trump-us-

എല്ലാ പ്രവചനത്തിനും അതീതമായി ട്രംപ് വിജയത്തിലേക്ക് നീങ്ങുന്ന കാഴ്ചയാണ് വോട്ടെണ്ണൽ തുടങ്ങിയപ്പോൾ കണ്ടത്. അദ്ദേഹത്തിന്റെ നാല് വർഷത്തെ പ്രവർത്തനത്തിന്റെ ഹിതപരിശോധനയായിരുന്നു അതെങ്കിൽ അമേരിക്കൻ ജനത ലോകത്തെ മുഴുവൻ അതിശയിപ്പിക്കുകയായിരുന്നു. കൊവിഡ് നിയന്ത്രിക്കുന്നതിൽ പരാജയപ്പെട്ടതും രാജ്യത്തിന്റെ സാമ്പത്തിക ഭദ്രത തകർത്തതും കുടിയേറ്റക്കാർക്കെതിരെ കർശന നടപടിയെടുത്തതും വിദേശ നയത്തിൽ കോളിളക്കം സൃഷ്ടിച്ചതുമൊക്കെ അമേരിക്കൻ ജനത അംഗീകരിക്കുകയാണെന്നും ട്രംപ് ഒരിക്കൽ കൂടി പ്രസിഡന്റാവണമെന്നും ഉള്ള സൂചനകളായിരുന്നു.

എന്നാൽ, തിരഞ്ഞെടുപ്പ് പ്രക്രിയ അവസാനിക്കുന്നതിന് മുൻപ് ട്രംപ് നടത്തിയ ഒരു പ്രസ്താവന എല്ലാവരേയും അതിശയിപ്പിച്ചു. ആ സമയത്ത് ബൈഡന് കൂടുതൽ ഇലക്ട്രൽ വോട്ടുകൾ ഉണ്ടായിരുന്നുവെങ്കിലും വോട്ടെണ്ണാനുള്ള സംസ്ഥാനങ്ങളിൽ നിന്ന് ട്രംപിന് ജയിക്കാനാവശ്യമായ 270 ഇലക്ടറൽ വോട്ട് കിട്ടുമെന്ന് പ്രതീക്ഷയുണ്ടായിരുന്നു. പക്ഷെ, അദ്ദേഹം വിജയം അവകാശപ്പെടുക മാത്രമല്ല, ചതിയിലൂടെ ബൈഡൻ ജയിക്കാൻ ശ്രമിക്കുന്നു എന്നും അതിനാൽ വോട്ടെണ്ണൽ നിറുത്തിവയ്ക്കാൻ താൻ സുപ്രീം കോടതിയിലേക്ക് പോവുകയാണെന്നും പ്രഖ്യാപിച്ചു. വോട്ട് എണ്ണിത്തീരാത്ത ചില സംസ്ഥാനങ്ങളിൽ പോസ്റ്റൽ ബാലറ്റുകളിൽ ബൈഡന് മുൻതൂക്കം ലഭിക്കുമോയെന്ന ഭയമാണ് അതിന് അദ്ദേഹത്തെ പ്രേരിപ്പിച്ചതെന്ന് വേണം കരുതാൻ. തനിക്ക് സ്വാധീനമുള്ള സുപ്രീം കോടതി വഴി വേണം ഫലപ്രഖ്യാപനമെന്നും അദ്ദേഹം ആഗ്രഹിച്ചിരിക്കാം.

പ്രശ്നം സങ്കീർണമായതോടെ ആര് ജയിക്കും എന്ന് യാതൊരു തീർച്ചയുമില്ല. പോസ്റ്റൽ വോട്ടുകൾ എണ്ണാൻ ദിവസങ്ങളോ ആഴ്ചകളോ വേണ്ടി വന്നേക്കാം. ട്രംപ് കോടതിയിൽ പോയാൽ അവസാന ഫലപ്രഖ്യാപനത്തിന് പിന്നെയും താമസമുണ്ടാകും. അവസാന ഫലപ്രഖ്യാപനം നിശ്ചയിച്ചിട്ടുള്ള ജനുവരി ആറ് വരെ ഇത് നീണ്ടുപോയേക്കാം. അതിനാൽ, 2000ത്തിൽ സംഭവിച്ചത് പോലെ അപ്രതീക്ഷിതമായ തിരഞ്ഞെടുപ്പ് ഫലം ഉണ്ടായെന്നും വരാം. ട്രംപിന്റെ വിജയം നിശ്ചയമായിട്ടില്ലെങ്കിലും അദ്ദേഹത്തിന് മുൻതൂക്കമുണ്ടെന്നും അദ്ദേഹത്തിനെ പരാജയപ്പെടുത്താൻ ബൈഡന് സാദ്ധ്യതകൾ കുറവാണെന്നും അനുമാനിക്കാം.