വാഷിംഗ്ടൺ: അമേരിക്കയിലെ തിരഞ്ഞെടുപ്പ് ഫല പ്രഖ്യാപനം അനിശ്ചിതത്വത്തിലായതോടെ ആരാകും അടുത്ത പ്രസിഡന്റ് എന്നതിൽ വ്യക്തത വന്നിട്ടില്ല.എന്നാൽ ഇതേ ചോദ്യം എല്ലാം അറിയാവുന്ന ഗൂഗിളിനോട് ചോദിച്ചലോ ഉത്തരം കിട്ടും.പക്ഷേ ഗൂഗിൾ നൽകുന്ന മറുപടി ശരിക്കും ഞെട്ടിക്കും.
"നെക്സ്റ്റ് അമേരിക്കൻ പ്രസിഡന്റ്" എന്ന് ഗൂഗിൾ ചിത്രങ്ങൾ തിരഞ്ഞാൽ ഡെമോക്രാറ്റിക്ക് സ്ഥാനാർത്ഥി ജോ ബെെഡനെയോ റിപ്പബ്ലിക്കൻ സ്ഥാനാർത്ഥി ഡൊണാൾഡ് ട്രംപിനെയോ നിങ്ങൾക്ക് കാണാനാകില്ല. പകരം കാണാനാകുക വ്യത്യസ്ഥ നിറത്തിലുള്ള പേപ്പർ കഷണങ്ങൾ, പുഷ്പഹാരങ്ങൾ , മുൻ പ്രസിഡൻഷ്യൽ സ്ഥാനാർത്ഥികൾ എന്നിവരെയാണ്. സേർച്ച് റിസൾട്ടുകളിൽ ബെെഡന്റെയോ ട്രംപിന്റെയോ പൊടിപോലുമില്ല.
സംഭവം ഗൂഗിളിന് തെറ്റ് പറ്റിയതല്ല. ലോസ് ഏഞ്ചൽസുകാരനായ ആർട്ടിസ്റ്റ് ഗ്രെച്ചൻ ആൻഡ്രൂവിന്റെ സൃഷ്ടിയാണിത്. "നെക്സ്റ്റ് അമേരിക്കൻ പ്രസിഡന്റ്" എന്ന് ആരെങ്കിലും ഗൂഗിളിൽ തിരയുമ്പോഴെല്ലാം ആദ്യം തന്റെ കലാസൃഷ്‌ടി കാണിക്കുന്നതിനായാണ് ഗ്രെച്ചൻ ഇന്റർനെറ്റിനെ കബളിപ്പിച്ചത്. സർച്ച് എഞ്ചിൻ ഒപ്റ്റിമൈസേഷനിലൂടെയാണ് ഇത് സാദ്ധ്യമാക്കിയിരിക്കുന്നത്. നിരവധി സൈറ്റുകളിൽ വെബ് പേജുകളുടെ ഒരു ശൃംഖല സൃഷ്ടിച്ചാണ് ഗ്രെച്ചൻ ഈ നേട്ടം കൈവരിച്ചത്.
"ഇതിലൂടെ ആളുകളെ ആശയക്കുഴപ്പത്തിലാക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല, മെഷീനുകളെ ആശയക്കുഴപ്പത്തിലാക്കാൻ ഞാൻ ആഗ്രഹിക്കുന്നു. ആളുകൾ ഗൂഗിളിനെ നോക്കി ചിരിക്കണമെന്ന് ഞാൻ ആഗ്രഹിക്കുന്നു." ഗ്രെച്ചൻ പറഞ്ഞു.