കൽപ്പറ്റ:പൊലീസ് ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട മാവോയിസ്റ്റ് തമിഴ്‌നാട് തേനി സ്വദേശി വേൽമുരുകൻ നിയമ പഠനം പൂർത്തിയാക്കാതെ പൂർണസമയ സംഘടനാ പ്രവർത്തകനായി മാറുകയായിരുന്നു. നന്നേ ചെറുപ്പത്തിൽ തന്നെ മാവോയിസ്റ്റ് സംഘടനയിൽ ചേർന്നു. 2007ലാണ് നിയമ പഠനം പാതിവഴിയിൽ ഉപേക്ഷിച്ചത്.
വടക്കൻ കേരളത്തിലെ പല ജില്ലകളിലും വേൽമുരുകൻ മാവോയിസ്റ്റ് പി.എൽ.ജി.എയായി പ്രവർത്തിച്ചിട്ടുണ്ട്. 32 വയസാണെങ്കിലും നിലവിൽ കേരളത്തിൽ പ്രവർത്തിക്കുന്ന മാവോയിസ്റ്റ് നേതാക്കളിൽ സീനിയറാണ് വേൽമുരുകൻ. കേരളത്തിന് പുറത്ത് പ്രവർത്തിച്ചിട്ടുള്ള ഈ മാവോയിസ്റ്റ് നേതാവിന്റെ പേരിൽ കേരളത്തിലും മറ്റ് സംസ്ഥാനങ്ങളിലും നിരവധി കേസുകളുണ്ട്. പതിനേഴാമത്തെ വയസിൽ ഒഡിഷയിലെ കോരാപൂട്ട് പൊലീസ് സ്‌റ്റേഷൻ ആക്രമിച്ച് വൻതോതിൽ ആയുധങ്ങൾ കൊള്ളയടിച്ച കേസിൽ പ്രതിയായിരുന്നു.
2007ൽ തമിഴ്‌നാട് തേനി ജില്ലയിലെ പെരിയകുളം പൊലീസ് സ്‌റ്റേഷൻ പരിധിയിൽ ആയുധപരിശീലനം നടത്തിയതിന് കേസുണ്ട്. ഈ കേസിൽ ജാമ്യം നേടിയ വേൽമുരുകൻ ഒളിവിൽ പോവുകയായിരുന്നു. ഇയാൾക്കെതിരെ ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ചിരുന്നു.അറസ്റ്റ് ചെയ്യാൻ സഹായിക്കുന്നവർക്ക് തമിഴ്‌നാട് സർക്കാർ 2 ലക്ഷം രൂപ പാരിതോഷികവും പ്രഖ്യാപിച്ചു. കേരളത്തിൽ വയനാട്ടിൽ ഇയാൾക്കെതിരെ ഏഴും, കണ്ണൂർ, കോഴിക്കോട് ,പാലക്കാട്,മലപ്പുറം ജില്ലകളിൽ രണ്ട് വീതം കേസുകളും നിലവിലുണ്ട്.