trump

വിഷിംഗ്ടൺ : തന്റെ ലീഡ് നിലയിലെ മാറ്റം വിചിത്രമാണെന്നും മുന്നേറിയിരുന്ന സംസ്ഥാനങ്ങളിൽ പിന്നോട്ടായത് അംഗീകരിക്കില്ലെന്നും ഡൊണാൾഡ് ട്രംപ്. കഴിഞ്ഞ രാത്രി, പൂർണമായും നിർണായകമായ പല സംസ്ഥാനങ്ങളിലും, തനിക്കായിരുന്നു ലീഡ്. ലീഡ് നിലമാറിമറിയുന്നത് ഡെമോക്രാറ്റുകളുടെ നിയന്ത്രണത്തിലാണെന്നും ട്രംപ് ട്വിറ്ററിലൂടെ ആരോപിച്ചു.

തപാൽ വോട്ടുകൾക്കെതിരെയും ട്വീറ്റിലൂടെ ട്രംപ് രംഗത്തെത്തി. തപാൽ വോട്ടുകൾ എണ്ണിത്തുടങ്ങിയതോടെയാണ് എല്ലാം മാറിമറിഞ്ഞതെന്നും ട്രംപ് കുറ്റപ്പെടുത്തി. ബൈഡനേക്കാൾ താൻ മുന്നിലായിരുന്ന സംസ്ഥാനങ്ങളിലെല്ലാം അപ്രതീക്ഷിത ബാലറ്റ് ക്രമക്കേട് നടന്നതായി ട്രംപ് പറയുന്നുണ്ടെങ്കിലും തന്റെ ആരോപണങ്ങളെ സാധൂകരിക്കാനുള്ള തെളിവുകളൊന്നും ട്രംപിന്റെ പക്കലില്ല. ഇതുവരെ വോട്ടെണ്ണലിൽ അസാധാരണമായ സംഭവങ്ങൾ ഒന്നും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുമില്ല.

എന്നാൽ, താൻ വിജയത്തിന്റെ പാതയിലാണെന്നും മിഷിഗൺ, വിസ്കോൻസിൻ, പെൻസിൽവേനിയ എന്നീ ബാറ്റിൽഗ്രൗണ്ട് പോരാട്ട സംസ്ഥാനങ്ങളിൽ വിജയിക്കുമെന്നും ഡെമോക്രാറ്റിക് സ്ഥാനാർത്ഥി ജോ ബൈഡൻ പറഞ്ഞു. വോട്ടെണ്ണലിന്റെ അവസാനം വരെ കാത്തിരിക്കണമെന്നും ബൈഡൻ ആവർത്തിച്ചു.

അതേ സമയം, ബാലറ്റ് ക്രമക്കേടുകൾ ആരോപിച്ചു കൊണ്ടുള്ള ട്രംപിന്റെ ഒരു ട്വീറ്റിനെ ' മിസ്‌ലീഡിംഗ് ' എന്ന് ട്വിറ്റർ ലേബൽ ചെയ്തു. തിരഞ്ഞെടുപ്പ് വേളയിൽ തെറ്റിദ്ധാരണ ജനിപ്പിക്കുന്ന ട്രംപിന്റെ ട്വീറ്റുകൾക്കെതിരെ നേരത്തെയും ട്വിറ്റർ ഇത്തരം നടപടി സ്വീകരിച്ചിരുന്നു.