ഇന്നലെ വൈകിട്ട് ഇന്ത്യൻ സമയം ആറ് മണിവരെയുള്ള റിപ്പോർട്ട് പ്രകാരം പോപ്പുലർ വോട്ടിലും ഇലക്ടറൽ വോട്ടിലും ബൈഡനാണ് മുന്നിൽ. ബൈഡന് 6,90,36,555 പോപ്പുലർ വോട്ടും 227 ഇലക്ടറൽ വോട്ടും ലഭിച്ചപ്പോൾ ട്രംപിന് 6,67,53,430 പോപ്പുലർ വോട്ടും 213 ഇലക്ടറൽ വോട്ടുമാണ് കിട്ടിയത്. ബൈഡന് ഏകദേശം 23ലക്ഷം പോപ്പുലർ വോട്ടും 14 ഇലക്ടറൽ വോട്ടും കൂടുതൽ. ട്രംപും ബൈഡനും ഇതുവരെ ജയിച്ചതെല്ലാം അവരുടെ സ്വാധീന മേഖലകളായ സംസ്ഥാനങ്ങൾ തന്നെയാണ്. എന്നാൽ ബൈഡൻ പ്രതീക്ഷ അർപ്പിച്ച ചില സംസ്ഥാനങ്ങളിൽ ട്രംപ് ലീഡ് ചെയ്യുന്നുണ്ട്. അത് മാറിമറിയാം. ഒപ്പം ബൈഡന് അനുകൂലമായ മറ്റൊരു ഘടകം നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നത് ഏർലി വോട്ടിംഗ് ഉപയോഗിച്ച് നേരത്തേ ചെയ്‌ത വോട്ടുകളാണ്. കൊവിഡ് കാരണം അനുവദിച്ച ഈ സൗകര്യം ഉപയോഗിച്ച് പത്ത് കോടിയോളം പേർ നേരത്തേ വോട്ട് ചെയ്‌തു. ഇതിൽ ബഹുഭൂരിപക്ഷം വോട്ടുകളും ബൈഡന് അനുകൂലമായിരിക്കണം എന്നാണ് അവർ പറയുന്നത്. അങ്ങനെയാണെങ്കിൽ ചാഞ്ചാട്ട സംസ്ഥാനങ്ങളിൽ ബൈഡന് നഷ്ടമാകുമെന്ന് ആശങ്കയുള്ള വോട്ടുകൾ ഇതിലൂടെ പരിഹരിക്കപ്പെടാം. എങ്കിൽ ബൈഡന് വിജയ സാദ്ധ്യത തള്ളിക്കളയാനാവില്ല.