തിരുവനന്തപുരം: യു.ജി.സി സ്കീമിലുള്ള പെൻഷൻകാരുടെ പെൻഷൻ ആനുകൂല്യങ്ങൾ പരിഷ്കരിക്കും. വിരമിച്ച കോളേജദ്ധ്യാപകർക്ക് യു.ജി.സി നിരക്കിൽ പെൻഷൻ ലഭിക്കും. പരിഷ്കരണത്തിന്റെ സാമ്പത്തികാനുകൂല്യം ഈ മാസം മുതൽ നൽകും. സർക്കാർ, എയ്ഡഡ്, ആയുർവേദ മെഡിക്കൽ കോളേജ് അദ്ധ്യാപകർക്ക് ഏഴാം യു.ജി.സി സ്കീമനുസരിച്ച് ശമ്പള പരിഷ്കരണം അനുവദിക്കും. തിരുവനന്തപുരം പാങ്ങപ്പാറയിലെ സി.എച്ച്. മുഹമ്മദ് കോയ സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെന്റലി ചലഞ്ച്ഡിലെ സ്ഥിരം ജീവനക്കാർക്ക് 2016 ജനുവരി ഒന്നിലെ ശമ്പള പരിഷ്കരണ ഉത്തരവ് ബാധകമാക്കും. ഒഡെപെക്കിലെ ജീവനക്കാർക്കും, ഭാരത് ഭവനിൽ പാർട്ട് ടൈം സ്വീപ്പർ ഒഴികെ സർക്കാർ അംഗീകാരമുള്ള തസ്തികകളിലുള്ളവർക്കും പത്താം ശമ്പള പരിഷ്കരണ ആനുകൂല്യം അനുവദിക്കും. കേരള മിനറൽസ് ആൻഡ് മെറ്റൽസ് ലിമിറ്റഡിലെ (കെ.എം.എം.എൽ) ഓഫീസർമാരുടെ ശമ്പളപരിഷ്കരണത്തിന് അംഗീകാരം നൽകി.