അഹമ്മദാബാദ്: ഗുജറാത്തിലെ കെമിക്കൽ ഫാക്ടറി ഗോഡൗണിൽ ഉണ്ടായ സ്‌ഫോടനത്തിലും തുടർന്നുണ്ടായ തീപിടിത്തത്തിലും ഒമ്പത് പേർ മരിച്ചു. അഹമ്മദാബാദ് പിരാന- പിപ്‌ലാജ് റോഡിലെ ഫാക്ടറിയിൽ ഇന്നലെ രാവിലെ 11.30ഓടെയാണ് സ്‌ഫോടനമുണ്ടായത്.
ഭൂചലനമെന്നാണ് സമീപവാസികൾ ആദ്യം കരുതിയത്. ഉഗ്ര സ്ഥോടനത്തിൽ കെട്ടിടം ഏതാണ്ട് പൂർണമായും തകർന്നു.
ഒമ്പത് പേരുടെ മരണം എൽ.ജി ആശുപത്രി അധികൃതർ സ്ഥിരീകരിച്ചു. പരിക്കേറ്റ ഒമ്പത് പേർ ആശുപത്രിയിൽ ഗുരുതരാവസ്ഥയിലാണ്. കെട്ടിടാവശിഷ്ടങ്ങൾക്കടിയിൽ നിന്ന് അഗ്നിരക്ഷാ സേനാംഗങ്ങൾ 18 പേരെ രക്ഷപ്പെടുത്തി. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായാണ് വിവരം. കെട്ടിടത്തിനുള്ളിൽ അഞ്ച് പേർ കുടുങ്ങി കിടക്കുന്നുണ്ടെന്നാണ് സംശയം. അഗ്നിരക്ഷാ സേനാംഗങ്ങൾ രക്ഷാപ്രവർത്തനം തുടരുകയാണ്.
സ്‌ഫോടനത്തിന്റെ ആഘാതത്തിൽ സമീപത്തെ വസ്ത്ര ഗോഡൗണിന്റെ മേൽക്കൂരയും ചുവരുകളും തകർന്നു. പില്ലറുകളും ബീമുകളും 50 മീറ്റർ അകലേക്ക് പതിക്കുകയും മേൽക്കൂര നിലംപതിക്കുകയും ചെയ്തു. നിരവധി ജീവനക്കാർ ഇതിനിടയിൽ കുടുങ്ങിയെങ്കിലും പിന്നീട് രക്ഷപെടുത്തി. രാസവസ്തുക്കൾക്ക് തീപ്പിടിച്ചതാണ് സ്‌ഫോടന കാരണമെന്ന് കരുതുന്നു.
മരിച്ചവരുടെ കുടുംബങ്ങൾക്ക് നാല് ലക്ഷം രൂപ നഷ്ടപരിഹാരം നൽകുമെന്ന് ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാണി പറഞ്ഞു. മുതിർന്ന രണ്ട് ഉദ്യോഗസ്ഥരുടെ മേൽനോട്ടത്തിൽ സംഭവത്തിൽ അന്വേഷണം നടത്തും.