pinaka-rocket-system

ഭുവനേശ്വർ: അടുത്തുള്ള ലക്ഷ്യങ്ങളെ പ്രഹരിക്കാൻ ഉപയോഗിക്കുന്ന പിനാക റോക്കറ്റിന്റെ നവീകരിച്ച പതിപ്പ് വിജയകരമായി പരീക്ഷിച്ച് ഡി.ആർ.ഡി.ഒ.

ഇന്നലെ ഒഡിഷയിലെ ചാന്ദിപ്പൂർ ഇന്റഗ്രേറ്റഡ് ടെസ്‌റ്റിംഗ് റേഞ്ചിലായിരുന്നു പരീക്ഷണം.

പിനാകാ എം.കെ1 മോഡലിന്റെ പരിഷ്‌കരിച്ച പതിപ്പാണിത്. ഒന്നിനു പുറകെ ഒന്നായി ആറു റോക്കറ്റുകൾ വിക്ഷേപിച്ചാണ് പുതിയ മോഡൽ പരീക്ഷിച്ചത്. 90 കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്ന ശത്രുക്കളെയും ശത്രു താവളങ്ങളേയും കൃത്യയോടെ തകർക്കാൻ ശേഷിയുള്ള റോക്കറ്റുകളാണിവ.

റോക്കറ്റിന്റെ ഗതിയറിയാനുള്ള ടെലിമെട്രി, റഡാർ, ഇലക്ട്രോ ഒപ്ടിക്കൽ ട്രാക്കിംഗ് സംവിധാനങ്ങളും ഇതോടൊപ്പമുണ്ട്.

ശിവന്റെ വില്ലിന്റെ പേരിട്ട് ഡി.ആർ.ഡി.ഒ വികസിപ്പിച്ച പിനാക മൾട്ടി ബാരൽ റോക്കറ്റ് ലോഞ്ചറിൽ നിന്ന് 44 സെക്കൻഡിൽ 12 റോക്കറ്റുകൾ ഒരേസമയം വിക്ഷേപിക്കാം.

ഡി.ആർ.ഡി.ഒയുടെ സാങ്കേതിക വിദ്യ ഉപയോഗിച്ച് പൂനെയിലെ ഇക്കണോമിക് എക്‌സ്‌പ്ളോസീവ്‌സ് ലിമിറ്റഡാണ് റോക്കറ്റ് നിർമ്മിച്ചത്. നിലവിൽ വിന്ന്യസിച്ചിട്ടുള്ള പിനാകാ 1 റോക്കറ്റിന്റെ പ്രഹര പരിധി 40കിലോമീറ്ററാണ്.

കാർഗിൽ യുദ്ധ വേളയിൽ പ്രഹരശേഷി തെളിയിച്ച പിനാക റോക്കറ്റുകൾ ചൈനീസ്-പാകിസ്ഥാൻ അതിർത്തിയിൽ വിന്യസിച്ചിട്ടുണ്ട്. പരിഷ്‌കരിച്ച പതിപ്പ് കൂടുതൽ ദൂരം സഞ്ചരിക്കുമെന്ന് പ്രതിരോധ മന്ത്രാലയം അറിയിച്ചു.

ഏതു കാലാവസ്ഥയെയും അതിജീവിക്കുമെന്നതാണ് ഇതിന്റെ പ്രത്യേകത.