ഭോപ്പാൽ : മദ്ധ്യപ്രദേശിലെ നിവാഡി ജില്ലയിൽ മൂന്നു വയസുകാരൻ 200 അടിത്താഴ്ചയുള്ള കുഴൽക്കിണറിൽ വീണു. ബാരാബുജുർഗ് ഗ്രാമത്തിൽ ഇന്ന് രാവിലെ ഒമ്പത് മണിയോടെയായിരുന്നു സംഭവം. കുട്ടിയുടെ മാതാപിതാക്കൾ തന്നെ അഞ്ചു ദിവസം മുമ്പ് കുഴിച്ച കുഴൽ കിണറാണിത്. ഇതിനുള്ളിലേക്ക് പൈപ്പിടുന്ന ജോലികൾ നടന്നുവരികയായിരുന്നു.
ഹരികിഷൻ കുഷ്വാഹ എന്നയാളുടെ മകനായ പ്രഹ്ളാദ് ആണ് കുഴൽക്കിണറിൽ വീണത്. കളിക്കുന്നതിനിടെയിലാണ് കുട്ടി കുഴൽക്കിണറിൽ വീണതെന്നാണ് റിപ്പോർട്ട്. കുഴൽക്കിണറിന്റെ അടിത്തട്ടിൽ നിന്നും 100 അടി ഉയരത്തിൽ വരെ വെള്ളമുണ്ട്. ജില്ലാ ഭരണകൂടം, ആർമി ഉദ്യോഗസ്ഥർ, ദുരന്തനിവാരണ സേന തുടങ്ങിയവരുടെ നേതൃത്വത്തിൽ സംയുക്തമായി രക്ഷാപ്രവർത്തനം നടന്നുവരികയാണ്.
കുട്ടി തലകീഴായി ആണ് കിണറിനുള്ളിൽ കുടുങ്ങിക്കിടക്കുന്നത്. 50 മുതൽ 60 അടി താഴ്ചയിലാണ് കുട്ടിയുടെ സ്ഥാനം. കുഴൽക്കിണറിന് സമാന്തരമായി ഒരു ടണൽ നിർമിച്ച് കുട്ടിയെ പുറത്തെടുക്കാൻ ശ്രമം തുടരുകയാണ്. ആദ്യം പ്രതികരിച്ചിരുന്നുവെങ്കിലും കുട്ടി ഇപ്പോൾ പ്രതികരിക്കുന്നില്ലെന്നാണ് റിപ്പോർട്ട്.