അഭിപ്രായ സർവേകളെയെല്ലാം തകിടം മറിച്ച തിരഞ്ഞെടുപ്പ് ഫലമാണ് 46 -ാം അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ കാണുന്നത്. നിലവിലെ സൂചനകൾ അനുസരിച്ച് ഫലം പൂർണമായും ഉറപ്പിക്കാനായിട്ടില്ലെങ്കിലും ട്രംപ് വിജയം അവകാശപ്പെട്ടു കഴിഞ്ഞു. ഇതിനായി സുപ്രീം കോടതിയിൽ പോകുമെന്ന നിലപാടിലാണ് ട്രംപ്. ഇതുവരെ ഫലം ഉറപ്പായി പറയാവുന്ന 440 ഇലക്‌റ്ററൽ കോളേജ് പ്രതിനിധികളിൽ 227 ബൈഡന് അനുകൂലമായും 213 ട്രംപിനുമാണ് ലഭിച്ചിട്ടുള്ളത്. ബാക്കി 98 സീറ്രുകൾ വരുന്ന എട്ട് സംസ്ഥാനങ്ങളിലെ ഫലം വോട്ടെണ്ണി തീരാത്തതിനാൽ ഉറപ്പിക്കാനായിട്ടില്ല. എന്നാൽ ഇതിൽ നാല് സംസ്ഥാനങ്ങളിൽ വീതം ട്രംപും ബൈഡനും ലീഡ് ചെയ്യുന്നു. ട്രംപ് ലീഡ് ചെയ്യുന്ന ജോർജിയ, നോർത്ത് കരോലിന, പെൻസിൽവാനിയ, അലാസ്‌ക എന്നിവിടങ്ങളിൽ 55 സീറ്റുകളാണുള്ളത്. ബൈഡൻ ലീഡ് ചെയ്യുന്ന വിസ്‌കോൺസിൻ, അരിസോണ, നെവാഡ,മിഷിഗൺ, എന്നീ സംസ്ഥാനങ്ങളിൽ 43 ഇലക്‌റ്ററൽ കോളേജ് അംഗങ്ങളാണുള്ളത്. അതായത് ട്രംപ് ലീഡ് ചെയ്യുന്ന സംസ്ഥാനങ്ങളിലെ 55 ഇലക്‌റ്ററൽ കോളേജ് പ്രതിനിധികളെ ലഭിച്ചാൽ അദ്ദേഹത്തിന് ആകെ 268 പ്രതിനിധികളെ ലഭിക്കും. ബൈഡൻ ലീഡ് ചെയ്യുന്ന നാല് സംസ്ഥാനങ്ങളിലെ 43 പ്രതിനിധികളെ അദ്ദേഹത്തിന് ലഭിച്ചാൽ മൊത്തം പ്രതിനിധികളുടെ എണ്ണം 270 ആകും. അതായത് 270 ഇലക്‌റ്ററൽ കോളേജ് പ്രതിനിധികളെ ബൈഡനും 268 പ്രതിനിധികളെ ട്രംപിനും ലഭിക്കും. എന്നാൽ ഇവർ ലീഡ് ചെയ്യുന്ന പല സംസ്ഥാനങ്ങളും തമ്മിലുള്ള വോട്ട് ഷെയർ വ്യത്യാസം വളരെ കുറവാണ്. ചില സംസ്ഥാനങ്ങളിലെങ്കിലും നിലവിലെ സാദ്ധ്യതകൾ മാറിമറിഞ്ഞേക്കാം. ഇഞ്ചോടിഞ്ച് നടക്കുന്ന ഈ പോരാട്ടമാണ് അമേരിക്കൻ തിരഞ്ഞെടുപ്പിനെ അനിശ്ചിതത്വത്തിൽ ആക്കിയിരിക്കുന്നത്. നിലവിലെ സൂചനകൾ ട്രംപിന് അനുകൂലമാണ്. പോസ്‌റ്റൽ വോട്ടുകളാണ് ഇനി കൂടുതലായി എണ്ണാനുള്ളത് അതുകൊണ്ട് ബൈഡനും വിജയപ്രതീക്ഷയുണ്ട്. ഈ അനിശ്ചിതത്വം അവസാനിപ്പിക്കാൻ സുപ്രീം കോടതിയിൽ പോകുമെന്നാണ് ട്രംപ് പ്രഖ്യാപിച്ചിട്ടുള്ളത്.
ആരും പ്രതീക്ഷിക്കാത്ത പോരാട്ടമാണ് ട്രംപ് കാഴ്‌ചവച്ചിരിക്കുന്നത്. പ്രധാനപ്പെട്ട ഒരു സർവേയും അദ്ദേഹത്തിന് സാദ്ധ്യത കല്‌പിച്ചിരുന്നില്ല. എന്തൊക്കെയാണ് ഈ തിരഞ്ഞെടുപ്പിൽ ഇത്തരത്തിലുള്ള ഒരു വിധിയിലേക്ക് നയിച്ചതെന്ന് പരിശോധിക്കുകയാണിവിടെ. വംശീയ സാംസ്‌കാരിക ക്രോഡീകരണം വംശീയതയും സാംസ്‌കാരിക തനിമയുമൊക്കെ ഈ തിരഞ്ഞെടുപ്പിൽ അമേരിക്കയെ വളരെ സ്വാധീനിച്ചിട്ടുണ്ട്. വെള്ളക്കാർക്ക് അനുകൂലമായ നിലപാടാണ് ട്രംപ് തുടക്കം മുതലേ അവലംബിച്ചിട്ടുള്ളത്. അദ്ദേഹം ഇതിനെ സാംസ്കാരിക സഖ്യമാക്കി മാറ്റി എന്നുവേണം വോട്ടിംഗ് പാറ്റേൺ വച്ച് മനസിലാക്കേണ്ടത്. അമേരിക്കയെ മഹത്തരമാക്കുക എന്ന വലതുപക്ഷ ആശയത്തിൽ വെള്ളക്കാർക്കൊപ്പം വലതുപക്ഷ ആശയങ്ങളുള്ള കറുത്തവർഗക്കാരെയും ലാറ്റിനോസിനെയും എന്തിനേറെ ഇന്ത്യക്കാരെ വരെ കോർത്തിണക്കാൻ ട്രംപിന് കഴിഞ്ഞു. അതുകൊണ്ടാണ് അദ്ദേഹത്തിന് ഈ വിഭാഗങ്ങളിലെല്ലാം തന്നെ പിന്തുണ നേടി ഫ്ളോറിഡ പോലുള്ള സംസ്ഥാനങ്ങൾ നേടാനായത്. കൊവിഡിനിടയിലും ഇക്കോണമി അമേരിക്കൻ തിരഞ്ഞെടുപ്പുകളിലെ എക്കാലത്തെയും പ്രധാനപ്പെട്ട വിഷയമാണ് സാമ്പത്തികമായുള്ള നേട്ടങ്ങൾ. ഇതിനെ കുറച്ചെങ്കിലും പിടിച്ചുനിറുത്തിയത് കൊവിഡ് എന്ന മഹാമാരിയാണ്. കൊവിഡിനെ നിരാകരിച്ചും സമ്പദ് വ്യവസ്ഥയുടെ ഉത്തേജനത്തിനായി പ്രവർത്തിക്കുമെന്ന ട്രംപിന്റെ നിലപാടിന് ചെറിയതോതിലെങ്കിലും മുന്തിയ പിന്തുണ കിട്ടി എന്ന് കണക്കാക്കാവുന്നതാണ്. അതേസമയം ഈ തിരഞ്ഞെടുപ്പിനെ വാശിയേറിയതാക്കിയതിൽ കൊവിഡിനെ കൈകാര്യം ചെയ്യുന്നതിലെ ട്രംപിന്റെ പിടിപ്പുകേടും വളരെ പ്രസക്തമാണ്. ചാഞ്ചാട്ട സംസ്ഥാനങ്ങൾ മിക്കവയും ട്രംപിന് അനുകൂല നിലപാടെടുക്കാനുള്ള പ്രധാന കാരണം കൊവിഡിനെ മറികടന്നും തൊഴിലവസരങ്ങൾ സൃഷ്‌ടിക്കുമെന്നും സമ്പദ് വ്യവസ്ഥ അടച്ചിടില്ല എന്നുമുള്ള ട്രംപിന്റെ നയമാണ്. 'ഷൈ' വോട്ടേഴ്‌സ് ട്രംപിന് അനുകൂലമായിരിക്കും ഫലമെന്ന ചില സർവേകൾ 'ഷൈ' വോട്ടേഴ്‌സ് എന്ന ഒരു പുതിയ വിഭാഗത്തെ അവതരിപ്പിച്ചിരുന്നു. ട്രംപിന് വോട്ട് ചെയ്യുന്ന ഇക്കൂട്ടർ പരസ്യമായി ട്രംപ് അനുകൂല നിലപാട് എടുത്തില്ല. അഭിപ്രായ സർവേകളിൽ പത്ത് ശതമാനത്തോളം പിന്നിൽ നിന്ന ട്രംപിന്റെ മുന്നേറ്റത്തെ ഇങ്ങനെ വിശദീകരിക്കാനേ കഴിയൂ. കാടിളക്കിയ പ്രചാരണം ട്രംപിന്റെ തിരഞ്ഞെടുപ്പ് പ്രചാരണവേലകൾ കാടിളക്കിയുള്ള ആവേശത്തിരകളായിരുന്നു. ബൈഡന്റെയും ട്രംപിന്റെയും സമ്മേളനങ്ങളെ താരതമ്യം ചെയ്‌താൽ എണ്ണം കൊണ്ടും സജീവതകൊണ്ടും ട്രംപ് ഏറെ മുന്നിലായിരുന്നു. അതേസമയം ഗ്രാസ് റൂട്ടിൽ വീടുവീടാന്തരം കയറി വോട്ട് ഉറപ്പിക്കുന്നതിലും പുതിയ വോട്ടർമാരെ രജിസ്‌റ്റർ ചെയ്യിക്കുന്നതിലും റിപ്പബ്‌ളിക്കൻ പാർട്ടിയായിരുന്നു മുന്നിലെന്നാണ് സർവേകൾ കാണിക്കുന്നത്. ഊർജസ്വലൻ ട്രംപ് ട്രംപിനെയും ബൈഡനെയും താരതമ്യം ചെയ്‌താൽ അനുയായികളെ ഇളക്കി മറിക്കുന്നതിൽ ട്രംപാണ് മുന്നിൽ . ഊർജസ്വലതയും നേതൃത്വപാടവവും അദ്ദേഹത്തിനു തന്നെ. ഓർമ്മശക്തിയില്ലാത്ത ഉറക്കംതൂങ്ങി എന്നാണ് ട്രംപ് തന്നെ ബൈഡനെ വിശേഷിപ്പിച്ചത്. അമേരിക്കയെ നയിക്കാൻ ശക്തനായ നേതാവ് ട്രംപാണെന്ന് വിശാല വംശീയ-സാംസ്‌കാരിക കൂട്ടായ്‌മ ഉറപ്പിച്ചതിൽ അതിശയമില്ല. ഇന്ത്യക്കാർ ആർക്കൊപ്പം 2016 ലെ തിരഞ്ഞെടുപ്പിൽ ഏകദേശം 80 ശതമാനത്തോളം ഇന്ത്യക്കാർ ഹിലരി ക്ളിന്റണിനാണ് വോട്ട് ചെയ്‌തത്. എന്നാൽ ഇത്തവണ കമലാഹാരിസിന്റെ സ്ഥാനാർത്ഥിത്വം ഉണ്ടായിട്ടുപോലും ഇന്ത്യക്കാരുടെ നല്ലൊരു ശതമാനം വോട്ടുകൾ ഡെമോക്രാറ്റുകൾക്ക് നേടിയെടുക്കാൻ കഴിഞ്ഞിട്ടില്ല. ചുരുക്കത്തിൽ നിലവിലെ സൂചനകൾ ട്രംപ് വൈറ്ര് ഹൗസിൽ തുടരുമെന്നുള്ളതാണ്. എന്നാൽ നേരിയ മുൻതൂക്കമുള്ള സംസ്ഥാനങ്ങൾ ആർക്ക് അനുകൂലമാകുമെന്ന് കൃത്യമായി പറയാൻ പറ്റാത്ത സാഹചര്യവുമുണ്ട്. ഏതാനും ദിവസങ്ങൾ കൂടി കാത്തിരുന്നാൽ മാത്രമേ ഫലം ഉറപ്പിക്കാൻ കഴിയൂ. ഇതിനിടയിൽ ചില്ലറ സംഘർഷങ്ങൾക്കും കോടതി ഇടപെടലുകൾക്കുമൊക്കെ സാദ്ധ്യതയുമുണ്ട്. അമേരിക്കൻ രാഷ്‌ട്രീയത്തെ അനിശ്ചിതത്വത്തിന്റെ മുൾമുനയിൽ നിറുത്തുന്ന തിരഞ്ഞെടുപ്പായി മാറുകയാണ് ഇത്.