വാഷിംഗ്ടൺ:അമേരിക്കയിലെ പ്രസിഡൻഷ്യൽ തിരഞ്ഞെടുപ്പിൽ ആരാകും വിജയം നേടുകയെന്ന ആശയകുഴപ്പത്തിലാണ് ലോകമിപ്പോൾ. സർവേഫലങ്ങൾ ഡെമോക്രാറ്റിക്ക് പാർട്ടി സ്ഥാനാർത്ഥി ജോ ബെെഡന് അനുകൂലമായിരുന്നെങ്കിലും ഫലങ്ങൾ പുറത്തുവരുമ്പോൾ പ്രവചനങ്ങൾ അപ്പാടെമാറിമറിഞ്ഞു.നിലവിൽ റിപ്പബ്ലിക്കൻ പാർട്ടി പാർട്ടി സ്ഥാനാർത്ഥി ഡൊണാൾഡ് ട്രംപും ബെെഡനും തമ്മിൽ ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടക്കുന്നത്.
അമ്പത് സംസ്ഥാനങ്ങളിൽ വോട്ടെണ്ണിയ 43 ഇടത്തേയും ഫലങ്ങൾ പുറത്തുവന്നപ്പോൾ ഇരുകക്ഷികൾക്കും വിജയിക്കാൻ ആവശ്യമായ 270 ഇലക്ടറൽ വോട്ടുകൾ നേടാനായില്ല. ഇതുവരെ പുറത്തുവന്ന ഫലങ്ങൾ പ്രകാരം ബെെഡന് 238 വോട്ടുകളും ഡൊണാൾഡ് ട്രംപ് 213 ഇലക്ടറൽ വോട്ടുകളുമാണ് ലഭിച്ചത്. ഇനിയും വോട്ടെണ്ണൽ പൂർത്തിയാകാത്ത ഏഴ് സംസ്ഥാനങ്ങളുടെ ഫലം കൂടി പുറത്തുവന്നാൽ മാത്രമെ ആരാകും വിജയി എന്നതിൽ വ്യക്തതവരികയുള്ളു.
നെവാഡ,വിസ്കോൺസിൻ ,മിഷിഗൺ ,പെൻസിൽവാനിയ,നോർത്ത് കറോലിന, ജോർജിയ,അലാസ്ക തുടങ്ങിയ സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് ഫലങ്ങളാണ് ഇനി പ്രഖ്യാപിക്കാനുള്ളത്. ഇതിൽ മിഷിഗൺ ,പെൻസിൽവാനിയ, നോർത്ത് കറോലിന,ജോർജിയ,അലാസ്ക തുടങ്ങിയ അഞ്ച് സംസ്ഥാനങ്ങളിൽ വോട്ടെണ്ണൽ തുടരുമ്പോൾ ബെെഡനെക്കാൾ ഒരുപടി മുന്നിലാണ് ട്രംപ്. നെവാഡ, വിസ്കോൺസിൻ എന്നിവിടങ്ങളിൽ ബെെഡൻ മുന്നേറുകയാണ്. തിരഞ്ഞെടുപ്പിന്റെ അന്തിമഫലം പുറത്തുവരുന്നതിന് മുമ്പ് തന്നെ ഇരുനേതാക്കളും വിജയം അവകാശപെട്ടിരുന്നു.