joe-biden

വാഷിംഗ്‌ടൺ: പ്രസിഡന്റ് തിരഞ്ഞെടുപ്പിനൊപ്പം കടുത്ത പോരാട്ടം നടക്കുന്ന അമേരിക്കൻ സെനറ്റിലും ഇരുപാർട്ടികളും ഒപ്പത്തിനൊപ്പം. 100 സീറ്റുകളുളള സെനറ്റിൽ ഭൂരിപക്ഷത്തിന് 51 സീറ്റാണ് വേണ്ടത്. സ്വിംഗ് സീറ്റുകളിൽ ഏഴിടത്ത് കൂടി ഇനിയും ഫലം വരാനുണ്ട്. ഡെമോക്രാറ്റിക്കുകൾ 45 സീറ്റിലും റിപബ്ലിക്കൻ പാർട്ടി 48 സീറ്റിലും ലീഡ് ചെയ്യുകയാണ്. ജനപ്രതിനിധി സഭയിൽ ഡെമോക്രാറ്റുകൾക്കാണ് മുൻതൂക്കം.

ഫലം വന്ന സ്വിംഗ് സീറ്റുകളിൽ സൗത്ത് കരോലിന, അലബാമ, അയോവ എന്നിവ റിപ്ലബ്ലിക്കൻ പാർട്ടി സ്വന്തമാക്കി. സൗത്ത് കരോലിനയിൽ നിന്ന് ലിൻഡ്സെ ഗ്രഹാം നാലാം തവണയും തിരഞ്ഞെടുക്കപ്പെട്ടു. ട്രംപ് വിരുദ്ധനായ അദ്ദേഹത്തിന്‍ റിപ്പബ്ലിക്കൻ പാർട്ടിയുടെ പിന്തുണ വേണ്ടത്ര കിട്ടില്ല എന്നായിരുന്നു നേരത്തെ വിലയിരുത്തപ്പെട്ടത്. അലബാമ ഡെമോക്രാറ്റുകൾക്ക് നഷ്ടമായി. റിപ്പബ്ലിക് സ്ഥാനാർത്ഥിയും മുൻ ഫുട്ബോൾ കോച്ചുമായ ടോമി ട്യൂബ്‌വിലാണ് അലബാമയിൽ നിന്ന് ജയിച്ചത്.

അരിസോണയിലാണ് ഡെമോക്രാറ്റുകൾ നേടിയ ശ്രദ്ധേയമായ ജയങ്ങളിലൊന്ന്. റിപ്പബ്ലിക്കൻ സെനറ്ററും മുൻ മിലിട്ടറി പൈലറ്റുമായ മക് സാലിയിൽ നിന്ന് സീറ്റ് പിടിച്ചത് ഡെമോക്രാറ്റ് സ്ഥാനാർത്ഥിയായ മാർക്ക് കെല്ലിയാണ്. ആദ്യമായി രണ്ട് സ്വവർഗാനുരാഗികളായ അംഗങ്ങൾ കൂടി ഇത്തവണ സെനറ്റിലുണ്ടാകും.

പ്രസിഡന്റിന്റെ നയരൂപീകരണത്തിൽ നിർണായകമായ പങ്ക് വഹിക്കുന്ന സെനറ്റിലെ ഭൂരിപക്ഷം വിജയിക്കുന്ന പ്രസിഡന്റ് സ്ഥാനാർത്ഥിയെ സംബന്ധിച്ച് വളരെ നിർണായകമാണ്. ജനപ്രതിനിധി സഭയിൽ ഡെമോക്രാറ്റുകൾക്കാണ് മുൻതൂക്കം. ഡെമോക്രാറ്റ് നേതാക്കളായ നാൻസി പെലോസി, ആദം ഷിഫ്, ആദം സ്‌മിത്ത്, പ്രമീള ജയപാൽ, രാജ കൃഷ്‌ണമൂർത്തി, ഇൽഹാൻ ഒമർ, റാഷിദ താലിബ് എന്നിവർ ജനപ്രതിനിധി സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു.