക്ടോബർ 31ന് നടന്ന രണ്ടാം മത്സരത്തിൽ മുംബയ് വിജയം ആഘോഷിച്ചത് ഒൻപത് വിക്കറ്റിന്. ദുബായ്‌യിൽ ആദ്യം ബാറ്റുചെയ്ത ഡൽഹി 109/9ലൊതുങ്ങി. ഇതേ വേദിയിലാണ് ഇന്ന് ക്വാളിഫയർ നടക്കുന്നതും.

മുംബയ്‌യുടെ മേൽക്കോയ്മ

കളിക്കണക്കുകളിലും നിലവിലെ ഫോമിലും മുൻതൂക്കം മുംബയ് ഇന്ത്യൻസിനാണ്. മുംബയ്ക്ക് മേൽക്കോയ്മ നൽകുന്ന ഘടകങ്ങൾ ഇവയാണ്

1.രോഹിത്ശർമ്മ തിരിച്ചെത്തിയപ്പോൾ ബാറ്റിംഗ് നിരയ്ക്ക് കരുത്തുകൂടി. ഡികോക്ക്.സൂര്യകുമാർ യാദവ്,ഇശാൻ കിഷൻ,സൗരഭ് തിവാരി.പാണ്ഡ്യ ബ്രദേഴ്സ് എന്നിവരെല്ലാം ഫോം പ്രകടിപ്പിക്കുന്നു.

2. മുൻനിരയ്ക്ക് തകർച്ച നേരിട്ടാലും ഒരുവിധം മാന്യമായ സ്കോറിലേക്ക് എത്താൻ കഴിയുന്ന രീതിയിൽ അവസാന ഓവറുകളിൽ വമ്പനടികൾക്ക് ശേഷിയുള്ള പൊള്ളാർഡിന്റെ സാന്നിദ്ധ്യം.

3.സമ്മർദ്ദങ്ങൾ അലട്ടാതെ കളിക്കാനും തിരിച്ചടികളെ ക്ഷമയോടെ നേരിട്ട് മത്സരത്തിന്റെ താളംതന്നെ മാറ്റാനുമുള്ള ശേഷി പലകുറി മുംബയ് ബാറ്റിംഗ് നിര പുറത്തെടുത്തിട്ടുണ്ട്.

4.ഒന്നോ രണ്ടോ പേരെ മാത്രം ആശ്രയിച്ചല്ല മുംബയ്‌യുടെ ബാറ്റിംഗും ബൗളിംഗും . ആൾറൗണ്ടർമാരായ പൊള്ളാഡും പാണ്ഡ്യമാരും ഏത് സാഹചര്യത്തിലും ടീമിന് പ്രയോജനപ്പെടുത്താൻ കഴിയുന്നവർ.

5.ട്രെന്റ് ബൗൾട്ടും ജസ്പ്രീത് ബുംറയും ബൗളിംഗിൽ നൽകുന്ന കരുത്ത് പറഞ്ഞറിയിക്കാനാവില്ല. ഇവർ ഇല്ലാതിരുന്നതാണ് അവസാനമത്സരത്തിൽ ജയിക്കാൻ ഹൈദരാബാദിന് വഴിയൊരുക്കിയത്.

ഡൽഹിയുടെ പോരാട്ടവീര്യം

1.യുവതാരങ്ങളും പരിചയസമ്പന്നരും ഇഴചേർന്ന ടീമാണ് ഡൽഹി ക്യാപിറ്റൽസ്. ബാറ്റിംഗിലും ബൗളിംഗിലുംഇത് കാണാം.

2. ശ്രേയസ് അയ്യരുടെ ക്യാപ്ടൻസിയും റിക്കി പോണ്ടിംഗിന്റെ കോച്ചിംഗ് പാടവവും ഒന്നിനൊന്ന് മെച്ചം.

3. തുടക്കത്തിൽ പൃഥ്വി ഷായും ശ്രേയസും റിഷഭ് പന്തുമൊക്കെയായിരുന്നു മിന്നും താരങ്ങളെങ്കിൽ അവസാനഘട്ടത്തിൽ ശിഖർ ധവാനും അജിങ്ക്യ രഹാനെയും ഫോമിലേക്ക് ഉയർന്നത് നല്ല സൂചനയാണ്.

4. അൻറിച്ച് നോർക്കിയ എന്ന ദക്ഷിണാഫ്രിക്കാരൻ പേസറാണ് ഡൽഹി ബൗളിംഗിലെ തുറുപ്പുചീട്ട്.വേഗതയും കൃത്യതയുമാണ് നോർക്കിയയുടെ മുഖമുദ്ര.

5.റബാദയും അശ്വിനും നോർക്കിയയ്ക്ക് നൽകുന്ന പിന്തുണയും മാർക്കസ് സ്റ്റോയ്നിസിന്റെയും അക്ഷർ പട്ടേലിന്റെയും ആൾറൗണ്ട് മികവും ടീമിന് കരുത്താകുന്നു.

രോഹിത് ഫാക്ടർ

പരിക്ക് കാരണം നാലുമത്സരങ്ങളിൽ നിന്ന് വിട്ടുനിൽക്കേണ്ടിവന്ന നായകൻ രോഹിത് ശർമ്മയുടെ തിരിച്ചുവരവ് മുംബയ്ക്ക് ആത്മവിശ്വാസം പകരം. പ്ളേഓഫിലേ രോഹിത് മടങ്ങിയെത്തൂ എന്ന് കരുതിയിരുന്നെങ്കിലും അവസാന ലീഗ് മത്സരത്തിൽ കളിക്കാനിറങ്ങി. എന്നാൽ നാലുറൺസേ ഈ മത്സരത്തിൽ നേടാനായുള്ളൂ.പരിക്ക് അലട്ടുന്നില്ലെങ്കിൽ ഏത് നിമിഷവും അപകടകാരിയായി മാറാൻ രോഹിതിന് കഴിയും.

പരിക്കുമൂലം കുറച്ചുമത്സരങ്ങളിൽ നിന്ന് വിട്ടുനിൽക്കേണ്ടിവന്നത് രോഹിതിന്റെ താളം നഷ്ടമാക്കിയിട്ടുണ്ട്. സൺറൈസേഴ്സിനെതിരെ നമ്മളത് കണ്ടതാണ്. അത് ഞങ്ങൾ മുതലാക്കും.

- ശിഖർ ധവാൻ ,ഡൽഹി ക്യാപിറ്റൽസ് ബാറ്റ്സ്മാൻ

7.30 pm

മുതൽ ദുബായ്‌യിലാണ് മത്സരം. സ്റ്റാർ സ്പോർട്സിൽ ലൈവ്.