macron

കൊൽക്കത്ത : പ്രവാചകൻ മുഹമ്മദിനെ ചിത്രീകരിക്കുന്ന കാർട്ടൂണിനെ ചൊല്ലിയുള്ള വിവാദത്തിൽ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണിനെതിരെ കൊൽക്കത്തയിലും ഇസ്ലാമിക സംഘടനകളുടെ പ്രതിഷേധം. മാക്രോണിന്റെ കോലങ്ങളുമായി അണിനിരന്ന പ്രവർത്തകർ കേന്ദ്ര സർക്കാർ ഉടനടി ഫ്രഞ്ച് അംബാസിഡറെ വിളിച്ചുവരുത്തി അപലപിക്കണമെന്നും ആവശ്യപ്പെട്ടു.

മാക്രോണിന്റെ കോലങ്ങൾ പ്രതിഷേധക്കാർ കത്തിക്കുകയും ചെയ്തു. അതേ സമയം, ഫ്രാൻസിനെയും പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണിനെയും ഇന്ത്യ പിന്തുണയ്ക്കുന്നതായി കേന്ദ്രം നേരത്തെ നിലപാട് വ്യക്തമാക്കിയിരുന്നു. മുഹമ്മദ് നബിയുടെ കാര്‍ട്ടൂണ്‍ ചിത്രങ്ങള്‍ ക്ലാസില്‍ വിദ്യാര്‍ത്ഥികള്‍ക്ക് കാണിച്ച് കൊടുത്തതിന്റെ പേരിൽ പാരീസിൽ അദ്ധ്യാപകനെ കൊലപ്പെടുത്തിയിരുന്നു.

നബിയെ അപമാനിച്ചുവെന്ന് ആരോപിച്ച് സ്‌കൂളിന് പുറത്തുവച്ചാണ് അദ്ധ്യാപകന്റെ തലയറുത്ത് കൊന്നത്. അക്രമിയെ പോലീസ് വെടിവെച്ച് കൊലപ്പെടുത്തിയിരുന്നു. സംഭവം ഇസ്ലാമിക തീവ്രവാദ ആക്രമണം ആണെന്ന് ഇമ്മാനുവേല്‍ മാക്രോണ്‍ പ്രതികരിച്ചിരുന്നു. ഇതിന് പിന്നാലെ നിരവധി ഇസ്‌ലാമിക രാഷ്ട്രങ്ങൾ ഫ്രഞ്ച് ഉത്പന്നങ്ങളുടെ ബഹിഷ്കരണം ഉൾപ്പെടെ വ്യാപക പ്രതിഷേധങ്ങൾ നടത്തിയിരുന്നു.