susan-b-anthony

വാഷിംഗ്ടൺ: എത്ര പ്രസിഡന്റ് തിരഞ്ഞെടുപ്പുകൾ കടന്നു പോയാലും അമേരിക്കയിലെ സ്ത്രീ വോട്ടർമാർ മറക്കാത്തൊരു മുഖമാണ് സ്ത്രീ വിമോചന പ്രസ്ഥാനത്തിന്റെ കരുത്തുറ്റ പോരാളിയായിരുന്ന സൂസൻ ബി. ആന്റണിയുടേത്. ന്യൂയോർക്കിലെ റോചെസ്റ്ററിൽ സൂസന്റെ ശവകുടീരത്തിനു മുകളിൽ ഐ വോട്ടഡ് എന്നെഴുതിയ നൂറു കണക്കിന് സ്റ്റിക്കറുകളാണ് പതിച്ചിരിക്കുന്നത്. 2016 ലെ തിരഞ്ഞെടുപ്പിലും സൂസന്റെ ശവകുടീരം സ്റ്റിക്കറുകളാൽ നിറഞ്ഞിരുന്നു. എന്നാൽ, അന്ന് സ്റ്റിക്കറുകൾ പതിച്ചത് മാറ്റാതെ വച്ചത് പിന്നീട് സൂസന്റെ മാർബിൾ ശവകുടീരത്തിന് മുകളിൽ കേടുപാടുകൾ വരുത്തിയിരുന്നു. ഇതേ തുടർന്ന് വീണ്ടും ഇങ്ങനെ സംഭവിക്കാതിരിക്കാൻ ശവകുടീരത്തിനു മുകളിൽ ഒരു കവർ വിരിച്ചിട്ടുണ്ട്. ഇതിനു മുകളിലാണ് ഇത്തവണ സ്റ്റിക്കറുകൾ പതിച്ചത്.

 ധീര വനിത

19ാം നൂറ്റാണ്ടിൽ അമേരിക്കൻ തിരഞ്ഞെടുപ്പിൽ സ്ത്രീകൾക്ക് വോട്ടവകാശം ലഭിക്കാനായും അടിമത്ത സമ്പ്രദായത്തിനെതിരെയും പോരാടിയ ധീരയാണ് സൂസൻ. അമേരിക്കന്‍ ആഭ്യന്തര യുദ്ധത്തിനു ശേഷം 14ാം ഭേദഗതിയിലൂടെ രാജ്യത്ത് ജനിച്ചുവളർന്ന എല്ലാവ ക്കും വോട്ട് ചെയ്യാന്‍ അവകാശം ലഭിച്ചെങ്കിലും, സ്ത്രീകൾക്ക് മിക്ക സംസ്ഥാനങ്ങളിലും വോട്ടവകാശം ലഭിച്ചിരുന്നില്ല. 1872 ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ നിയമം ലംഘിച്ച് സൂസൻ ന്യൂയോർക്കിലെ റോചസ്റ്ററിൽ വോട്ട് രേഖപ്പെടുത്തിയതിനെ തുടർന്ന് അവരെ അറസ്റ്റ് ചെയ്തു. പിഴയായി 100 ഡോളർ അടയ്ക്കാൻ ശിക്ഷ വിധിച്ചെങ്കിലും അവർ അതിന് തയ്യാറായില്ല. ജനാധിപത്യ പ്രക്രിയായ വോട്ട് ചെയ്യാൻ സ്ത്രീകൾക്കും അവകാശമുണ്ടെന്ന് സൂസൻ വാദിച്ചു. കാലക്രമേണ ചില സംസ്ഥാനങ്ങളിൽ സ്ത്രീകൾക്കും വോട്ടവകാശം നൽകി. പിന്നീട്, സൂസൻ മരിച്ച് 14 വർഷങ്ങൾക്ക് ശേഷം 1920 ആഗസ്റ്റിൽ സ്ത്രീകൾക്ക് വോട്ടവകാശം നൽകി. തങ്ങൾക്കായി പൊരുതിയ സൂസനോടുള്ള

ആദര സൂചകമായി തിരഞ്ഞെടുപ്പില്‍ വോട്ട് രേഖപ്പെടുത്തിക്കഴിഞ്ഞാൽ സ്ത്രീകൾ ഇവിടെയെത്തി ഐ വോട്ടഡ് എന്ന സ്റ്റിക്കറുകൾ പതിക്കുന്നത് പതിവായി മാറി.

സൂസന് മാപ്പ് നൽകി ട്രംപ്

പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ സൂസനെ രാഷ്ടീയായുധമാക്കാൻ ട്രംപ് ശ്രമിച്ചിരുന്നു. സ്ത്രീകൾക്ക് വോട്ടവകാശം നൽകിയ ഭരണഘടനയുടെ 19-ാം ഭേദഗതിയുടെ 100ാം വാർഷിക ദിനമായിരുന്ന ആഗസ്റ്റ് 18 ന് സൂസനെതിരെയുള്ള പഴയ കേസിൽ മാപ്പു നൽകുന്നെന്നും ട്രംപ് പ്രഖ്യാപിച്ചിരുന്നു.തിരഞ്ഞെടുപ്പിൽ സ്ത്രീവോട്ടർമാർ ഡെമോക്രാറ്റ് പാർട്ടിയെ ആണ് കൂടുതലും പിന്തുണയ്ക്കുന്നതെന്ന റിപ്പോർട്ട് പുറത്ത് വന്നതിനെ തുടർന്നായിരുന്നു ട്രംപിന്റെ നീക്കം.