pinaka

ന്യൂഡൽഹി: കിഴക്കൻ ലഡാക്ക് അതിർത്തിയിൽ ചെെനയുമായി സംഘർഷ സാദ്ധ്യത നിലനിൽക്കുന്നതിനിടെ നവീകരിച്ച പിനക റോക്കറ്റ് പരീക്ഷണം വിജയകരമായി പൂർത്തിയാക്കി ഇന്ത്യ. പിനക മൾട്ടി ബാരൽ റോക്കറ്റ് സിസ്റ്റത്തിന്റെ മെച്ചപ്പെടുത്തിയ പതിപ്പാണ് ഡി.ആർ.ഡി.ഒ ഇന്ന് വിജയകരമായി പരീക്ഷിച്ചത്.

ഡി.ആർ.ഡി.ഒ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത പുതിയ പിനക റോക്കറ്റുകൾക്ക് 60 മുതൽ 90 കിലോ മീറ്റർ വരെ ദൂരം മറികടക്കാനാകും. മുമ്പത്തെ എം‌.കെ -1 റോക്കറ്റുമായി താരതമ്യപ്പെടുത്തുമ്പോൾ പുതിയ റോക്കറ്റ് സിസ്റ്റത്തിന് ദൈർഘ്യമേറെയുണ്ടെന്നും ഡി‌.ആർ.‌ഡി.‌ഒ അറിയിച്ചു. ഒഡീഷ തീരത്തുള്ള ചണ്ഡിപൂരിലെ ഇന്റഗ്രേറ്റഡ് ടെസ്റ്റ് റേഞ്ചിലാണ് പരീക്ഷണ പറക്കൽ നടത്തിയത്. പൂനെ ആസ്ഥാനമായുള്ള ഡി.ആർ.ഡി.ഒയുടെ ലബോറട്ടറികളാണ് റോക്കറ്റിന്റെ രൂപകൽപ്പന നടത്തിയത്. ആകെ ആറ് റോക്കറ്റുകൾ വേഗത്തിൽ വിക്ഷേപിച്ചുവെന്നും പരീക്ഷണങ്ങൾ പൂർണ്ണമായും വിജയിച്ചുവെന്നും ഡി‌.ആർ‌.ഡി.‌ഒ അറിയിച്ചു.

യഥാർത്ഥ നിയന്ത്രണ രേഖയിൽ ചെെന ഉയർത്തുന്ന വെല്ലുവിളികളെ നേരിടുന്നതിനാണ് പുതിയ റോക്കറ്റ് പരീക്ഷണം നടത്തിയത്. മെച്ചപ്പെടുത്തിയ പിനക മൾട്ടി ബാരൽ റോക്കറ്റുകൾ അതിർത്തിയിൽ സ്ഥാപിക്കും. സംഘർഷത്തെ തുടർന്ന് അതിർത്തിയിൽ ചെെന കൂടുതൽ റോക്കറ്റുകൾ സ്ഥാപിച്ചിരിക്കുന്നതിനാലാണ് ഇന്ത്യൻ സേനയുടെ പുതിയ നീക്കം.