trump

വാഷിംഗ്ടൺ: അമേരിക്കൻ പ്രസിഡൻഷ്യൽ തിരഞ്ഞെടുപ്പിൽ വീണ്ടും തകിടം മറിഞ്ഞ് ലീഡ് നില. ഫലങ്ങൾ പുറത്തുവരാനുള്ള ഏഴ് സംസ്ഥാനങ്ങളിൽ ഒന്നായ മിഷിഗണിൽ ട്രംപിനെ കടത്തിവെട്ടി ബെെഡൻ മുന്നേറുന്നു. വിസ്കോൺസിനിലും നെവാഡയിലും ബെെഡൻ ലീഡ് നിലനിറുത്തുകയാണ്. നിലവിൽ 238 ഇലക്ടറൽ വോട്ടുകൾ നേടിയ ബെെഡൻ മിഷിഗണിൽ കൂടിവിജയിച്ചാൽ ലീഡ് നിലയിൽ 270 എത്തിയേക്കും. 11 ശതമാനം വോട്ടെണ്ണൽ പൂർത്തിയാകാൻ ബാക്കിയുള്ളപ്പോൾ മിഷിഗണിലെ ഫലം ഇരു സ്ഥാനർത്ഥികൾക്കും നിർണായകമാണ്.

അമ്പത് സംസ്ഥാനങ്ങളിൽ വോട്ടെണ്ണിയ 43 ഇടത്തേയും ഫലങ്ങൾ പുറത്തുവന്നപ്പോൾ ഇരുകക്ഷികൾക്കും വിജയിക്കാൻ ആവശ്യമായ 270 ഇലക്ടറൽ വോട്ടുകൾ നേടാനായില്ല. ഇതുവരെ പുറത്തുവന്ന ഫലങ്ങൾ പ്രകാരം ബെെഡന് 238 വോട്ടുകളും ഡൊണാൾഡ് ട്രംപ് 213 ഇലക്ടറൽ വോട്ടുകളുമാണ് ലഭിച്ചത്. നെവാഡ,വിസ്കോൺസിൻ ,മിഷിഗൺ ,പെൻ‌സിൽ‌വാനിയ, നോർത്ത് കറോലിന, ജോർജിയ,അലാസ്ക തുടങ്ങിയ സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് ഫലങ്ങളാണ് ഇനി പ്രഖ്യാപിക്കാനുള്ളത്. ഇതിൽ പെൻ‌സിൽ‌വാനിയ, നോർത്ത് കറോലിന,ജോർജിയ,അലാസ്ക തുടങ്ങിയ നാല് സംസ്ഥാനങ്ങളിൽ വോട്ടെണ്ണൽ തുടരുമ്പോൾ ബെെഡനെക്കാൾ ഒരുപടി മുന്നിലാണ് ട്രംപ്. എന്നാൽ മിഷിഗൺ, നെവാഡ, വിസ്കോൺസിൻ എന്നിവിടങ്ങളിൽ ബെെഡൻ മുന്നേറുകയാണ്. ലീഡ് നിലനിറുത്തുന്ന മൂന്ന് സംസ്ഥാനങ്ങളിൽ വിജയം നേടാനായാൽ 270 ഇലക്ടറൽ വോട്ട് നേടി ബെെഡന് പ്രസിഡന്റ് ആകാനാകും.