amazon

കൊച്ചി: വനിതകള്‍ മാത്രമുള്ള ഒരു വെര്‍ച്വല്‍ കസ്റ്റമര്‍ കെയര്‍ സെന്റര്‍. ബംഗളൂരുവിലെ ആമസോണിന്റെ കസ്റ്റമര്‍ സെന്റര്‍ ഒരു പുതു മാതൃകയാണ്. പൂര്‍ണമായി വനിതകള്‍ മാത്രം പ്രവര്‍ത്തിയ്ക്കുന്ന ആമസോണിന്റെ ആദ്യ സ്ഥാപനം. ഇവിടെയ്ക്ക് 50ഓളം വനിതകളെ നിയമിച്ച് കഴിഞ്ഞു.

ആമസോണ്‍ ഇന്ത്യ എച്ച്.ആര്‍ മേധാവി സ്വാതി രുസ്താഗിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. ആമസോണിന്റെ വെര്‍ച്വല്‍ കസ്റ്റമര്‍ സര്‍വീസ് പദ്ധതി പ്രകാരമാണ് വനിതകള്‍ക്ക് പ്രാധാന്യം നല്‍കുന്ന പുതിയ സംരംഭം. ലോകമെമ്പാടുമുള്ള കസ്റ്റമര്‍ നെറ്റ്‌വര്‍ക്കിന്റെ ഭാഗമായി ആണ് പുതിയ സംരംഭം തുടങ്ങിയിരിക്കുന്നത്.


ഇന്ത്യയില്‍ കസ്റ്റമര്‍ കെയര്‍ സേവനങ്ങള്‍ നല്‍കാന്‍ ഉപഭോക്താക്കള്‍ നിരന്തരം ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് ആമസോണ്‍ കസ്റ്റമര്‍ കെയര്‍ സെന്ററുമായി എത്തുന്നത്. നിരവധി വനിതകള്‍ക്ക് വീട്ടില്‍ ഇരുന്ന് ജോലി ചെയ്യാനും ഈ സര്‍വീസ് സെന്റര്‍ സഹായകരമാണ്. രാജ്യത്തെ വനിതകള്‍ക്ക് പുതിയ ഒരു തൊഴില്‍ മോഡല്‍ കൂടെയാണ് ആമസോണ്‍ തുറന്നിടുന്നത്.

വീടിന്റെ സുരക്ഷിതത്വത്തില്‍ ഇരുന്ന് തന്നെ ജോലി ചെയ്യാന്‍ ആകും. ഒരു ഇടവേളയ്ക്ക് ശേഷം ജോലി ചെയ്യാന്‍ ആഗ്രഹിയ്ക്കുന്നവര്‍ക്കും വീട്ടില്‍ ഇരുന്ന് ജോലി ചെയ്യാന്‍ ഇഷ്ടപ്പെടുന്നവര്‍ക്കും തെരഞ്ഞെടുക്കാന്‍ ആകുന്ന വര്‍ക്കിംഗ് മോഡലാണിതെന്ന് സ്വാതി രുസ്താഗി പറയുന്നു. എച്ച്ആര്‍ രംഗത്ത് പതിറ്റാണ്ടുകളുടെ പ്രവൃത്തി പരിചയമുണ്ട് സ്വാതിയ്ക്ക്.