വാഷിംഗ്ടൺ: അമേരിക്കൻ പ്രസിഡൻഷ്യൽ തിരഞ്ഞെടുപ്പ് ഫലം അവസാനഘട്ടത്തിലേക്ക് അടുക്കുമ്പോൾ പെൻസിൽവാനിയയിൽ ഡെമോക്രാറ്റിക്ക് സ്ഥാനാർത്ഥി ജോ ബെെഡനെ മറികടന്ന് റിപ്പബ്ലിക്കൻ പാർട്ടി സ്ഥാനാർത്ഥി ഡൊണാൾഡ് ട്രംപ് മുന്നേറുകയാണ്. ഇവിടെ 53.5 ശതമാനം വോട്ടാണ് ഇതുവരെ ട്രംപ് നേടിയിരിക്കുന്നത്. എന്നാൽ 45.5ശതമാനം വോട്ടുമാത്രമാണ് ബെെഡന് നേടാനായത്.
മിഷിഗണിൽ ലീഡ് നിലനിറുത്തിയിരുന്ന ഡൊണാൾഡ് ട്രംപിനെ പിന്നിലാക്കി ബെെഡൻ അപ്രതീക്ഷിത മുന്നേറ്റം നടി. ഇതിന് പിന്നാലെ ലീഡ് നിലമാറി മറിഞ്ഞതിനെതിരെ ആരോപണവുമായി ട്രംപ് രംഗത്തെത്തിയിരുന്നു. തന്റെ ലീഡ് നിലയിൽ മാറ്റം വന്ന സംഭവം വിചിത്രമാണെന്നും മുന്നേറിയിരുന്ന സംസ്ഥാനങ്ങളിൽ പിന്നോട്ട് പോയത് അംഗീകരിക്കില്ലെന്നും ട്രംപ് പറഞ്ഞു.
"കഴിഞ്ഞ രാത്രിയിൽ ഞാൻ ലീഡ് ചെയ്യുകയായിരുന്നു. ഡെമോക്രറ്റിക്ക് പാർട്ടിയുടെ നിയന്ത്രണത്തിലുള്ള സംസ്ഥാനങ്ങളിൽ പോലും. എന്നാൽ പോസ്റ്റൽ വോട്ടുകൾ എണ്ണിയപ്പോൾ ലീഡ് മാന്ത്രികപരമായി അപ്രത്യക്ഷമാകാൻ തുടങ്ങി. ഇത് വിചിത്രമാണ്. ചരിത്രപരമായി തെറ്റാണ് അംഗീകരിക്കാനാകില്ല." ഡൊണാൾഡ് ട്രംപ് ടീറ്റ് ചെയ്തു.
64 ശതമാനം വോട്ടെണ്ണൽ പൂർത്തിയാകുമ്പോൾ ട്രംപിന് 54.5 ശതമാനം വോട്ടുകളും ബെെഡന് 44.4 ശതമാനം വോട്ടുകളുമാണ് ലഭിച്ചിട്ടുള്ളത്. ഫ്ലോറിഡ, ടെക്സസ്, ഒഹായോ, അയോവ, കെന്റക്കി, ലൂസിയാന, മിസിസിപ്പി, ടെന്നസി എന്നിവിടങ്ങളിൽ ട്രംപ് വിജയിച്ചു. വിസ്കോൺസിൽ, നെവാഡ, മിഷിഗൺ എന്നിവിടങ്ങളിൽ ബെെഡൻ ലീഡ് നിലനിറുത്തുന്നുണ്ട്. മിഷിഗണിലെ ട്രംപിന്റെ ലീഡ് മറികടന്നാണ് ബെെഡന്റെ മുന്നേറ്റം.അതേസമയം എല്ലാവരുടെയും വോട്ടുകൾ എണ്ണുന്നത് വരെ പാർട്ടി വിശ്രമിക്കില്ലെന്ന് ഡെമോക്രാറ്റിക് പ്രസിഡൻഷ്യൽ നോമിനി ജോ ബൈഡൻ ട്വിറ്ററിൽ പറഞ്ഞു.