madison-cawthorn

ലോസ്ആഞ്ചലസ് : അമേരിക്കൻ കോൺഗ്രസിലേക്ക് തിരഞ്ഞെടുക്കപ്പെടുന്ന ഏറ്റവും പ്രായം കുറഞ്ഞ റിപ്പബ്ലിക്കൻ സ്ഥാനാർത്ഥിയായി മാറി 25 കാരൻ മാഡിസൺ കാത്തോൺ. നോർത്ത് കാരലീനയിൽ നിന്നുമാണ് മാഡിസൺ ജയിച്ചിരിക്കുന്നത്. റിയൽ എസ്റ്റേറ്റ് ഇൻവെസ്റ്റ്മെന്റ് കമ്പനി സി.ഇ.ഒ ആയ മാഡിസൺ ജൂണിൽ നോർത്ത് കാരലീനയിലെ റിപ്പബ്ലിക്കൻ പ്രൈമറിയിൽ വിജയിച്ചതോടെയാണ് ദേശീയ ശ്രദ്ധ ആകർഷിക്കുന്നത്.

പ്രൈമറിയിൽ ഡൊണാൾഡ് ട്രംപ് പിന്തുണച്ച സ്ഥാനാർത്ഥിയായിരുന്ന ലിൻഡ ബെന്നറ്റിനെയാണ് പുതുമുഖമായ മാഡിസൺ പരാജയപ്പെടുത്തിയത്. 2020 റിപ്പബ്ലിക്കൻ നാഷണൽ കൺവെൻഷനിൽ മാഡിസൺ നടത്തിയ പ്രസംഗവും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. 18ാം വയസിൽ ഒരു കാർ അപകടത്തെ തുടർന്ന് ശരീരത്തിന്റെ പാതി തളർന്ന മാഡിസൺ വീൽചെയറിൽ ഇരുന്നാണ് രാഷ്ട്രീയത്തിലേക്ക് ചുവടുവച്ചത്. ഒരു മോട്ടിവേഷണൽ സ്പീക്കർ കൂടിയാണ് മാഡിസൺ. 50 വർഷങ്ങൾക്ക് ശേഷമാണ് ഇത്രയും പ്രായം കുറഞ്ഞ വ്യക്തി കോൺഗ്രസിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നത്.